സിപിഎം പ്രകടന പത്രികാ നിർദേശം; കാടൻ നിയമങ്ങൾ റദ്ദാക്കും
Mail This Article
ന്യൂഡൽഹി ∙ മുഖ്യമന്ത്രി നിർദേശിക്കുന്ന 3 പ്രമുഖരുടെ പട്ടികയിൽ നിന്ന് ഗവർണറെ തിരഞ്ഞെടുക്കുന്ന രീതി കൊണ്ടുവരുമെന്ന പ്രഖ്യാപനത്തോടെ സിപിഎം ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി. സംസ്ഥാനങ്ങളുടെ ചെലവിൽ കേന്ദ്ര നയങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന രീതിക്ക് അറുതി വരുത്താൻ ഇതു സഹായിക്കുമെന്നു പ്രകടനപത്രിക വ്യക്തമാക്കുന്നു. മതനിരപേക്ഷതയ്ക്ക് എതിരായ കാഴ്ചപ്പാടുള്ളവർ സർവകലാശാല വിസിമാരായി വരില്ലെന്ന് ഉറപ്പാക്കുമെന്നും പ്രഖ്യാപനമുണ്ട്.
പ്രധാന പ്രഖ്യാപനങ്ങൾ– മോദി സർക്കാർ ഇല്ലാതാക്കിയ സംസ്ഥാന സർക്കാരുകളുടെ ഭരണഘടനാവകാശം പുനഃസ്ഥാപിക്കും. കേന്ദ്രത്തിലേക്ക് എത്തുന്ന നികുതിയുടെ 50% സംസ്ഥാനങ്ങൾക്കു കൈമാറും. കേന്ദ്രം ചുമത്തുന്ന സർചാർജുകൾ, സെസ് എന്നിവയുടെ കാര്യത്തിലും ഇതു ബാധകമാക്കും, ജാതി സെൻസസ് നടത്തും, കശ്മീരിനുള്ള പ്രത്യേകപദവി പുനഃസ്ഥാപിക്കുന്നതടക്കം നടപടി സ്വീകരിക്കും, പൗരത്വഭേദഗതി നിയമം, കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട പിഎംഎൽഎ, നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) തുടങ്ങിയ കാടൻ നിയമങ്ങൾ റദ്ദാക്കും, രാഷ്ട്രീയ പാർട്ടികൾക്ക് കോർപറേറ്റ് സംഭാവന നിരോധിക്കുകയും തിരഞ്ഞെടുപ്പു നടപടികൾ പരിഷ്കരിക്കുകയും ചെയ്യും.
സ്ഥാനാർഥികൾക്കെന്ന പോലെ രാഷ്ട്രീയപാർട്ടികൾക്കും ചെലവിടാവുന്ന തുകയ്ക്ക് പരിധി നിശ്ചയിക്കും, നഗരങ്ങളിൽ തൊഴിൽ ഉറപ്പുനൽകുന്ന പുതിയ നിയമം കൊണ്ടുവരും, തൊഴിലാളി അനുകൂല തൊഴിൽ നിയമങ്ങൾ രൂപപ്പെടുത്തും, സ്വാമിനാഥൻ കമ്മിഷൻ ശുപാർശകൾ നടപ്പാക്കും, ബിജെപിയെയും കൂട്ടുകക്ഷികളെയും തോൽപ്പിക്കുക, ലോക്സഭയിൽ സിപിഎമ്മിന്റെയും ഇടതുകക്ഷികളുടെയും സീറ്റെണ്ണം വർധിപ്പിക്കുക, കേന്ദ്രത്തിൽ മതനിരപേക്ഷ സർക്കാരിനായി പരിശ്രമിക്കുക എന്നിവയാണ് ഈ തിരഞ്ഞെടുപ്പിൽ ലക്ഷ്യംവയ്ക്കുന്നതെന്നും സീതാറാം യച്ചൂരി പറഞ്ഞു.
കേരളത്തിന് തിരുത്ത്,വിദേശ, സ്വകാര്യ വാഴ്സിറ്റികൾ വേണ്ട
ന്യൂഡൽഹി ∙ വിദേശ –സ്വകാര്യ സർവകലാശാലകളോടുള്ള അനുകൂല നിലപാട് ബജറ്റിലൂടെ കേരള സർക്കാർ പ്രഖ്യാപിച്ചിരിക്കെ, അതിനുള്ള തിരുത്തുകൂടിയാണ് സിപിഎം പ്രകടന പത്രിക. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവൽക്കരണവും വിദേശനിക്ഷേപവും പൂർണമായും നിർത്തലാക്കുമെന്നാണ് പ്രകടനപത്രികയിലുള്ളത്.
ബജറ്റ് പ്രഖ്യാപന വേളയിൽ തന്നെ സിപിഎമ്മിന്റെ പ്രഖ്യാപിത നയത്തിൽ നിന്നുള്ള വ്യതിചലനമാണു പിണറായി സർക്കാരിന്റേതെന്നു വിമർശനം കേട്ടിരുന്നു. കേരള ബജറ്റിലെ പ്രഖ്യാപനം ചൂണ്ടിക്കാട്ടിയപ്പോൾ കേന്ദ്ര നിർദേശം പരിശോധിക്കുമെന്നാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റിൽ പറഞ്ഞതെന്നായിരുന്നു യച്ചൂരിയുടെ വിശദീകരണം.