ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കഴിഞ്ഞതവണ മൊത്തം നേടിയതിനെക്കാൾ കൂടുതൽ സീറ്റ് ഇത്തവണ ദക്ഷിണേന്ത്യയിൽനിന്നു മാത്രം നേടാൻ കോൺഗ്രസ് ലക്ഷ്യമിടുന്നു. ബിജെപിയെക്കാൾ ബഹുദൂരം മുന്നേറാമെന്നു കരുതുന്ന മേഖലയിൽ 56 സീറ്റാണ് പാർട്ടിയുടെ ലക്ഷ്യം. 2019 ൽ രാജ്യത്താകെ 52 സീറ്റാണു കോൺഗ്രസ് നേടിയത്.

കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്ര, ഗോവ, പുതുച്ചേരി എന്നിവിടങ്ങളിലെ 132 സീറ്റിൽ 28 എണ്ണം മാത്രമാണു കഴിഞ്ഞതവണ കോൺഗ്രസ് ജയിച്ചത്. ഇതിന്റെ ഇരട്ടി നേടാനായി വിവിധ സംസ്ഥാനങ്ങളിലെ കണക്കുകൂട്ടലിങ്ങനെ:

∙ കേരളം: കോൺഗ്രസ് മത്സരിക്കുന്ന 16 സീറ്റും ആഞ്ഞുപിടിച്ചാൽ ജയിക്കാമെന്നാണു പ്രതീക്ഷ.

∙ കർണാടക: 28 സീറ്റിൽ 20 വരെ നേടാമെന്നാണു സംസ്ഥാന നേതൃത്വത്തിന്റെ അവകാശവാദമെങ്കിലും യാഥാർഥ്യബോധത്തോടെ 12–15 സീറ്റ് കണക്കാക്കിയാൽ മതിയെന്നാണു ഹൈക്കമാൻഡിന്റെ നിലപാട്. കഴിഞ്ഞതവണ ഒരു സീറ്റാണുണ്ടായിരുന്നത്.

∙ തെലങ്കാന: 2019 ൽ 17ൽ 3 സീറ്റ് മാത്രമായിരുന്നു. ഇത്തവണ 10– 12 സീറ്റ് പ്രതീക്ഷിക്കുന്നു.

∙ തമിഴ്നാട്, പുതുച്ചേരി: ഡിഎംകെയുമായി സഖ്യത്തിൽ മത്സരിക്കുന്ന 10 സീറ്റും നേടാമെന്നു കണക്കുകൂട്ടൽ.

∙ ആന്ധ്രപ്രദേശ്: പിസിസി പ്രസിഡന്റ് വൈ.എസ്.ഷർമിളയുടെ പ്രതിച്ഛായയിൽ 1– 2 സീറ്റ് ലഭിച്ചേക്കാമെന്നാണു കണക്കുകൂട്ടൽ. ഷർമിള ചുമതലയേറ്റത് ഏതാനും മാസം മുൻപു മാത്രമാണെന്നതിനാൽ, വലിയ അദ്ഭുതങ്ങൾ പ്രതീക്ഷിക്കുന്നില്ല.

∙ ഗോവ: കഴിഞ്ഞതവണ നേടിയ ഒരു സീറ്റ് നിലനിർത്താമെന്നു പ്രതീക്ഷ.

English Summary:

Congress targets 56 seats from South India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com