ജൂൺ വരെ കടുത്ത ചൂട്; ഉഷ്ണതരംഗ സാധ്യത
Mail This Article
ന്യൂഡൽഹി ∙ വരുംദിനങ്ങളിലും കടുത്ത ചൂടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചനം. ഏപ്രിൽ–ജൂൺ മാസങ്ങളിൽ ചൂട് ഏറെ ഉയരുമെന്നും 10–20 ദിവസം അത്യുഷ്ണം രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും അനുഭവപ്പെടാനിടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് ഡയറക്ടർ മൃത്യുജ്ഞയ മഹാപാത്ര പറഞ്ഞു. അടുത്ത 2 ആഴ്ചകളിൽ മിക്കയിടത്തും ചൂട് 2–4 ഡിഗ്രി ഉയരാനിടയുണ്ട്. മധ്യ, പശ്ചിമ മേഖലകളിലാവും അത്യുഷ്ണം തീവ്രമായി അനുഭവപ്പെടുക.
ഗുജറാത്ത്, മധ്യ മഹാരാഷ്ട്ര, ഉത്തര കർണാടക, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തര ഛത്തീസ്ഗഡ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ ഉഷ്ണതരംഗ സാധ്യതയുണ്ട്. ഹിമാലയത്തിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഒഡീഷയുടെ വടക്കൻ ഭാഗങ്ങളിലും സാധാരണ കാലവസ്ഥയാകും. രാജ്യം തിരഞ്ഞെടുപ്പു ചൂടിലാകുന്ന സമയത്താണ് അത്യുഷ്ണ കാലമെന്ന പ്രത്യേകതയുമുണ്ട്. 7 ഘട്ട ലോക്സഭാ വോട്ടെടുപ്പ് ഏപ്രിൽ 19 മുതൽ ജൂൺ 1 വരെയാണ്.
സാധാരണ 6–8 ദിവസമാണ് ഉഷ്ണതരംഗ സാധ്യതയുള്ളതെങ്കിലും ഈ വർഷം 10–20 ദിവസമായി ഉയർന്നേക്കാമെന്നത് എൽ നിനോ പ്രതിഭാസം തുടരുന്നതുകൊണ്ടാണെന്ന് മഹാപാത്ര പറഞ്ഞു. മഴക്കാലത്തിന്റെ രണ്ടാം പകുതിയിൽ ല നിനോ സാഹചര്യം എത്തുമെന്നതിനാൽ മഴക്കാലവും തീവ്രമാകാൻ സാധ്യതയുണ്ട്. അത്യുഷ്ണ ദിനങ്ങൾ കൂടുതലുള്ള ഏപ്രിലിൽ വേനൽമഴയിൽ കുറവുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അത്യുഷ്ണ സാഹചര്യം നിലനിൽക്കുന്നുണ്ടെങ്കിലും ഗോതമ്പ് ഉൽപാദനത്തിൽ കുറവുണ്ടാകില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.