ADVERTISEMENT

സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിമിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ആദ്യദിനം. ഇസ്‌ലാംപുരിലെ ഒരു മാവിൻതോട്ടത്തിലാണു പൊതുയോഗം. സൈക്കിളിലും ടോട്ടോ എന്ന ഇലക്ട്രിക് ഓട്ടോറിക്ഷയിലുമെത്തിയ നൂറുകണക്കിനു ഗ്രാമീണർ ടാർപോളിൻ വിരിച്ച് ഇരിക്കുന്നു. ഭൂരിപക്ഷവും കർഷകരും സാധാരണക്കാരും. ബംഗാളിൽ സമീപകാലത്തായുള്ള സിപിഎം പരിപാടികളിലെന്നപോലെ വൻ ജനക്കൂട്ടം ഇവിടെയും.

‘നോക്കൂ, കമ്യൂണിസ്റ്റ് ഉയിർത്തേഴുന്നേൽപ്പാണ് ഈ കാണുന്നത്. കേരളത്തിലെ സഖാക്കളോട് ഇക്കാര്യം പറയണം’- സമ്മേളനവും റാലിയും കഴിഞ്ഞ് കാഴ്ചയിൽ ദരിദ്രമായ സിപിഎമ്മിന്റെ പ്രാദേശിക ഓഫിസിലേക്കു കൂട്ടിക്കൊണ്ടുപോയി മുഹമ്മദ് സലിം പറഞ്ഞു. മുർഷിദാബാദിൽ കോൺഗ്രസ് പിന്തുണയോടെ മത്സരിക്കുന്ന സിപിഎം സ്ഥാനാർഥിയാണ് സലിം. തൃണമൂലിന്റെ സീറ്റിൽ സലിം അട്ടിമറിജയം നേടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത് പിസിസി അധ്യക്ഷനും കോൺഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവുമായ അധീർ രഞ്ജൻ ചൗധരി തന്നെയാണ്.

കോൺഗ്രസ് പിന്തുണയുണ്ടെങ്കിലും സിപിഎം പിബി അംഗം കൂടിയായ സലീമിന്റെ പ്രചാരണത്തിൽ ചുവന്ന കൊടികൾ മാത്രം. ഒറ്റപ്പെട്ട് ഫോർവേഡ് ബ്ലോക്കിന്റെ സിംഹചിത്രമുള്ള കൊടികളും. കോൺഗ്രസും സിപിഎമ്മും ഒന്നിച്ചു പ്രചാരണം നടത്തുമോ എന്ന ചോദ്യത്തിന് പിന്നീട് ആലോചിക്കുമെന്നായിരുന്നു അധീറിന്റെ മറുപടി. മുഹമ്മദ് സലീമിനു പക്ഷേ സംശയമില്ല. ‘ഇവിടെ മാത്രമല്ല, സംസ്ഥാനം മുഴുവൻ ഞങ്ങളൊന്നിച്ചു പ്രചാരണം നടത്തും. അതു കാലഘട്ടം ആവശ്യപ്പെടുന്നതാണ്.’

സൈദ്ധാന്തികശാഠ്യങ്ങളില്ലാതെ, നേരെചൊവ്വേ സംസാരിക്കുന്ന നേതാവാണു സലിം. സൗമ്യൻ. ബംഗാളിൽ രണ്ടുതരം രാഷ്ട്രീയക്കാരാണുള്ളത്. അടിക്ക് അടി എന്ന മട്ടുകാരായ, മസിൽകരുത്തിൽ അണികളെ കൊണ്ടുനടക്കുന്ന നേതാക്കളാണ് ഒരു വിഭാഗം. മറ്റൊന്നു സാംസ്കാരികമായും ബൗദ്ധികമായും ഔന്നത്യം പുലർത്തുന്ന സൗമ്യരായ നേതാക്കളാണ്. ഏറക്കുറെ കുറ്റിയറ്റ ഈ കൂട്ടരുടെ പ്രതിനിധിയാണ് മുഹമ്മദ് സലിം.

മുർഷിദാബാദിൽ കഴിഞ്ഞ തവണ തൃണമൂലിനെതിരെ കോൺഗ്രസായിരുന്നു രണ്ടാം സ്ഥാനത്ത്. ബിജെപിക്കും പിന്നിൽ നാലാമതായിരുന്നു സിപിഎം. കോൺഗ്രസിന് അവകാശപ്പെടാമായിരുന്ന സീറ്റ് സന്തോഷപൂർവം സലീമിനു കൈമാറിയതിലുണ്ട് ഇരുകൂട്ടരും തമ്മിലുള്ള രസതന്ത്രം; കേരളത്തിലെ പാർട്ടി അണികൾക്ക് അതത്ര ദഹിക്കില്ലെങ്കിലും. ജനസംഖ്യയുടെ 63% ന്യൂനപക്ഷങ്ങളുള്ള മുർഷിദാബാദിൽ സലിമാണു സ്ഥാനാർഥിയെന്നറിഞ്ഞതോടെ തൃണമൂൽ ക്യാംപിൽ അങ്കലാപ്പുണ്ടായെന്നതും സത്യം. സിറ്റിങ് എംപി അബുതാഹിർ ഖാൻ തന്നെ ഇത്തവണയും തൃണമൂൽ സ്ഥാനാർഥി. 

‘കോൺഗ്രസുകാർ സിപിഎമ്മിനു വോട്ട് ചെയ്യുമോ?’: സംശയം വേണ്ടെന്ന് സിപിഎം ബംഗാൾ സെക്രട്ടറി

‘മലയാള മനോരമ’യുമായുള്ള അഭിമുഖത്തിൽ മുഹമ്മദ് സലിം സംസാരിക്കുന്നു: 

∙ നീണ്ട ഇടവേളയ്ക്കു ശേഷം സിപിഎം ഉയിർത്തെഴുന്നേൽക്കുകയാണോ ?

ഉയിർത്തെഴുന്നേൽക്കുന്ന ബംഗാൾ, നവീകരിക്കപ്പെട്ട ഇടതുപക്ഷം, പുത്തൻ ഉന്മേഷം നേടിയ സിപിഎം– ഇതാണ് നിങ്ങൾ ഇപ്പോൾ ബംഗാളിൽ കാണുന്നത്. വർഷങ്ങളായി ഞങ്ങൾ ആക്രമിക്കപ്പെടുകയായിരുന്നു, ഒട്ടേറെപ്പേർ ജയിലിലായി. വീടുകളില്ലാതായി, ജീവിതമാർഗം നഷ്ടപ്പെട്ടു. എന്നിട്ടും സിപിഎം ഉയിർത്തെഴുന്നേൽക്കുകയാണ്. 

∙ ഈ ജനക്കൂട്ടം വോട്ടായി മാറുമോ ?

ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ ഇത്ര വലിയ ജനക്കൂട്ടത്തെ എത്തിക്കാൻ സിപിഎമ്മിനേ കഴിയൂ. എല്ലാ സർക്കാർ സംവിധാനങ്ങളോടെയും തൃണമൂൽ നടത്തിയ റാലി പരാജയമായിരുന്നു. ബിജെപിയും ആർഎസ്എസും നടത്തിയ റാലിയും പരാജയമായി. ജനക്കൂട്ടത്തെ എത്തിക്കുന്നതും അതു വോട്ടാകുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ഇപ്പോൾ സിപിഎമ്മിന് സുശക്തമായ സംഘടനാസംവിധാനമുണ്ട്. അതു തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ഇടത് ഉയിർത്തെഴുന്നേൽപിൽ ഇതിൽ ഉൾപ്പെടാത്ത മതനിരപേക്ഷ പാർട്ടികളും പങ്കു വഹിക്കും. 

∙ ബംഗാളിൽ എന്തുകൊണ്ട് ഇന്ത്യാസഖ്യം സാധ്യമായില്ല ? കോൺഗ്രസിനെ നിയന്ത്രിക്കുന്നത് സിപിഎം ആണെന്നു മമതാ ബാനർജി പരസ്യമായി ആരോപിക്കുന്നുണ്ടല്ലോ?

ആശയപരമായും രാഷ്ട്രീയമായും തൃണമൂലും ബിജെപിയും ഒരുപോലെയാണ്. ബിജെപിക്കെതിരെ പോരാടുന്നുവെന്ന വ്യാജപ്രതീതി ഉണ്ടാക്കുകയാണ് മമത. 21 പാർട്ടികളുമായി മഹാസഖ്യം ഉണ്ടാക്കിയാണ് മമത ബംഗാളിൽ അധികാരത്തിലെത്തിയത്. ഇപ്പോൾ ഈ പാർട്ടികൾ എവിടെ ? ഇന്ത്യാസഖ്യം പരാജയപ്പെടില്ല. യാത്ര ലക്ഷ്യത്തിലെത്തുംമുൻപ് മമത ട്രെയിനിൽനിന്ന് ഇറങ്ങിയെന്നേയുള്ളൂ.

∙ ഇടതു സഖ്യത്തിൽ തന്നെ പ്രശ്നങ്ങളുണ്ടല്ലോ. കോൺഗ്രസിനു സിപിഎം നൽകിയ പുരുലിയ സീറ്റിൽ ഫോർവേഡ് ബ്ലോക്കും മത്സരിക്കുന്നു ?

ഗുജറാത്തിൽ ബിജെപിയുടെ രണ്ടു സ്ഥാനാർഥികൾ ഒരേ മണ്ഡലത്തിൽ മത്സരിക്കുമെന്നു പ്രഖ്യാപിക്കുന്നു. തൃണമൂലിൽ ഒട്ടേറെ പ്രശ്നങ്ങളുണ്ട്. അപ്പോൾ പിന്നെ പല പാർട്ടികൾ ഒന്നിച്ചുള്ള നീക്കുപോക്കിൽ ചില പ്രശ്നങ്ങളുണ്ടായേക്കാം. ഹിന്ദുത്വശക്തികളെ തടയാൻ ഞങ്ങൾ ഒന്നിച്ചു ശ്രമിക്കുകയാണ്.

∙ സിപിഎം അണികൾ കോൺഗ്രസിനു വോട്ട് ചെയ്യുകയും കോൺഗ്രസുകാർ സിപിഎമ്മിനു വോട്ട് ചെയ്യാതിരിക്കുകയുമെന്ന സ്ഥിതിയുണ്ടാകുമോ ? പ്രത്യേകിച്ചും ഇടതു ഭരണകാലത്തെ അക്രമങ്ങളുടെ ഓർമകൾ ഇന്നും പലരിലും നിലനിൽക്കുമ്പോൾ ?

ഏതു കാലഘട്ടത്തിലെ, ഏതു യാഥാർഥ്യത്തിന്റെ ഓർമകളാണ് വേണ്ടത് ? എഴുപതുകളുടെയോ, അതോ തൊണ്ണുകളുടേയോ ? മാർക്സിസ്റ്റുകളെ സംബന്ധിച്ചിടത്തോളം ഇപ്പോഴത്തെ സാഹചര്യമാണ് യഥാർഥം. ബംഗാളും രാജ്യവും നേരിടുന്ന യാഥാർഥ്യത്തെ നേരിടുകയാണ് വേണ്ടത്. കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും ബ്രിട്ടിഷുകാർക്കെതിരെ പോരാടിയിട്ടുണ്ട്. ഞങ്ങളുടെ വഴികൾ വേറെയാണ്. പക്ഷേ ലക്ഷ്യം ഒന്നാണ്.

English Summary:

CPM in Murshidabad for revival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com