സിറ്റിങ് ജഡ്ജി മാറി, ‘സ്റ്റാൻഡിങ്’ സ്ഥാനാർഥി
Mail This Article
ഹൈക്കോടതി ജഡ്ജി പദവി രാജിവച്ച് ബിജെപിയിൽ ചേർന്ന സ്ഥാനാർഥി ജസ്റ്റിസ് (റിട്ട) അഭിജിത് ഗംഗോപാധ്യായ ബംഗാളിലെ താംലൂക് മണ്ഡലത്തിൽ പ്രചാരണവാഹനത്തിൽ സഞ്ചരിക്കുമ്പോൾ എങ്ങും ജയ് ശ്രീരാം വിളികളാണ്. ഹൂഗ്ലിപ്പുഴയുടെ തീരത്തുള്ള ഹാൽദിയ തുറമുഖപട്ടണത്തിലൂടെ കടന്നുപോകുമ്പോൾ ക്ഷേത്രങ്ങളിൽ അദ്ദേഹത്തിനായി പ്രാർഥനകൾ നടക്കുന്നു.
അഴിമതിക്കെതിരെ നിരന്തരം പോരാടിയ ഗംഗോപാധ്യായ വിരമിക്കാൻ 5 മാസമുള്ളപ്പോഴാണു ജഡ്ജി പദവി രാജിവച്ച് ബിജെപിയിൽ ചേർന്നത്. ഒരു സിറ്റിങ് ജഡ്ജി രാജിവച്ച് മത്സരിക്കുന്നത് അപൂർവം. അതിൽ ശരികേടില്ലെന്നും നീതിയുക്തമായാണ് ഇക്കാലമത്രയും പ്രവർത്തിച്ചതെന്നും ‘മനോരമ’യ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
മന്ത്രി ഉൾപ്പെടെ തൃണമൂൽ നേതൃത്വത്തിലെ പല പ്രമുഖരെയും ജയിലാക്കിയ സ്കൂൾ നിയമന കുംഭകോണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത് അഭിജിത് ഗംഗോപാധ്യയാണ്. മമത ബാനർജി മന്ത്രിസഭയിലെ രണ്ടാമനായിരുന്ന പാർഥ ചാറ്റർജിയെ ഈ കേസിൽ ഇ.ഡി അറസ്റ്റ് ചെയ്തു.
ജഡ്ജിയായിരിക്കെ, തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്കെതിരെ ചാനൽ അഭിമുഖം നൽകിയ അദ്ദേഹത്തെ അഭിഷേകിന്റെ കേസിൽ നിന്നു സുപ്രീം കോടതി മാറ്റി. അന്നു രാത്രി 12നകം കേസ് രേഖകൾ ഹാജരാക്കാൻ സുപ്രീം കോടതി സെക്രട്ടറി ജനറലിന് ഗംഗോപാധ്യായ ഉത്തരവ് നൽകി. കോടതി സമയം കഴിഞ്ഞ് സുപ്രീം കോടതി വീണ്ടും കൂടിയാണ് ഗംഗോപാധ്യായയുടെ ഉത്തരവ് സ്റ്റേ ചെയ്തത്. മെഡിക്കൽ എൻട്രൻസ് പരീക്ഷയിലെ ക്രമക്കേടുകൾ സംബന്ധിച്ചു സ്വീകരിച്ച നടപടിയിലും സുപ്രീം കോടതി ഇടപെടേണ്ടിവന്നു.
ഇടതുപക്ഷ അനുഭാവിയായിട്ടാണു ഗംഗോപാധ്യായയെ എല്ലാവരും കണ്ടിരുന്നത്. ഇടതു സർക്കാരിൽ നിയമമന്ത്രിയായിരുന്ന നിഷിത് അധികാരിയുടെ ജൂനിയറായിരുന്നു അദ്ദേഹം.
യുവനേതാവും പാർട്ടിയുടെ സമൂഹമാധ്യമ വിഭാഗം മേധാവിയുമായ ദേബാംഗു ഭട്ടാചാര്യയാണ് ഇവിടെ തൃണമൂൽ സ്ഥാനാർഥി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഹിറ്റായ 'ഖേലാ ഹോബെ’ എന്ന മുദ്രാവാക്യം സൃഷ്ടിച്ച അദ്ദേഹം നിശിതമായ ആക്രമണമാണ് തൊടുത്തുവിടുന്നത്. മാർക്സിൽ നിന്നു മോദിയിലേക്കുള്ള പരിണാമമാണു നടക്കുന്നതെന്നും രാഷ്ട്രീയ പ്രേരിതമായിരുന്നു വിധികളെന്നും ദേബാംഗു പറയുന്നു. കോടതിയിലിരുന്നു രാഷ്ട്രീയപ്രേരിതമായി വിധി പറഞ്ഞ ‘ബാബു’വിനെ പിന്തുടർന്നു തോൽപിക്കുമെന്ന് പ്രഖ്യാപിച്ച മമത ഇവിടെ വൈകാതെ പ്രചാരണത്തിനെത്തും.
വരട്ടെ, എല്ലാം പഠിച്ചു പറയാം
q രാഷ്ട്രീയത്തിലിറങ്ങാനുള്ള കാരണം?
Aകോടതിമുറിക്കപ്പുറം ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കണം. രാജ്യത്തിന്റെ ഭാവി ബിജെപിയിലാണെന്നു കരുതുന്നു. തൃണമൂലിനെ ബംഗാളിൽ പ്രതിരോധിക്കാൻ ബിജെപിക്കേ സാധിക്കൂ.
qഅഴിമതിവിരുദ്ധനായ താങ്കൾക്ക് ഇലക്ടറൽ ബോണ്ടിനെക്കുറിച്ച് എന്താണ് അഭിപ്രായം ?
Aഇതിൽ ഞാൻ പ്രതികരിക്കില്ല. ബിജെപി ദേശീയ വക്താക്കൾ ഇതേക്കുറിച്ച് പറയും.
qമോദി ഭരണത്തിൽ ഭരണഘടന വെല്ലുവിളികൾ നേരിടുന്നുവെന്ന ആരോപണത്തെക്കുറിച്ച് ?
Aഇത്തരം ആരോപണത്തെക്കുറിച്ച് എനിക്ക് പഠിക്കേണ്ടതുണ്ട്. ബിജെപി ഇങ്ങനെ ചെയ്യുമോ എന്നതിനെക്കുറിച്ചും എനിക്ക് പഠിക്കേണ്ടതുണ്ട്.
qഇത്തരം ഒരു സാഹചര്യം ഉണ്ടായാൽ അതിനെ പാർട്ടിയിൽ ചോദ്യം ചെയ്യുമോ ?
Aഎനിക്ക് അറിയില്ല. ചോദ്യം തന്നെ സാങ്കൽപികമായതിനാൽ ഉത്തരം നൽകുന്നില്ല.
q എന്തുകൊണ്ട് മമത ബാനർജിയോട് ഇത്ര ദേഷ്യം?
Aമികച്ച പ്രതിപക്ഷമായിരുന്നു അവർ. ഇടത് ഭരണത്തെ അവർ മറിച്ചിട്ടു. ഭരണത്തിലെത്തിയ ശേഷം അഴിമതിക്കാർക്കൊപ്പമായിരുന്നു മമത. പക്ഷേ, അഴിമതിക്കാരെക്കുറിച്ചും അക്രമികളെക്കുറിച്ചും- അത് പാർഥ ചാറ്റർജിയായാലും സന്ദേശ് ഖലിയിലെ ഷാജഹാൻ ഷെയ്ഖ് ആയാലും- ചോദിച്ചാൽ ഒന്നും അറിയില്ല എന്നായിരിക്കും അവരുടെ ഉത്തരം.