കോടതിക്കുമേൽ സമ്മർദത്തിന് ശ്രമമെന്ന് അഭിഭാഷകരുടെ കത്ത്; പിന്തുണച്ച് പ്രധാനമന്ത്രി മോദി
Mail This Article
ന്യൂഡൽഹി ∙ സ്ഥാപിത താൽപര്യക്കാർ കോടതിക്കുമേൽ സമ്മർദം ചെലുത്താൻ ശ്രമം നടത്തുന്നുവെന്ന് ആരോപിച്ച് 600 ൽപരം അഭിഭാഷകർ തുറന്ന കത്തെഴുതിയതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്തുണച്ചു. പ്രമുഖ അഭിഭാഷകരായ ഹരീഷ് സാൽവെ, ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ എം.കെ.മിശ്ര, സുപ്രീം കോടതി ബാർ അസോസിയേഷൻ അധ്യക്ഷൻ ആദിഷ് അഗർവാല ഉൾപ്പെടെയുള്ളവരാണു സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു നിവേദനം നൽകിയത്.
മറ്റുള്ളവരെ ശിക്ഷിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയെന്നതു കോൺഗ്രസിന്റെ പഴഞ്ചൻ സംസ്കാരമാണെന്നു നരേന്ദ്ര മോദി വിമർശിച്ചു. പ്രതിബദ്ധതയുള്ള നീതിന്യായ സംവിധാനത്തിനു വേണ്ടി 5 പതിറ്റാണ്ടു മുൻപു മുറവിളി കൂട്ടിയിരുന്നവരാണു കോൺഗ്രസുകാർ. അൽപവും ലജ്ജയില്ലാതെ സ്വാർഥ താൽപര്യങ്ങൾക്കു മറ്റുള്ളവരിൽനിന്ന് അവർ പ്രതിബദ്ധത ആഗ്രഹിക്കുന്നു.
അതേസമയം, രാഷ്ട്രത്തോടുള്ള പ്രതിബദ്ധതയിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്യുന്നു. രാജ്യത്തെ 140 കോടി ജനങ്ങൾ അവരെ തള്ളിക്കളയുന്നതിൽ അദ്ഭുതമില്ലെന്നും മോദി സമൂഹമാധ്യമത്തിൽ കുറിച്ചു. കോടതി നടപടികളെ സ്വാധീനിക്കാനും അവമതിപ്പുണ്ടാക്കാനുമാണു സ്വാർഥ താൽപര്യക്കാർ ശ്രമിക്കുന്നതെന്നാണ് അഭിഭാഷകരുടെ കത്തിലുള്ളത്. ചില അഭിഭാഷകരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു കത്തിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും ആരുടെയും പേരു ചേർത്തിട്ടില്ല. രാഷ്ട്രീയക്കാർ ഉൾപ്പെട്ട അഴിമതിക്കേസുകളിൽ സമ്മർദവും സ്വാധീനവും ഉണ്ടാകുന്നുവെന്ന് കത്തിലുണ്ട്.