അഞ്ചാം പട്ടികയുമായി ബിജെപി: മറ്റ് പാർട്ടികളിൽ നിന്നെത്തിയവർക്ക് സീറ്റ്; മേനക, കങ്കണ മത്സരിക്കും, വരുൺ പുറത്ത്
Mail This Article
ന്യൂഡൽഹി∙ മേനക ഗാന്ധിക്ക് യുപിയിലെ സുൽത്താൻപുരിൽ വീണ്ടും സീറ്റ് നൽകിയ ബിജെപി മകൻ വരുൺ ഗാന്ധിക്ക് പിലിബിത്തിൽ ടിക്കറ്റ് നിഷേധിച്ചു.
പിലിബിത്തിൽനിന്ന് 2009 മുതൽ എംപിയാണ് വരുൺ ഗാന്ധി. പിലിബിത്തിൽ ഉത്തർ പ്രദേശ് മന്ത്രിസഭാംഗം ജിതിൻ പ്രസാദ മത്സരിക്കും. ഇദ്ദേഹം 2021ൽ ആണ് കോൺഗ്രസിൽനിന്ന് ബിജെപിയിൽ എത്തിയത്. പട്ടിക പുറത്തുവരുന്നതിനു തൊട്ടുമുൻപ് കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ മുൻ എംപിയും വ്യവസായിയുമായ നവീൻ ജിൻഡലിനെ ഹരിയാനയിലെ കുരുക്ഷേത്രയിൽ സ്ഥാനാർഥിയാക്കി. 2 തവണ ഇവിടെ നിന്നുള്ള കോൺഗ്രസ് എംപിയായിരുന്നു. നടി കങ്കണ റനൗട്ട് ഹിമാചലിലെ മണ്ഡിയിൽ മത്സരിക്കും.
കൽക്കട്ട ഹൈക്കോടതിയിൽ നിന്ന് ഈ മാസം ആദ്യം രാജിവച്ച മുൻ ജഡ്ജി അഭിജിത് ഗംഗോപാധ്യായയാണ് ബംഗാളിലെ തംലുക് മണ്ഡലത്തിലെ സ്ഥാനാർഥി. രാമായണം ടിവി പരമ്പരയിൽ ശ്രീരാമന്റെ വേഷം കൈകാര്യം ചെയ്ത അരുൺ ഗോവിൽ യുപിയിലെ മീററ്റിൽ മത്സരിക്കും. പുതിയ 111 സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ചതോടെ ബിജെപിക്ക് മൊത്തം 402 സ്ഥാനാർഥികളായി.
പട്ടികയിൽ നിന്ന്
∙ ഇന്നലെ വൈകിട്ട് വൈഎസ്ആർ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ വരപ്രസാദ് റാവു തിരുപ്പതിയിൽ മത്സരിക്കും. തിരുപ്പതി എംപിയായിരുന്ന റാവു മുൻ ഐഎഎസ് ഓഫിസറാണ്.
∙ കഴിഞ്ഞ ഏപ്രിലിൽ കോൺഗ്രസിൽനിന്ന് ബിജെപിയിൽ ചേർന്ന മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി രാജാപ്പെട്ടിൽ മത്സരിക്കും.
∙ കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറിന് ബെളഗാവി സീറ്റ്. ബിജെപിയിൽനിന്ന് കോൺഗ്രസിലേക്കു പോയ ഷെട്ടർ ജനുവരിയിലാണ് മടങ്ങിയെത്തിയത്.
∙ ജാർഖണ്ഡ് മുക്തി മോർച്ചയിൽ നിന്ന് കഴിഞ്ഞ ആഴ്ച എത്തിയ സീത സോറൻ ഡുംകയിൽ മത്സരിക്കും. മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സഹോദര ഭാര്യയാണ്.
∙ സീറ്റ് ലഭിച്ച കേന്ദ്ര മന്ത്രിമാർ: ധർമേന്ദ്ര പ്രധാൻ (സാംബൽപുർ, ഒഡീഷ), ആർ.കെ.സിങ് (ആര, ബിഹാർ), ഗിരിരാജ് സിങ് (ബേഗുസരായി, ബിഹാർ), നിത്യാനന്ദ് റായ് (ഉജിയർപുർ, ബിഹാർ)
∙ സീറ്റ് ലഭിച്ച മുൻ കേന്ദ്ര മന്ത്രിമാർ: രവി ശങ്കർ പ്രസാദ് (പട്ന സാഹിബ്, ബിഹാർ), രാജീവ് പ്രതാപ് റൂഡി (സരൺ, ബിഹാർ), മനേക ഗാന്ധി (സുൽത്തൻപുർ, യുപി), ഡി.പുരന്ദരേശ്വരി (രാജമുണ്ഡ്രി, ആന്ധ്ര), ജുവൽ ഒറാം (സുന്ദർഗർ, ഒഡീഷ), പ്രതാപ് ചന്ദ്ര സാരംഗി (ബാലസോർ, ഒഡീഷ), രാധാ മോഹൻ സിങ് (പൂർവി ചമ്പാരൻ, ബിഹാർ)
∙ കേന്ദ്രമന്ത്രി വി.കെ സിങ് തുടർച്ചയായി 2 തവണ വിജയിച്ച യുപിയെ ഗാസിയാബാദിൽ ഇത്തവണ അതുൽ ഗാർഗ് സ്ഥാനാർഥി.
∙കാൻപുരിൽ സത്യദേ പച്ചൗരിക്ക് പകരം രമേശ് അവസ്തിയാണ് സ്ഥാനാർഥി.
∙ 2019ൽ ബിജു ജനതാദൾ (ബിജെഡി) വിട്ട് ബിജെപിയിലെത്തിയ ബൈജയന്ത് ‘ജയ്’ പാണ്ഡ ഒഡീഷയിലെ കേന്ദ്രപ്പാറയിൽ മത്സരിക്കും.
∙ബിജെപി വക്താവ് സംബിത് പത്ര പുരിയിൽ മത്സരിക്കും.
∙ തൃണമൂൽ കോൺഗ്രസിൽ നിന്ന് തിരികെ കഴിഞ്ഞ ആഴ്ച ബിജെപിയിലെത്തിയ അർജുൻ സിങ് ബംഗാളിലെ ബാരക്പുരിൽ സ്ഥാനാർഥി.
∙ മുൻ ഉപപ്രധാനമന്ത്രി ദേവിലാലിന്റെ മകൻ രഞ്‌ജിത് ചൗട്ടാല ഹരിയാനയിലെ ഹിസാറിൽ മത്സരിക്കും. രഞ്ജിത് ചൗട്ടാല ഇന്നലെയാണ് ബിജെപിയിൽ ചേർന്നത്.
∙ ഒഴിവാക്കപ്പെട്ട മറ്റ് പ്രമുഖര്‍: കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൗബേ, രാജേന്ദ്ര അഗര്‍വാള്‍ (മീററ്റ് എംപി), സന്തോഷ് ഗാംഗ്വര്‍ (ബറേലി എംപിയും മുന്‍ കേന്ദ്രമന്ത്രിയും).
കർണാടകയിൽ ദൾ 3 സീറ്റിൽ
ബെംഗളൂരു∙ കർണാടകയിലെ കോലാർ ലോക്സഭാ സീറ്റിൽ ജനതാദൾ (എസ്) മത്സരിക്കുമെന്ന് ഉറപ്പായി. എൻഡിഎ സഖ്യത്തിൽ മത്സരിക്കുന്ന പാർട്ടിക്ക് മണ്ഡ്യ, ഹാസൻ സീറ്റുകൾ ബിജെപി നേരത്തേ അനുവദിച്ചിരുന്നു. മൂന്നു സീറ്റുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. ബെംഗളൂരു റൂറൽ സീറ്റിൽ ദൾ ദേശീയ അധ്യക്ഷൻ ദേവെഗൗഡയുടെ മരുമകനും ഹൃദ്രോഗ വിദഗ്ധനുമായ ഡോ.സി.എൻ.മഞ്ജുനാഥ് ബിജെപി സ്ഥാനാർഥിയാണ്. പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ.ശിവകുമാറിന്റെ സഹോദരനും കോൺഗ്രസിന്റെ ഏക സിറ്റിങ് എംപിയുമായ ഡി.കെ.സുരേഷാണ് ഇവിടെ എതിർ സ്ഥാനാർഥി.