അറസ്റ്റിന് മറുപടി ഐക്യം; ഇന്ത്യാസഖ്യം കേജ്‍രിവാളിന്റെ അറസ്റ്റോടെ ഒറ്റക്കെട്ട്
Mail This Article
ന്യൂഡൽഹി∙ പ്രതിപക്ഷ നിരയ്ക്കു കൂടുതൽ വീര്യം പകരാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ അറസ്റ്റ് വഴിയൊരുക്കിയതായി ഇന്ത്യാസഖ്യത്തിന്റെ വിലയിരുത്തൽ. 31ന് ഡൽഹി രാംലീല മൈതാനത്ത് നടക്കുന്ന മഹാറാലി പ്രതിപക്ഷ പാർട്ടികളുടെ ശക്തിപ്രകടനവേദി കൂടിയായി മാറ്റാനുള്ള ഒരുക്കങ്ങളാണു നടക്കുന്നത്. ഇന്ത്യാസഖ്യവുമായി ഇടഞ്ഞ തൃണമൂൽ കോൺഗ്രസും 31ന് നടക്കുന്ന പ്രക്ഷോഭത്തിൽ പങ്കെടുക്കും. അറസ്റ്റിനെതിരെ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച സഖ്യനേതാക്കൾക്കൊപ്പം തൃണമൂലും ചേർന്നിരുന്നു.
ദേശീയ തലത്തിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിൽ കൈകൊടുത്തെങ്കിലും ഡൽഹിയിൽ താഴെത്തട്ടിൽ ഇരുപാർട്ടികളിലെയും പ്രവർത്തകർ തമ്മിലുള്ള ബന്ധം അത്ര ഊഷ്മളമായിരുന്നില്ല. 2013ൽ ഡൽഹിയിൽ പാർട്ടി തൂത്തെറിയപ്പെടാൻ കാരണമായത് ആം ആദ്മി പാർട്ടിയാണെന്നു കരുതുന്നവരാണ് ഡൽഹി കോൺഗ്രസ് ഘടകത്തിലെ വലിയൊരു പങ്കും.
എന്നാൽ കേജ്‍രിവാളിന്റെ അറസ്റ്റ് കാര്യങ്ങൾ മാറ്റിമറിച്ചു. ബിജെപിയെന്ന വലിയ ശത്രുവിന്റെ പ്രതികാര രാഷ്ട്രീയത്തെ കീഴ്‌പ്പെടുത്താൻ ഒന്നിച്ചേ മതിയാകൂ എന്ന തോന്നൽ ഇരുപാർട്ടികളിലും ശക്തമായിട്ടുണ്ട്. അതിനാൽ പ്രാദേശികമായ അഭിപ്രായവ്യത്യാസം മാറ്റിവച്ച് സംസ്ഥാന കോൺഗ്രസ് ആം ആദ്മിക്കൊപ്പം ഉറച്ചുനിൽക്കുമെന്നാണ് ഹൈക്കമാൻഡ് കരുതുന്നത്.
ഇപ്പോഴത്തെ നടപടികൾ ആം ആദ്മി പാർട്ടിയുടെയോ കോൺഗ്രസിന്റെയോ മാത്രം പ്രശ്നമല്ലെന്നും, ഇതു ജനാധിപത്യത്തിന്റെ നിലനിൽപ്പിനെ ബാധിക്കുന്നതാണെന്നും ഡൽഹി കോൺഗ്രസ് അധ്യക്ഷൻ അർവിന്ദർ സിങ് ലൗവ്‍ലിയുടെ വാക്കുകളിൽ എല്ലാമുണ്ട്. കേജ്‍രിവാൾ അറസ്റ്റിലായശേഷം അദ്ദേഹത്തിന്റെ വസതിയിൽ ആദ്യമെത്തിയ നേതാക്കളിലൊരാൾ കോൺഗ്രസ് നേതാവും ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകനുമായ സന്ദീപ് ദീക്ഷിതായിരുന്നു.
താഴെത്തട്ടിൽ ഇത്തവണ കൃത്യമായ വോട്ട് കൈമാറ്റം നടക്കുമെന്നാണ് ഇരുപാർട്ടികളുടെയും കണക്കുകൂട്ടൽ. ഡൽഹിയിൽ 4 സീറ്റുകളിൽ ആം ആദ്മി പാർട്ടിയും 3 സീറ്റിൽ കോൺഗ്രസുമാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ ഭിന്നിച്ചുപോയ പ്രതിപക്ഷ വോട്ടുകൾ ഇത്തവണ ഒരുമിക്കുമെന്നാണു പ്രതീക്ഷ. കഴിഞ്ഞ തവണ 7 സീറ്റും ബിജെപിയാണു നേടിയത്.
ഇരുപാർട്ടികളും തമ്മിലുള്ള ഐക്യത്തിൽ വിള്ളലുണ്ടാക്കാൻ ബിജെപിയും കാര്യമായ ശ്രമം നടത്തുന്നുണ്ട്. മദ്യനയ അഴിമതിക്കേസിലെ പരാതിക്കാർ കോൺഗ്രസ് ആയിരുന്നുവെന്ന് ഇടയ്ക്കിടെ ആം ആദ്മി പാർട്ടിയെ ബിജെപി ഓർമിപ്പിക്കുന്നുണ്ട്.