മണിപ്പുർ: തിരഞ്ഞെടുപ്പ് സങ്കീർണം; സംസ്ഥാനം വിട്ട ആയിരങ്ങളുടെ വോട്ട് അനിശ്ചിതത്വത്തിൽ
Mail This Article
കൊൽക്കത്ത ∙ നിസ്സംഗത, വേദന– തിരഞ്ഞെടുപ്പുകാലത്ത് മണിപ്പുരിന്റെ ഭാവം ഇതാണ്. വംശീയകലാപം വിഭജിച്ച മണിപ്പുരിൽ തിരഞ്ഞെടുപ്പു പ്രക്രിയയും ഇത്തവണ സങ്കീർണമാകുകയാണ്. തിരഞ്ഞെടുപ്പിനോട് മെയ്തെയ്- കുക്കി വിഭാഗങ്ങൾ നിസ്സംഗത പുലർത്തുമ്പോൾ മിസോറമിലും മറ്റു സംസ്ഥാനങ്ങളിലും അഭയം തേടിയ ആയിരക്കണക്കിന് ആളുകളുടെ വോട്ടവകാശം അനിശ്ചിതത്വത്തിലാണ്. ദുരിതാശ്വാസ ക്യാംപുകളിൽ വോട്ടെടുപ്പിന് സൗകര്യമൊരുക്കുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചിട്ടുണ്ടെങ്കിലും ഇതു മണിപ്പുർ സംസ്ഥാനത്തിനകത്ത് മാത്രമാണ്. പതിനായിരത്തോളം കുക്കി- സോ അഭയാർഥികൾ അയൽസംസ്ഥാനമായ മിസോറമിലുണ്ട്. ഇവർക്കു പ്രത്യേക ബൂത്തുകൾ ഒരുക്കുമോ എന്ന കാര്യത്തിൽ ഇതുവരെ കമ്മിഷൻ തീരുമാനമെടുത്തിട്ടില്ല.
മിസോറമിൽ നിന്ന് ത്രിപുരയിലേക്കു പലായനം ചെയ്തിരുന്ന ബ്രു വിഭാഗത്തിന് അവിടെ വോട്ടുചെയ്യാൻ സൗകര്യം ഏർപ്പെടുത്തിയ ചരിത്രം തിരഞ്ഞെടുപ്പു കമ്മിഷനുണ്ട്. മെയ്തെയ് ഭൂരിപക്ഷ ഇംഫാൽ താഴ്‍വരയിലെ ഇന്നർ മണിപ്പുരും കുക്കി, നാഗാ കുന്നുകളും 2 മെയ്തെയ് ഭൂരിപക്ഷ ജില്ലകളും ഉൾപ്പെട്ട ഔട്ടർ മണിപ്പുരുമാണ് സംസ്ഥാനത്തെ 2 മണ്ഡലങ്ങൾ. എസ്ടി സംവരണമണ്ഡലമായ ഔട്ടർ മണിപ്പുരിൽ നാഗാ, കുക്കി ഗോത്രങ്ങളിലെ എംപിമാർ മാറിമാറിവന്നിട്ടുണ്ട്. ഇന്നർ മണിപ്പുരിൽ ബിജെപിയും ഔട്ടറിൽ ബിജെപി സഖ്യകക്ഷിയായ നാഗാ പീപ്പീൾസ് ഫ്രണ്ടുമാണ് (എൻപിഎഫ്) കഴിഞ്ഞതവണ വിജയിച്ചത്.
ഔട്ടർ മണിപ്പുരിൽ ബിജെപി ഇത്തവണയും എൻപിഎഫ് സ്ഥാനാർഥിക്ക് പിന്തുണ നൽകിയിട്ടുണ്ട്. അതേസമയം, ഇന്നർ മണിപ്പുരിൽ വിദേശകാര്യ സഹമന്ത്രി ഡോ.ആർ.കെ.രഞ്ജൻ സിങ്ങിനെ ഒഴിവാക്കി സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയും മുൻ ഐപിഎസ് ഉദ്യോഗസ്ഥനുമായ തൗനാജം ബസന്ത കുമാർ സിങ്ങിനെ ബിജെപി സ്ഥാനാർഥിയാക്കി. കലാപത്തിൽ മെയ്തെയ് വിഭാഗത്തിനൊപ്പം ശക്തമായി നിന്നില്ല എന്നാരോപിച്ച് ഒരു വിഭാഗം മെയ്തെയ്കൾക്ക് ആർ കെ.രഞ്ജനോടു വിരോധമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വീടിനു നേരെ പലവട്ടം ആക്രമണം നടത്തുകയും ചെയ്തു.
ജെഎൻയു പ്രഫസർ അക്കോയിജാം ബിമലിനെ ഇന്നർ മണിപ്പുരിലും നാഗാ ഗോത്രക്കാരനും മുൻ എംഎൽഎയുമായ ആൽഫ്രഡ് ആർതറിനെ ഔട്ടർ മണിപ്പുരിലും കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഔട്ടർ മണിപ്പുരിൽ നാഗാ പീപ്പിൾസ് ഫ്രണ്ട് മുൻ ഐആർഎസ് ഉദ്യോഗസ്ഥൻ കെ.തിമോത്തി സിമിക്കിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഔട്ടർ മണിപ്പുരിൽ 2 ദിവസങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ്. ഒരു മണ്ഡലത്തിൽ തിരഞ്ഞെടുപ്പു രണ്ടു ഘട്ടങ്ങളിൽ നടക്കുന്നത് ആദ്യമാണ്.
ഇരുനൂറിലേറെ പേർ കൊല്ലപ്പെടുകയും അരലക്ഷത്തിലേറെ പേർ ഭവനരഹിതരാകുകയും ചെയ്ത മണിപ്പുരിൽ കലാപത്തിനിരയായവർ നിസ്സംഗതയോടെയാണ് തിരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്. കുക്കി-സോ വിഭാഗത്തിൽ നിന്ന് ആരും മത്സരിക്കാനില്ലെന്ന് ഗോത്രസംഘടനകൾ അറിയിച്ചു കഴിഞ്ഞു. തിരഞ്ഞെടുപ്പു അടുക്കുന്നതോടെ വീണ്ടും വെടിവയ്പും ആക്രമണവും നടക്കുമെന്ന ഭീതിയിലാണ് ജനങ്ങൾ. തിരഞ്ഞെടുപ്പു മുൻപായി ലൈസൻസുള്ള തോക്കുകൾ കൈമാറണമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ടെങ്കിലും ഇതിന് തയാറല്ലെന്ന് കുക്കി ഗോത്രങ്ങൾ അറിയിച്ചു.