ഇന്ത്യാസഖ്യം അഴിമതിക്കാരെ രക്ഷിക്കാൻ: മോദി
Mail This Article
മീററ്റ് (യുപി)∙ അഴിമതിക്കാരെ സംരക്ഷിക്കാനാണ് പ്രതിപക്ഷ ഇന്ത്യാസഖ്യം ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. എത്ര ആക്രമണമുണ്ടായാലും അഴിമതിക്കെതിരായ യുദ്ധം താൻ അവസാനിപ്പിക്കില്ലെന്നും ഉത്തർ പ്രദേശിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു മീററ്റിൽ തുടക്കമിട്ടുകൊണ്ട് മോദി പറഞ്ഞു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ബിജെപിയുടെ പ്രചാരണങ്ങൾക്കും മോദി തുടക്കം കുറിച്ചു.
പ്രതിപക്ഷ പാർട്ടികൾ ന്യൂഡൽഹിയിൽ നടത്തിയ ‘ജനാധിപത്യത്തെ രക്ഷിക്കുക’ റാലിക്കു മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി. ‘ഈ തിരഞ്ഞെടുപ്പ് രണ്ട് സഖ്യങ്ങൾ തമ്മിലാണ്. എൻഡിഎ സഖ്യം അഴിമതിയെ നിർമാർജനം ചെയ്യുമ്പോൾ ഇന്ത്യാസഖ്യം അഴിമതിക്കാരായ നേതാക്കളെ സംരക്ഷിക്കുകയാണ്. ഏതു വേണമെന്ന് വോട്ടർമാർക്കു തിരഞ്ഞെടുക്കാം’– പ്രധാനമന്ത്രി പറഞ്ഞു.
മുൻ പ്രധാനമന്ത്രി ചരൺസിങ്ങിന്റെ കൊച്ചുമകനും രാഷ്ട്രീയ ലോക്ദൾ പ്രസിഡന്റുമായ ജയന്ത് ചൗധരിയും പ്രധാനമന്ത്രിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു. അടുത്തിടെയാണു ചരൺസിങ്ങിന് കേന്ദ്ര സർക്കാർ ഭാരതരത്ന ബഹുമതി സമ്മാനിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മീററ്റിലെ സ്ഥാനാർഥിയും രാമായണം ടിവി പരമ്പരയിലെ നായകനുമായ അരുൺ ഗോവിൽ എന്നിവരും പങ്കെടുത്തു.