തൂത്തുക്കുടി: ആത്മവിശ്വാസത്തോടെ കനിമൊഴി; മൊഴിക്ക് തേനഴക്, സിരിപ്പ് കനിയഴക്
Mail This Article
കറുപ്പു ചുവപ്പു കൊടി പറക്കത്, കഴക കൊടി പറപറക്കത്... പശുവന്താനയിലെ കൈലാസപതി ക്ഷേത്രത്തിനടുത്തു മുക്കവലയിൽ ഉച്ചഭാഷിണിയിൽ പാട്ട്. ഇരുനൂറോളം പേരിൽ ഭൂരിഭാഗവും സ്ത്രീകൾ. ഡിഎംകെയുടെയും കോൺഗ്രസിന്റെയും കൊടികൾ പാറിക്കളിക്കുന്നു. പേരിനു സിപിഎം, സിപിഐ കൊടികളുണ്ട്. സ്ത്രീകൾ കയ്യിലേന്തിയ പ്ലക്കാർഡുകളിൽ കൈകൂപ്പി നിൽക്കുന്ന കനിമൊഴി, പശ്ചാത്തലത്തിൽ കരുണാനിധി, സ്റ്റാലിൻ, ഉദയനിധി.... ഡിഎംകെ ‘കുടുംബചിത്രം’.
പഴയ തമിഴ് ചിത്രങ്ങളിലെ ഉൾനാടൻ ഗ്രാമങ്ങളെ ഓർമിപ്പിക്കുന്ന പശുവന്താന തൂത്തൂക്കുടി ലോക്സഭാ മണ്ഡലത്തിലുൾപ്പെടുന്ന പ്രദേശമാണ്. സിറ്റിങ് എംപി കനിമൊഴി വോട്ടർമാരെ കാണാനെത്തുകയാണ്. റിലീസിനു മുൻപേ ട്രയൽ പോലെ ആദ്യമെത്തിയത് ചെറിയൊരു പ്രചാരണ വാഹനം. പാട്ടു നിലച്ചു. ഡിഎംകെയുടെ ഷാൾ കഴുത്തിലണിഞ്ഞ പ്രാദേശിക നേതാവ് മൈക്ക് കയ്യിലെടുത്തു. 10 മിനിറ്റ് കഴിഞ്ഞു കാണും, മുന്നിൽ ‘ഉദയ സൂര്യൻ’ പതിപ്പിച്ച വലിയ വാഹനമെത്തി. മുൻസീറ്റിൽ ചിരിച്ചു കൈകൂപ്പി കനിമൊഴി. റോസാപ്പൂക്കൾ അന്തരീക്ഷത്തിൽ പറന്നു. സമയമൊട്ടും കളയാതെ വാഹനത്തിനു മുകളിൽ കയറി കനിമൊഴി പ്രസംഗം തുടങ്ങി.
അഞ്ചു കിലോയിലേറെ ഭാരമുള്ള 3 റോസാപ്പൂമാലകൾ സ്ഥാനാർഥിയെ അണിയിക്കാനായി തയാറാക്കിവച്ചിരുന്നു. വാഹനത്തിനു മുകളിൽനിന്നു കൈനീട്ടി അവയിലൊന്നു തൊടുക മാത്രം ചെയ്തു കനിമൊഴി. ആസ്വദിച്ചു ക്ലാസെടുക്കുന്ന അധ്യാപികയെ ഓർമിപ്പിക്കുന്ന പ്രസംഗം. സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ്, കേന്ദ്രത്തെ വിമർശിക്കുന്നതിനിടെ ‘ക്ലാസിലേക്ക്’ ചോദ്യമെറിയുന്നു. ‘ഇപ്പോൾ ഗ്യാസിന് എത്രയാണു വില ?’ സദസ്സിൽനിന്ന് ഒന്നിലേറെ മറുപടികൾ. ‘ഇന്ത്യാസഖ്യം അധികാരത്തിലേറിയാൽ 500 രൂപയാക്കും’. ‘ഡീസലിന് 65 രൂപയാക്കും, നീറ്റ് പരീക്ഷ റദ്ദാക്കും...’
പ്രസംഗത്തിനിടെ കൃത്യമായ ഇടവേളയിൽ വിടർന്ന ചിരിയുണ്ട്. ഇതൊരു സിനിമാ രംഗമായിരുന്നെങ്കിൽ പശ്ചാത്തലത്തിൽ ഒരു പാട്ടിനു സ്കോപ്പുണ്ട്. ‘മൊഴിക്ക് തേനഴക്, സിരിപ്പ് കനിയഴക്’. തൂത്തുക്കുടിയിൽ ‘അക്കായ്ക്ക് പോട്ടിയേ’ ഇല്ലെന്നു ഡിഎംകെ പ്രവർത്തകർ പറയുന്നു. വ്യവസായി ആർ.ശിവസാമി വേലുമണിയാണ് അണ്ണാ ഡിഎംകെ സ്ഥാനാർഥി. ബിജെപി സഖ്യത്തിൽ തമിഴ് മാനില കോൺഗ്രസിന്റെ എസ്.ഡി.ആർ.വിജയശീലൻ മത്സരിക്കുന്നു. തമിഴിസൈ സൗന്ദരരാജൻ എതിരാളിയായിട്ടും കഴിഞ്ഞ തവണ 3.47 ലക്ഷം വോട്ടിനായിരുന്നു ജയം.
കണക്കുകൾ തുണ
മണ്ഡലത്തിലെ 6 നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചിലും ഡിഎംകെ സഖ്യത്തിന്റെ എംഎൽഎമാരാണ്. കഴിഞ്ഞതവണ മത്സരിക്കാനെത്തുമ്പോൾ കനിമൊഴി തൂത്തൂക്കുടിക്കാർക്കു കലൈജ്ഞറുടെ കൺമണിയായിരുന്നെങ്കിൽ ഇപ്പോൾ സ്വന്തം കനിമൊഴി അക്കയാണ്. ഡിഎംകെ ഡപ്യൂട്ടി ജനറൽ സെക്രട്ടറിയായ കനിമൊഴി സംസ്ഥാനമാകെ ഓടിനടന്നു പ്രചാരണത്തിലാണ്. ഡിഎംകെയുടെ ‘ഡൽഹി മുഖത്തിന്’ ദൂരമേറെയുണ്ട് താണ്ടാൻ....
എല്ലായിടത്തും ഇന്ത്യാസഖ്യത്തിന് അനൂകൂല തരംഗം: കനിമൊഴി
Q സംസ്ഥാനത്തു ഡിഎംകെ ഭരണമാണ്. ഭരണവിരുദ്ധ വികാരം തിരിച്ചടിയാകുമോ?
A ഞാൻ സംസ്ഥാനം മുഴുവൻ പര്യടനം നടത്തി. ഇന്ത്യാസഖ്യത്തിന് അനൂകൂലമായ തരംഗം എല്ലായിടത്തുമുണ്ട്. ചില പദ്ധതികളുടെ ആനുകൂല്യം ലഭിക്കാത്തവർക്ക് അതൃപ്തിയുണ്ടാകാം. കേന്ദ്രസർക്കാരിനെതിരായ വികാരം അതിലും ശക്തം.
Q കച്ചിത്തീവ് പ്രശ്നം ബിജെപി ഉന്നയിക്കുന്നു?
A ഡിഎംകെ ഇതു പലവട്ടം ഉയർത്തിയതാണ്. അന്നു ബിജെപി തിരിഞ്ഞുനോക്കിയില്ല. ഇപ്പോൾ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള കളിയാണെന്ന് ആർക്കാണറിയാത്തത് ?
Q തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിന്റെ ഭാഗമായ കോൺഗ്രസും ഇടതുപാർട്ടികളും കേരളത്തിൽ പരസ്പരം മത്സരിക്കുന്നു. ഇതു മുന്നണിയുടെ പ്രകടനത്തെ ബാധിക്കില്ലേ?
A പല സംസ്ഥാനങ്ങളിലും ആ സ്ഥിതിയുണ്ടല്ലോ. എല്ലാവരുടെയും ലക്ഷ്യം ഒന്നാണ്. തിരഞ്ഞെടുപ്പിനു ശേഷം അതിനായി എല്ലാവരും ഒന്നിക്കും.
Q ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാൽ ആരായിരിക്കും പ്രധാനമന്ത്രി?
A അതെല്ലാം തിരഞ്ഞെടുപ്പിനു ശേഷം തീരുമാനിക്കേണ്ട കാര്യങ്ങളാണ്.