സഞ്ജയ് സിങ് ജയിൽ വിട്ടു; ഉജ്വല സ്വീകരണം
Mail This Article
ന്യൂഡൽഹി ∙ മദ്യനയക്കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ച എഎപി നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് സിങ് 6 മാസത്തിനു ശേഷം ജയിൽ മോചിതനായി. ഇന്നലെ രാത്രി എട്ടേകാലോടെ തിഹാർ ജയിലിൽ നിന്നു പുറത്തുവന്ന അദ്ദേഹത്തിന് എഎപി പ്രവർത്തകർ വലിയ സ്വീകരണമാണ് ഒരുക്കിയത്.
കഴിഞ്ഞ ഒക്ടോബർ 4ന് അറസ്റ്റിലായ സഞ്ജയ് സിങ്ങിനെ 13നാണു തിഹാറിലേക്കു മാറ്റിയത്. സുപ്രീം കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും നടപടികൾ പൂർത്തിയാക്കാൻ വൈകി. ചൊവ്വാഴ്ച സഞ്ജയ് സിങ്ങിനെ വസന്ത് കുഞ്ചിലെ ഐഎൽബിഎസ് ആശുപത്രിയിൽ പതിവു പരിശോധനകൾക്കായി പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത ഘട്ടത്തിലാണു സുപ്രീം കോടതി ജാമ്യം അനുവദിക്കുന്നത്. ഇന്നലെ ഡിസ്ചാർജ് ചെയ്തു തിഹാറിൽ മടങ്ങിയെത്തിയ ശേഷമാണ് ജാമ്യ നടപടികളും പൂർത്തിയാക്കിയത്. സഞ്ജയ് സിങ്ങിന്റെ കുടുംബാംഗങ്ങളും മന്ത്രി സൗരഭ് ഭരദ്വാജ്, ദുർഗേഷ് പാഠക് എംഎൽഎ എന്നിവരും തിഹാറിൽ അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയിരുന്നു. സഞ്ജയ് സിങ് പിന്നീട് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വസതിയിൽ അദ്ദേഹത്തിന്റെ ഭാര്യ സുനിതയെ കാണാൻ പോയി.
അതിഷിക്ക് ബിജെപിയുടെ വക്കീൽ നോട്ടിസ്
ന്യൂഡൽഹി ∙ ഡൽഹി മന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അതിഷിക്ക് ബിജെപിയുടെ വക്കീൽ നോട്ടിസ്. ബിജെപിയിൽ ചേർന്നില്ലെങ്കിൽ കേസെടുക്കുമെന്നു ഭീഷണിപ്പെടുത്തിയെന്ന അതിഷിയുടെ പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പു പറയണമെന്നാവശ്യപ്പെട്ട് ഡൽഹി ബിജെപി ഘടകമാണ് നോട്ടിസ് അയച്ചത്.
താനടക്കം 4 സീനിയർ നേതാക്കൾ ബിജെപിയിൽ ചേർന്നില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് ബിജെപി ഒരു നേതാവ് വഴി അറിയിച്ചുവെന്ന് അതിഷി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു മാസത്തിനുള്ളിൽ ഇ.ഡി അറസ്റ്റ് ചെയ്യുമെന്നായിരുന്നു ഭീഷണിയെന്നും അവർ പറഞ്ഞു. ആരാണ് സമീപിച്ചതെന്ന് അതിഷിക്ക് തെളിയിക്കാനായിട്ടില്ലെന്നും അതിനാലാണ് നോട്ടിസ് അയച്ചതെന്നും ഡൽഹി ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ദേവ പറഞ്ഞു.