മഹാരാഷ്ട്ര: സൗഹൃദപ്പോരിന് കോൺഗ്രസ്; ബിജെപി സഖ്യത്തിലും ഭിന്നത
Mail This Article
മുംബൈ ∙ മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡിയിൽ ശിവസേനാ ഉദ്ധവ് വിഭാഗം ഏകപക്ഷീയമായി സ്ഥാനാർഥികളെ പ്രഖ്യാപിച്ച 4 ഇടത്തും എൻസിപി ശരദ് പവാർ പക്ഷം നോട്ടമിടുന്ന ഒരു സീറ്റിലും സൗഹൃദ മത്സരത്തിന് കോൺഗ്രസ് ഒരുങ്ങുന്നു. ഉദ്ധവ് പക്ഷത്തോടു കടുത്ത അതൃപ്തിയിലാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വം.ഉദ്ധവ് വിഭാഗത്തെ സമ്മർദത്തിലാക്കി സീറ്റ് നേടിയെടുക്കാനാണ് കോൺഗ്രസ് ശ്രമം.
മുംൈബ നോർത്ത് വെസ്റ്റ്, മുംബൈ സൗത്ത് സെൻട്രൽ, സാംഗ്ലി എന്നിവയടക്കമുള്ള സീറ്റുകളിലാണ് ശിവസേനയുമായി തർക്കം. ഭിവണ്ടിയാണ് ശരദ് പവാർ പക്ഷവുമായി തർക്കമുളള സീറ്റ്. അഭിപ്രായഭിന്നത സഖ്യത്തിന്റെ ഏകോപനത്തെയും ബാധിച്ചു.
ബിജെപി സഖ്യമായ മഹായുതിയിലും ഭിന്നത ശക്തമാണ്. കൂടുതൽ സീറ്റിനായി ബിജെപി പിടിമുറുക്കിയിരിക്കേ ശിവസേനാ ഷിൻഡെ പക്ഷവും എൻസിപി അജിത് പവാർ വിഭാഗവും വിലപേശൽ തുടരുന്നു.
കേന്ദ്രമന്ത്രിയും ആർപിഐ നേതാവുമായ രാംദാസ് അഠാവ്‌ലെയും സീറ്റ് കിട്ടാത്തതിൽ ബിജെപിയെ അതൃപ്തി അറിയിച്ചു.അമരാവതിയിൽ നടി നവനീത് കൗറിനെ ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനെതിരെ ഷിൻഡെ പക്ഷം രംഗത്തുണ്ട്. അതിനിടെ, മുൻ കേന്ദ്രമന്ത്രിയും ലോക്സഭാ സ്പീക്കറുമായ മുതിർന്ന കോൺഗ്രസ് നേതാവ് ശിവരാജ് പാട്ടീലിന്റെ മരുമകൾ അർച്ചന പാട്ടീൽ ബിജെപിയിൽ ചേർന്നു. ലാത്തൂരിൽ നിന്നുള്ള നേതാവാണ്.
ശരദ് പവാറിന്റെ മകൾ സുപ്രിയ സുളെയടക്കം 5 സ്ഥാനാർഥികളുടെ പട്ടിക എൻസിപി ഇന്നലെ പുറത്തിറക്കി. ബാരാമതിയിലാണു സുപ്രിയ മത്സരിക്കുന്നത്.
പ്രകാശ് അംബേദ്കർ മൂന്നാം മുന്നണിക്ക്
മുംബൈ ∙ മഹാ വികാസ് അഘാഡി സഖ്യം വേണ്ടെന്നുവച്ച ദലിത് നേതാവ് പ്രകാശ് അംബേദ്കറിന്റെ വഞ്ചിത് ബഹുജൻ അഘാഡി ചെറുപാർട്ടികളെ ചേർത്ത് മൂന്നാം മുന്നണിക്കു ശ്രമം തുടങ്ങി. മറാഠാ സംവരണ പ്രക്ഷോഭ നേതാവ് മനോജ് ജരാങ്കെ പാട്ടീലുമായി ചർച്ച നടത്തി. ഒബിസി നേതാക്കളുമായും കൂടിയാലോചനകൾ നടക്കുന്നു.
ഭരണഘടനാ ശിൽപി ഡോ. അംബേദ്കറുടെ കൊച്ചുമകനായ പ്രകാശിനായി വാതിൽ ഇപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നാണു കോൺഗ്രസിന്റെ പ്രതികരണം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്–എൻസിപി സഖ്യം 7 സീറ്റിൽ പരാജയപ്പെടാൻ കാരണം അംബേദ്കർ–ഉവൈസി സഖ്യമാണ്. ഇത്തവണ ഉവൈസി കൂടെയില്ലെങ്കിലും പ്രകാശ് ദലിത് വോട്ടുകൾ ഭിന്നിപ്പിച്ചേക്കും.