ADVERTISEMENT

ഹൈദരാബാദ്∙ ദേശീയ മോഹങ്ങളോടെ ഭാരതീയ രാഷ്ട്ര സമിതി (ബിആർഎസ്) എന്നു പേരുമാറ്റം നടത്തിയ കെ. ചന്ദ്രശേഖരറാവുവിന്റെ പാർട്ടി വീണ്ടും തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) ആകാൻ ഒരുങ്ങുന്നു. പേരിന്റെ ‘അപ്പീൽ’ നഷ്ടമായെന്ന തോന്നൽ കാരണം പഴയ പേര് തിരിച്ചുപിടിക്കാനുള്ള നിയമവഴികൾ തേടുകയാണ് പാർട്ടി. നവംബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽവിയാണ് പുനർചിന്തയ്ക്ക് പ്രേരിപ്പിക്കുന്നത്.

119 സീറ്റിൽ 39 എണ്ണം മാത്രമാണ് പാർട്ടിക്ക് ലഭിച്ചത്. ഇതോടെ ബിജെപിയിലേക്കും കോൺഗ്രസിലേക്കും നേതാക്കൾ ഒഴുകാൻ തുടങ്ങി. എൻഡിഎയിലോ ഇന്ത്യാസഖ്യത്തിലോ ചേരാതെ നിലനിൽപില്ലെന്ന അവസ്ഥയിലാണ് പാർട്ടി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 17 സീറ്റിൽ 9 എണ്ണം പാർട്ടി നേടിയിരുന്നു. ഇത്തവണ ആ വിജയം ആവർത്തിക്കാനുള്ള ആത്മവിശ്വാസം പാർട്ടിക്കില്ല.

തെലങ്കാന സംസ്ഥാനം യാഥാർഥ്യമാക്കിയതിന്റെ പേരിലാണ് പാർട്ടി അടിത്തറ സൃഷ്ടിച്ചത്. ബിആർഎസ് എന്നു പേരുമാറ്റിയതോടെ പാർട്ടിയുടെ ആത്മാവ് ചോർന്നുപോയതായാണു കണ്ടെത്തൽ. ‘തെലങ്കാന എന്നതാണ് ഞങ്ങളുടെ വ്യക്തിത്വം. അതെന്തിന് ഉപേക്ഷിക്കണം?’ പാർട്ടി നേതാവായ ബി.വിനോദ് കുമാർ ചോദിക്കുന്നു. കെ. ചന്ദ്രശേഖരറാവുവിനും ഇതേ അഭിപ്രായമാണെന്നാണ് വിവരം. ദേശീയ രാഷ്ട്രീയത്തിൽ വളരുക എന്ന ലക്ഷ്യത്തോടെ 2022ൽ ആണ് പേരി‍ൽ നിന്ന് തെലങ്കാന മാറ്റി ഭാരത് എന്നു ചേർത്തത്. പേരുമാറ്റം തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകരിക്കുകയും ചെയ്തു.

പാർട്ടി അണികൾ തന്നെ തെലങ്കാന എന്ന വാക്ക് ഉപേക്ഷിച്ചത് എന്തുകൊണ്ട് എന്നു ചോദിക്കുന്നുവെന്നാണു നേതൃത്വം പറയുന്നത്. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് പേരുമാറ്റം സാധ്യമായേക്കില്ല. നിയമപരമായി പ്രശ്നങ്ങളുണ്ടെങ്കിൽ സംസ്ഥാനത്ത് ടിആർഎസ് എന്നും മറ്റിടങ്ങളിൽ ബിആർഎസും എന്ന് പേരുപയോഗിക്കാനാവുമോ എന്നും പാർട്ടി പരിശോധിക്കും. 

English Summary:

BRS will again become TRS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com