ബംഗാൾ ബഹാരംപുർ: ഇളക്കിമറിച്ച് യൂസുഫ് പഠാൻ, അധീരനാവാതെ അധീർ
Mail This Article
‘സൗരവ് ഗാംഗുലിയെ എങ്ങനെ നിങ്ങൾ കാണുന്നുവോ അതുപോലെ വേണം യൂസുഫ് പഠാനെയും കാണാൻ. യൂസുഫ് പഠാൻ ഇത്തവണ ബഹാരംപൂർ പിടിച്ചെടുക്കും’– ബഹാരംപുരിലെ ന്യൂജെൻ ഹാങ്ഔട്ടായ കെറ്റ് ലി ടീറ്റേറിയയിൽ രാത്രി എട്ടിന് തിങ്ങി നിറഞ്ഞ ചെറുപ്പക്കാരോടുള്ള തൃണമൂൽ നേതാവിന്റെ വാക്കുകളാണിത്. ബംഗാളിന്റെ വികാരമാണ് ‘ദാദാ’ എന്നു വിളിപ്പേരുള്ള മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ സൗരവ് ഗാംഗുലി. സൗരവിനോടുള്ള അതേ സ്നേഹം യൂസുഫ് പഠാനും നൽകണമെന്നാണു തൃണമൂൽ ആവശ്യപ്പെടുന്നത്. മുർഷിദാബാദ് ജില്ലയിലെ ബഹാരംപുർ മണ്ഡലത്തെ ഇളക്കിമറിച്ചാണു തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി യൂസുഫ് പഠാന്റെ പര്യടനം.
ലോക്സഭയിലെ കോൺഗ്രസ് സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയെ ബഹാരംപൂരിൽ തോൽപിക്കാൻ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഗുജറാത്തിൽനിന്ന് ഇറക്കിയ തുറുപ്പുചീട്ടാണ് ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ അംഗമായ യൂസുഫ് പഠാൻ. തൃണമൂലിന്റെ ശാഠ്യങ്ങൾക്കെതിരെ നിലപാടെടുത്തു ബംഗാളിൽ ഇന്ത്യാമുന്നണി ധാരണ ഇല്ലാതാക്കിയ അധീർ രഞ്ജനെ എന്തുവില കൊടുത്തും തോൽപിക്കുമെന്നാണു മമതയുടെ പ്രഖ്യാപനം.
ബഹാരംപുർ ഒരേ സമയം കോൺഗ്രസിന്റെയും തൃണമൂൽ കോൺഗ്രസിന്റെയും കോട്ടയാണ്. ലോക്സഭയിലേക്ക് തുടർച്ചയായി 5 തവണ ഇവിടെ ജയിച്ചതു അധീർ രഞ്ജനാണ്. സിപിഎമ്മിന്റെ പ്രതാപകാലത്തു ബാലറ്റിൽ മാത്രമല്ല ബോംബേറുകളോടും പടവെട്ടി ജയിച്ചുതുടങ്ങിയതാണ് അദ്ദേഹം. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ല തൃണമൂലിനൊപ്പമാണ്. ബഹാരംപുരിലെ 7 നിയമസഭാ മണ്ഡലങ്ങളിൽ കഴിഞ്ഞതവണ ആറിലും തൃണമൂൽ ജയിച്ചു, ഒരെണ്ണത്തിൽ ബിജെപിയും. മുൻപ് ആർഎസ്പിയുടെ ത്രിദീപ് ചൗധരി 7 തവണ ഇവിടെ നിന്ന് ജയിച്ചിട്ടുണ്ട്.
മുർഷിദാബാദ് ജില്ലയിലെ 63% ന്യൂനപക്ഷ വിഭാഗം ഉള്ള ഇവിടെ യൂസുഫ് പഠാനെ മത്സരിപ്പിക്കുക വഴി അധീർ രഞ്ജന്റെ കോട്ട തകർക്കാമെന്നു മമത കരുതുന്നു. ഒരു കാലത്ത് ഇംഗ്ലിഷുകാരും ഡച്ചുകാരും ഉൾപ്പെടെ വിദേശികൾ ഏറെയുള്ള വാണിജ്യപട്ടണം കൂടിയായിരുന്നു മുർഷിദാബാദ്.
മേയ് 13 ന് അഞ്ചാംഘട്ടത്തിലാണ് ഇവിടെ വോട്ടെടുപ്പ്. പാർട്ടി യോഗങ്ങൾക്കപ്പുറം അധീർ രഞ്ജൻ ഇതുവരെ പ്രചാരണം ആരംഭിച്ചിട്ടില്ല. യൂസുഫ് പഠാൻ പ്രചാരണം ആരംഭിച്ചു. ചായ്പേ ചർച്ചകളായും ചെറുപ്പക്കാരുമായി ക്രിക്കറ്റ് കളിച്ചും കളംപിടിച്ചെടുത്തുതുടങ്ങി. പക്ഷേ ബംഗാളി അറിയാത്തത് പഠാന്റെ വലിയ പോരായ്മയാണ്. ഹിന്ദിയിലാണ് വോട്ടുചോദിക്കുന്നത്.
ചെറുപ്പക്കാരുടെ വലിയൊരു നിര യൂസുഫ് പഠാനെ അനുഗമിക്കുന്നു. ഇവരിൽ പലരും രാഷ്ട്രീയം ഇല്ലാത്തവരാണെന്ന് തൃണമൂലുകാർ പറയുന്നു. ഇതു വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നാണു പാർട്ടിയുടെ വിലയിരുത്തൽ.
‘രാഷ്ട്രീയത്തിൽ പുതിയ ആളായിരിക്കാം. പക്ഷേ ബംഗാൾ എനിക്ക് സ്വന്തം നാടാണ്.’ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ യൂസുഫ് പഠാൻ പറഞ്ഞു. ലോകകപ്പ് ക്രിക്കറ്റ് കളിക്കുന്ന അതേ കൗതുകവും ആവേശവും ആദ്യ തിരഞ്ഞെടുപ്പിലുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യൂസുഫ് പഠാനെ പുറത്തുനിന്നുള്ളയാൾ എന്നു വിളിച്ചത് ബിജെപിക്ക് തന്നെ തിരിച്ചടിയായിരിക്കുകയാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടി 7 വർഷം കളിച്ചിട്ടുണ്ട് പഠാൻ.
തൃണമൂൽ കൊടുങ്കാറ്റിലും അതിനു മുൻപ് ഇടതുപക്ഷ കാലഘട്ടത്തിലും ഇളകി വീഴാത്ത അധീർ രഞ്ജൻ മാജിക് മണ്ഡലത്തിൽ പ്രകടമാണ്. മണ്ഡലത്തിലെ ഓരോ ബൂത്തും അദ്ദേഹത്തിന് കൈവെള്ളയിലെന്നപോലെ അറിയാം. ‘മമത ബാനർജിയുടെ വാശിയാണ് ബംഗാളിൽ ഇന്ത്യാമുന്നണി അസാധ്യമാക്കിയത്. സിപിഎമ്മുമായി കൈകോർത്ത് ഒരേ സമയം ബിജെപിക്കും തൃണമൂലിനുമെതിരെ പോരാടും’ അധീർ രഞ്ജൻ മനോരമയോട് പറഞ്ഞു.
ബംഗാളിലെ പോരാട്ടം ഇത്തവണയും തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലാണ്. പക്ഷേ മുർഷിദാബാദ് കേന്ദ്രീകരിച്ച് ഏതാനും സീറ്റുകൾ നേടുകയാണ് കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ലക്ഷ്യം. കഴിഞ്ഞ തവണ കോൺഗ്രസ് രണ്ടാമെത്തിയ മുർഷിദാബാദ് മണ്ഡലം സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിമിന് കോൺഗ്രസ് സ്വമേധയാ വിട്ടുനൽകിയതു വലിയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടാണ്.
തൃണമൂലും കോൺഗ്രസും തമ്മിലുള്ള ഇന്ത്യാമുന്നണി ചർച്ച നടക്കുമ്പോൾ ബംഗാളിലെ സീറ്റുകൾ ഒഴിച്ചിട്ട് കോൺഗ്രസിനായി ക്ഷമാപൂർവം കാത്തിരുന്ന സിപിഎമ്മിനോട് കോൺഗ്രസിന് നന്ദിയുണ്ട്. ബഹാരംപുരിൽ കോൺഗ്രസിനു വേണ്ടി അധീർ രഞ്ജനും മുർഷിദാബാദിൽ സിപിഎമ്മിനുവേണ്ടി മുഹമ്മദ് സലിമും കൈകോർത്ത് പോരാടുമ്പോൾ തൃണമൂലും ബിജെപിയും മേഖലയിൽ വിയർക്കും. ഡോ.നിർമൽ കുമാർ സാഹയാണ് ബഹാരംപുരിലെ ബിജെപി സ്ഥാനാർഥി.
‘ഗുജറാത്തിയായ നരേന്ദ്ര മോദിക്ക് യുപിയിലെ വാരാണാസിയിൽ മത്സരിക്കാമെങ്കിൽ എന്തുകൊണ്ട് എനിക്ക് ബംഗാളിൽ പറ്റില്ല? ഗുജറാത്ത് എന്റെ ജന്മഭൂമിയും ബംഗാൾ കർമ ഭൂമിയുമാണ്.’ - യൂസുഫ് പഠാൻ
‘മണ്ഡലത്തിലെ വോട്ടർമാർക്ക് എന്നെ അറിയാം. സംഘ പരിവാരിനെതിരെ ഒരക്ഷരം പറയാത്തയാളാണ് എതിർസ്ഥാനാർഥിയെന്നും അവർക്ക് അറിയാം’ - അധീർ രഞ്ജൻ