മുൻ വ്യോമസേനാ മേധാവി ഭദൗരിയ ബിജെപിയിൽ; വി.കെ.സിങ്ങിനുശേഷം ബിജെപിയിലെത്തുന്ന മുൻ സൈനികത്തലവൻ
Mail This Article
ന്യൂഡൽഹി ∙ വ്യോമസേന മുൻ മേധാവി എയർ ചീഫ് മാർഷൽ (റിട്ട) ആർ.കെ.എസ്. ഭദൗരിയ ബിജെപിയിൽ ചേർന്നു. യുപി സ്വദേശിയാണ്. 2019 സെപ്റ്റംബർ മുതൽ 2021 സെപ്റ്റംബർ വരെ വ്യോമസേനാ തലവനായിരുന്നു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, ബിജെപി ജനറൽ സെക്രട്ടറി വിനോദ് താവ്‍ഡെ എന്നിവരുടെ സാന്നിധ്യത്തിലാണ് അംഗത്വം സ്വീകരിച്ചത്. മുൻ കരസേനാമേധാവി വി.കെ.സിങ്ങിനുശേഷം ബിജെപിയിലെത്തുന്ന മുൻ സൈനികത്തലവനാണു ഭദൗരിയ. ആന്ധ്രയിലെ തിരുപ്പതിയിൽനിന്നുള്ള വൈഎസ്ആർ കോൺഗ്രസ് നേതാവ് വരപ്രസാദ് റാവുവും ബിജെപിയിൽ ചേർന്നു. മുൻ ഐഎഎസ് ഓഫിസർ ആണ്.
അതേസമയം, കേന്ദ്രമന്ത്രിയും ഗാസിയാബാദ് എംപിയുമായ വി.കെ.സിങ്, കാൻപുർ ബിജെപി എംപി സത്യദേ പച്ചൗരി എന്നിവർ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നു പ്രഖ്യാപിച്ചു. സീറ്റ് ലഭിക്കില്ലെന്ന് ഏറെക്കുറേ ഉറപ്പായതോടെയാണ് ഇവരുടെ പ്രഖ്യാപനമെന്നാണു സൂചന.
യുപിയിലെ ഗാസിയാബാദിൽ നിന്ന് തുടർച്ചയായി രണ്ടുതവണ ജയിച്ചതാണു സിങ്. കോൺഗ്രസിന്റെ രാജ് ബബ്ബറിനെ തോൽപ്പിച്ചാണ് മുൻ കരസേന മേധാവിയായ വി.കെ സിങ് 2014ൽ എംപിയായത്. 2019ൽ വിജയം ആവർത്തിച്ചു. നിലവിൽ കേന്ദ്ര ഗതാഗത,വ്യോമയാന സഹയമന്ത്രിയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് ബിജെപിയുടെ മുതിർന്ന നേതാവും മുൻ കേന്ദ്ര ആരോഗ്യമന്ത്രിയുമായ ഡോ.ഹർഷ് വർധൻ സജീവ രാഷ്ട്രീയം വിട്ടിരുന്നു. ബിജെപി എംപിമാരായ ഗൗതം ഗംഭീറും ജയന്ത് സിൻഹയും സജീവരാഷ്ട്രീയം വിടുന്നതായി പ്രഖ്യാപിച്ചിരുന്നു.
ബിജെപിയിലേക്ക് കൂറുമാറിയ എസ്പി അംഗങ്ങൾക്ക്പ്രത്യേക സുരക്ഷ
ലക്നൗ∙ഉത്തർപ്രദേശിൽ രാജ്യസഭയിലേക്ക് ഫെബ്രുവരി 27ന് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ടു ചെയ്ത 4 സമാജ്വാദി പാർട്ടി എംഎൽഎമാർക്ക് വൈ കാറ്റഗറി സുരക്ഷ നൽകി. അഭയ് സിങ്, മനോജ് കുമാർ പാണ്ഡെ, രാകേഷ് പ്രതാപ് സിങ്, വിനോദ് ചതുർവേദി എന്നിവർക്കാണു സുരക്ഷ നൽകിയത്. ഇവർക്ക് 8 സിആർപിഎഫ് ഭടന്മാരുടെ സംരക്ഷണം ലഭിക്കും. ഇവർക്കു പുറമേ പൂജാ പാൽ, രാകേഷ് പാണ്ഡെ, അശുതോഷ് മൗര്യ എന്നിവരും കൂറുമാറി വോട്ടുചെയ്തിരുന്നു. കൂറുമാറി വോട്ടുചെയ്തതോടെ എസ്പി സ്ഥാനാർഥി അലോക് രഞ്ജൻ തോൽക്കുകയും ബിജെപി സ്ഥാനാർഥി സഞ്ജയ് സേഥ് വിജയിക്കുകയും ചെയ്തു. രാകേഷ് പാണ്ഡെയുടെ പിതാവും എംപിയുമായ റിതേഷ് പാണ്ഡെയും ബിഎസ്പി വിട്ട് ബിജെപിയിൽ ചേർന്നിരുന്നു.