വിദ്വേഷപ്രസംഗം: ശോഭയ്ക്കും തേജസ്വിക്കും എതിരെയുള്ള കേസുകൾക്ക് സ്റ്റേ
Mail This Article
ബെംഗളൂരു ∙ കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്തലാജെ, ബിജെപി എംപിമാരായ തേജസ്വി സൂര്യ, പി.സി.മോഹൻ എന്നിവർക്കെതിരെയുള്ള വിദ്വേഷ പ്രസംഗ കേസുകൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. തിരഞ്ഞെടുപ്പു കമ്മിഷൻ ഇടപെട്ടതിനെ തുടർന്നു പൊലീസ് കേസെടുത്തതു ചോദ്യം ചെയ്തുള്ള ഹർജികളിലാണ് ജസ്റ്റിസ് കൃഷ്ണ എസ്.ദീക്ഷിത്തിന്റെ നടപടി.
തമിഴ്നാട്ടിൽ നിന്ന് ബോംബുണ്ടാക്കാൻ പരിശീലനം നേടിയവർ ബെംഗളൂരുവിൽ വന്നു സ്ഫോടനം നടത്തുന്നുവെന്ന് പ്രസംഗിച്ചതിനാണു ശോഭയ്‌ക്കെതിരെ പൊലീസ് തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ലംഘന കേസെടുത്തത്. ഡിഎംകെ തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്. കേരളത്തിൽ നിന്നുള്ള യുവാക്കൾ കർണാടകയിലെത്തി ആസിഡ് ആക്രമണം നടത്തുന്നുവന്നും ശോഭ ആരോപിച്ചു.
ബെംഗളൂരുവിൽ മസ്ജിദിനു മുന്നിലുള്ള കടയിൽ ഹിന്ദു ഭക്തിഗാനം കേൾപ്പിച്ചതിനെ തുടർന്നു കടയുടമയെ ആക്രമിച്ച സംഭവം സംഘർഷത്തിലെത്തിയിരുന്നു. തുടർന്നുള്ള പ്രതിഷേധയോഗത്തിലായിരുന്നു വിദ്വേഷ പ്രസംഗം. ഈ യോഗത്തിനും വിദ്വേഷ പ്രസംഗത്തിയതിനും എതിരായ പരാതിയിലാണ് യുവമോർച്ച ദേശീയ അധ്യക്ഷൻ കൂടിയായ തേജസ്വിക്കും പി.സി.മോഹനുമെതിരെ കേസെടുത്തത്.