കേന്ദ്ര ലളിതകലാ അക്കാദമി ചെയർമാന് ഭരണവിലക്ക്
Mail This Article
ന്യൂഡൽഹി ∙ കേന്ദ്ര ലളിതകലാ അക്കാദമി ചെയർമാനും മലയാളിയുമായ വി. നാഗ്ദാസിനു കേന്ദ്രസർക്കാരിന്റെ ഭരണവിലക്ക്. ജീവനക്കാരുടെ നിയമനം, സ്ഥലംമാറ്റം, അച്ചടക്ക നടപടികൾ, സാമ്പത്തിക തീരുമാനങ്ങൾ തുടങ്ങി ഭരണപരമായ കാര്യങ്ങളിൽ സാംസ്കാരിക മന്ത്രാലയത്തോടു കൂടിയാലോചിക്കാതെ തീരുമാനമെടുക്കരുതെന്നാണു കേന്ദ്രം നിർദേശിച്ചിരിക്കുന്നത്.
ലളിത കലാ അക്കാദമിയിലെ പടലപിണക്കങ്ങളാണു തീരുമാനത്തിനു പിന്നിലെന്നാണു വിവരം. ഇദ്ദേഹം ചുമതലയേറ്റ ശേഷം നിയമനം നടത്തിയ മലയാളി കൺസൽറ്റന്റ് എം.എൽ.ജോണി ഉൾപ്പെടെയുള്ള 29 പേരെ ജോലിയിൽനിന്നു നീക്കുകയും ചെയ്തു. കഴിഞ്ഞ വർഷം മാർച്ച് 13നാണു പാലക്കാട് സ്വദേശിയും ഗ്രാഫിക്‌സ് ചിത്രകാരനുമായിരുന്ന വി. നാഗ്ദാസിനെ 3 വർഷത്തേക്കു നിയമിച്ചത്.
ഇദ്ദേഹം ചുമതലയേറ്റ ശേഷം ഡൽഹിയിലെ കേന്ദ്ര ഓഫിസിൽ നടത്തിയ 10 നിയമനങ്ങളും പ്രാദേശിക കേന്ദ്രങ്ങളിൽ നടത്തിയ 19 നിയമനങ്ങളുമാണ് ഇപ്പോഴത്തെ തീരുമാനത്തിനു പിന്നിലെന്നാണു സൂചന. ജനറൽ കൗൺസിലിനു കീഴിലുള്ള ഫിനാൻസ് കമ്മിറ്റി ചെയർമാനെതിരെ റിപ്പോർട്ട് നൽകിയിരുന്നു.
അക്കാദമി തീരുമാനങ്ങളിൽ കേന്ദ്ര മന്ത്രാലയത്തിന്റെ അനുമതി തേടിയില്ലെന്നതും വിവാദമായി. വിശദീകരണം തേടിയെങ്കിലും മറുപടി ലഭിക്കാത്തതിനെത്തുടർന്നാണു ജനുവരി 8നു ഭരണവിലക്ക് ഏർപ്പെടുത്തിയത്. പിന്നാലെ ഫെബ്രുവരി 12നു ജീവനക്കാരെ പിരിച്ചുവിട്ടു.