എൻസിഇആർടി: ബാബറി മസ്ജിദ് തകർത്തത് പാഠപുസ്തകത്തിനു പുറത്ത്
Mail This Article
ന്യൂഡൽഹി ∙ അയോധ്യയിലെ ബാബറി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപത്തിൽ മുസ്‌ലിം വിഭാഗക്കാരെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട പരാമർശങ്ങളും പാഠപുസ്തകങ്ങളിൽനിന്ന് എൻസിഇആർടി ഒഴിവാക്കി. ഇതുൾപ്പെടെയുള്ള മാറ്റങ്ങൾ വരുത്തിയാകും 11, 12 ക്ലാസുകളിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകം പുതിയ അധ്യയന വർഷം വിദ്യാർഥികൾക്കു ലഭിക്കുക.
12–ാം ക്ലാസിലെ ‘സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യൻ രാഷ്ട്രീയം’ എന്ന പുസ്തകത്തിന്റെ എട്ടാമത്തെ അധ്യായത്തിൽ സമീപകാലത്ത് ഇന്ത്യൻ രാഷ്ട്രീയത്തിൽ നടന്ന 5 സംഭവങ്ങളെക്കുറിച്ചു വിവരിച്ചിരുന്നു: 1989 നു ശേഷം കോൺഗ്രസിനു സംഭവിച്ച തകർച്ച, മണ്ഡൽ കമ്മിഷൻ, 1991 ലെ സാമ്പത്തിക നവീകരണ കാലഘട്ടം, രാജീവ് ഗാന്ധിയുടെ കൊലപാതകം, ബാബറി മസ്ജിദ് തകർത്തത് എന്നിവയാണിത്. രാമജന്മഭൂമി പ്രചാരണവും യുപിയിലെ രാഷ്ട്രപതിഭരണവും വർഗീയ കലാപവുമെല്ലാം ഈ പാഠഭാഗത്തിൽ വിവരിച്ചിരുന്നു. ഈ ഭാഗം പൂർണമായി ഒഴിവാക്കി.
∙ 11–ാം ക്ലാസിലെ, മതനിരപേക്ഷതയുമായി ബന്ധപ്പെട്ട എട്ടാം അധ്യായത്തിൽ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഭാഗത്തെ ഒരു പരാമർശം ഇങ്ങനെയായിരുന്നു: ‘ആയിരത്തിലേറെപ്പേർ, കൂടുതലും മുസ്‌ലിം വിഭാഗക്കാർ, 2002 ലെ ഗുജറാത്ത് കലാപത്തിനിടെ കൊല ചെയ്യപ്പെട്ടു’. ഇതിൽ മുസ്‌ലിം എന്ന പരാമർശം ഒഴിവാക്കി.
∙ പാക്ക് അധിനിവേശ കശ്മീരിനെക്കുറിച്ചു മുൻപത്തെ പാഠപുസ്തകത്തിൽ ‘ഈ പ്രദേശം അനധികൃതമായി കയ്യേറിയിരിക്കുന്നുവെന്ന് ഇന്ത്യ അവകാശപ്പെടുന്നു. പാക്കിസ്ഥാൻ ഈ പ്രദേശത്തെ ആസാദ് പാക്കിസ്ഥാൻ എന്നു വിശേഷിപ്പിക്കുന്നു’ എന്ന ഭാഗം പരിഷ്കരിച്ച് ‘എന്നിരുന്നാലും ഇതു പാക്കിസ്ഥാന്റെ അനധികൃത കയ്യേറ്റത്തിലുള്ള ഇന്ത്യൻ പ്രദേശമാണ്. അതിനെ പാക്കിസ്ഥാൻ അധിനിവേശ ജമ്മു ആൻഡ് കശ്മീർ എന്നാണ് അവർ അവകാശപ്പെടുന്നത്’ എന്നാക്കി മാറ്റി.