ADVERTISEMENT

ന്യൂഡൽഹി ∙ ആശ്വാസം പകർന്നു കൽപനയെത്തി. ഇരുകൈകളും നീട്ടി സുനിത സ്വീകരിച്ചു. ഒരേ വിധിയുടെ ഇരകളായവർ പരസ്പരം കരുത്തു പകർന്നു. ഇനിയുള്ള പോരാട്ടങ്ങളിൽ ഒരുമിച്ചു നിൽക്കുമെന്നു പ്രഖ്യാപിച്ചു.

കൽപന സോറന്റേയും സുനിത കേജ്‌രിവാളിന്റേയും കൂടിക്കാഴ്ചയ്ക്കു തൊട്ടു പിന്നാലെ വിഡിയോ ദൃശ്യങ്ങൾ എക്സിൽ പങ്കുവച്ച് മന്ത്രി അതിഷി ഇങ്ങനെയെഴുതി– ‘സുനിതയുടെയും കൽപനയുടെയും ധൈര്യത്തെയും കരുത്തിനെയും ഞാൻ സല്യൂട്ട് ചെയ്യുന്നു. ഇവരുടെ ഭർത്താക്കൻമാർക്കുമേൽ ക്രൂരമായി അധികാരം പ്രയോഗിച്ച്, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ബിജെപി ഈ വനിതകളുടെ കരുത്തിനെ ഭയക്കണം’.

ഇ.ഡി അറസ്റ്റ് ചെയ്ത ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കൽപന സോറൻ, മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഔദ്യോഗിക വസതിയിലെത്തിയാണ് അദ്ദേഹത്തിന്റെ ഭാര്യ സുനിതയുമായി കൂടിക്കാഴ്ച നടത്തിയത്. രാംലീല മൈതാനിയിൽ ഇന്നു നടക്കുന്ന ഇന്ത്യാസഖ്യത്തിന്റെ മഹാറാലിയിലും കൽപന പങ്കെടുക്കും.

‘സുനിത ഇപ്പോൾ കടന്നു പോകുന്ന അവസ്ഥ എനിക്കു നന്നായി മനസ്സിലാകും. കുറച്ചു നാളുകളായി ഞാനും ഇതേ അവസ്ഥകളിലൂടെയാണു കടന്നു പോകുന്നത്. ഏതാനും നാൾ മുൻപു ജാർഖണ്ഡിൽ എന്തു നടന്നോ അതു തന്നെയാണ് ഡൽഹിയിൽ ഇപ്പോൾ നടക്കുന്നത്. എന്റെ ഭർത്താവ് ഹേമന്ത് സോറനെ ജയിലിലടച്ചു.

 ഇപ്പോൾ അരവിന്ദ് സാറിനേയും അറസ്റ്റ് ചെയ്തിരിക്കുന്നു. ദുഃഖം പങ്കുവയ്ക്കാനും ആശ്വസിപ്പിക്കാനുമാണ് സുനിതയെ കാണാനെത്തിയത്. ഈ വിധിക്കെതിരെ ഒരുമിച്ചു പോരാടാൻ തന്നെയാണു തീരുമാനം. ജാർഖണ്ഡിനുള്ള എല്ലാ പിന്തുണയും സുനിത ഉറപ്പു നൽകിയിട്ടുണ്ട്. നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിൽ ജാർഖണ്ഡ് ഒറ്റക്കെട്ടായി സുനിതയ്ക്കൊപ്പം നിൽക്കും’–  കൽപന പറഞ്ഞു.കേജ്‌രിവാളിനെ  അറസ്റ്റ് ചെയ്തതിനു പിന്നാലെ കൽപന സുനിതയെ വിളിച്ചിരുന്നു.

കേജ്‌രിവാളിന്റെ അറസ്റ്റ്; പ്രതികരിച്ച് യുഎന്നും

ന്യൂഡൽഹി ∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേ‍ജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതികരണവുമായി യുഎൻ സെക്രട്ടറി ജനറലിന്റെ വക്താവും രംഗത്തെത്തി. ഇന്ത്യയിലും ജനങ്ങളുടെ രാഷ്ട്രീയ, പൗരാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വക്താവ് പറഞ്ഞു. ഇന്ത്യയിലെ ലോക്സഭാ തിരഞ്ഞെടുപ്പും കേജ്‍രിവാളിന്റെ അറസ്റ്റും സംബന്ധിച്ച ചോദ്യത്തിനായിരുന്നു മറുപടി.

തിരഞ്ഞെടുപ്പിൽ എല്ലാവർക്കും സ്വതന്ത്രമായി വോട്ടു ചെയ്യാൻ കഴിയുന്നുണ്ടെന്നാണ് കരുതുന്നതെന്നും പറഞ്ഞു. കേജ്‌രിവാളിന്റെ അറസ്റ്റിനെക്കുറിച്ച് നേരത്തേ യുഎസും ജർമനിയും പ്രതികരിച്ചിരുന്നു. വിദേശരാജ്യങ്ങൾ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടേണ്ടെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്നലെ പറഞ്ഞു. അതേസമയം, ഡൽഹി ജലബോർ‍ഡ് അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കോടതിയിൽ ആദ്യ കുറ്റപത്രം നൽകി.

English Summary:

Kalpana Soren meet Sunita Kejriwal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com