എഎപിയുടെ 4 സ്ഥാപക നേതാക്കൾ ജയിലിൽ
Mail This Article
ന്യൂഡൽഹി ∙ തിഹാറിലെ രണ്ടാം നമ്പർ ജയിലിലാണ് അരവിന്ദ് കേജ്‌രിവാളിനെ താമസിപ്പിച്ചിരിക്കുന്നത്. മദ്യനയക്കേസിൽ കഴിഞ്ഞ ഒക്ടോബറിൽ അറസ്റ്റിലായ എഎപിയുടെ രാജ്യസഭാംഗം സഞ്ജയ് സിങ്ങായിരുന്നു നേരത്തേ ഇവിടെ. ഏതാനും ദിവസം മുൻപ് അദ്ദേഹത്തെ 5–ാം നമ്പർ ജയിലിലേക്കു മാറ്റി.
ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഒന്നാം നമ്പർ ജയിലിലും മദ്യനയക്കേസിൽ അറസ്റ്റിലായ ബിആർഎസ് നേതാവ് കെ.കവിത വനിതകൾക്കുള്ള ആറാം നമ്പർ ജയിലിലുമാണ്. മറ്റൊരു സാമ്പത്തിക ക്രമക്കേട് കേസിൽ അറസ്റ്റിലായ മുൻമന്ത്രി സത്യേന്ദർ ജെയിൻ ഏഴാം നമ്പർ ജയിലിലുണ്ട്. ഫലത്തിൽ, എഎപിയുടെ സ്ഥാപകാംഗങ്ങളായ 4 മുതിർന്ന നേതാക്കളാണു തിഹാറിലുള്ളത്.
2022 മേയിലാണു സത്യേന്ദർ ജെയിൻ ഇ.ഡിയുടെ അറസ്റ്റിലാകുന്നത്. കഴിഞ്ഞ വർഷം ഇടക്കാല ജാമ്യം ലഭിച്ചെങ്കിലും ഇതു സുപ്രീം കോടതി റദ്ദാക്കിയതോടെ ഏതാനും ആഴ്ചകൾക്കു മുൻപു ജയിലിൽ മടങ്ങിയെത്തി. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണു സിസോദിയ അറസ്റ്റിലായത്. ആഴ്ചകൾക്കു മുൻപു കവിതയെയും ഇ.ഡി അറസ്റ്റ് ചെയ്തു.
അസുഖബാധിതനായതിനാൽ വീട്ടിൽനിന്നുള്ള ഭക്ഷണം കഴിക്കാനുള്ള അനുമതി കേജ്‌രിവാളിനു നൽകിയിട്ടുണ്ട്. മതാചാരപ്രകാരമുള്ള ലോക്കറ്റ് ധരിക്കാനുള്ള അനുമതി, മരുന്ന്, കസേരയും മേശയും എന്നിവയും കേജ്‌രിവാൾ അഭ്യർഥിച്ചിരുന്നു. ഇക്കാര്യങ്ങൾ കോടതി അനുവദിച്ചു. വീട്ടിൽനിന്നുള്ള തലയണയും കിടക്കവിരിയും ഉപയോഗിക്കാം.
വിജയ് നായരുമായി ആശയവിനിമയം നടത്തിയിരുന്നത് അതിഷി, സൗരഭ്: ഇഡി
ന്യൂഡൽഹി ∙ മദ്യനയക്കേസിൽ അറസ്റ്റിലായ എഎപി കമ്യൂണിക്കേഷൻ വിഭാഗം മേധാവി വിജയ് നായരുമായി തനിക്കു വളരെക്കുറച്ച് ഇടപെടൽ മാത്രമേയുണ്ടായിരുന്നുള്ളൂവെന്നും മന്ത്രിമാരായ അതിഷിയും സൗരഭ് ഭരദ്വാജുമായാണ് കൂടുതൽ ആശയവിനിമയം നടത്തിയിരുന്നതെന്നും അരവിന്ദ് കേജ്‌രിവാൾ പറഞ്ഞതായി ഇ.ഡി കോടതിയിൽ അറിയിച്ചു. മലയാളിയായ വിജയ് നായരാണ് കേസിലെ ഇടനിലക്കാരനെന്നാണ് ഇ.ഡി പറയുന്നത്.
∙ ചോദ്യം ചെയ്യലിൽ തെറ്റിധരിപ്പിക്കുന്ന മറുപടികളാണു കേജ്‌രിവാൾ നൽകുന്നത്. പല വിവരങ്ങളും മൂടിവയ്ക്കുന്നു.
∙ എഎപിയിലെ മറ്റു നേതാക്കൾക്കെതിരെ തെറ്റായതും വിരുദ്ധവുമായ മൊഴികളാണു കേജ്‌രിവാൾ നൽകിയത്. സ്വന്തം പാർട്ടിയിലെ നേതാക്കൾ നൽകിയ മൊഴികളെ അദ്ദേഹം േനരിട്ടപ്പോൾ അവർ ആശയക്കുഴപ്പത്തിലാണെന്നാണ് കേജ്‌രിവാൾ പ്രതികരിച്ചത്.
∙ കേജ്‌രിവാളാണു ഗോവ തിരഞ്ഞെടുപ്പിന്റെ ചുമതലക്കാരനായി ദുർഗേഷ് പാഠക്കിനെ ചുമതലപ്പെടുത്തിയതെന്നാണ് എഎപി ദേശീയ ട്രഷറർ എൻ.ഡി.ഗുപ്ത നൽകിയ മൊഴി. എന്നാൽ എഎപിയുടെ രാഷ്ട്രീയകാര്യ സമിതിയാണ് (പിഎസി) ഈ തീരുമാനമെടുത്തതെന്നാണു കേജ്‌രിവാൾ പറഞ്ഞത്. പിഎസി അംഗം കൂടിയായ ഗുപ്തയുടെ മൊഴി വിശദീകരിച്ച് കേജ്‌രിവാളിനെ നേരിട്ടപ്പോൾ ഗുപ്തയ്ക്ക് ആശയക്കുഴപ്പമാണെന്നായിരുന്നു മറുപടി.