ദലിത് കർഷക കുടുംബത്തെ പറഞ്ഞുപറ്റിച്ചു; 11 കോടിയുടെ ബോണ്ട് ബിജെപിക്കും സേനയ്ക്കും
Mail This Article
ന്യൂഡൽഹി ∙ ഗുജറാത്തിലെ ദലിത് കർഷക കുടുംബത്തെ കബളിപ്പിച്ച് 11 കോടിയിലേറെ രൂപയുടെ ഇലക്ടറൽ ബോണ്ട് വാങ്ങിപ്പിച്ചതായി പരാതി. ഇതിൽ 10 കോടി രൂപ ബിജെപിയും ഒരു കോടി രൂപയിലേറെ ശിവസേനയും പണമാക്കി മാറ്റിയതായി ‘ദ് ക്വിന്റ്’ വാർത്താപോർട്ടൽ റിപ്പോർട്ട് ചെയ്തു. അദാനി ഗ്രൂപ്പുമായി ബന്ധമുള്ള വെൽസ്പൺ എന്റർപ്രൈസസ് എന്ന കമ്പനിയിലെ ഉദ്യോഗസ്ഥരാണു കബളിപ്പിച്ചതെന്ന് കുടുംബം ആരോപിക്കുന്നു.
ഗുജറാത്തിലെ അഞ്ജാറിൽ താമസിക്കുന്ന സവാകര മാൻവറിന്റെ കുടുംബമാണു കബളിപ്പിക്കപ്പെട്ടത്. ഇവരുടെ കൃഷിഭൂമി വെൽസ്പൺ ഏറ്റെടുത്തതിന് 16.61 കോടി രൂപ പ്രതിഫലമായി ലഭിച്ചു. ഇത്രയും വലിയ തുക ബാങ്കിൽ നിക്ഷേപിക്കുന്നത് ആദായനികുതി പ്രശ്നങ്ങൾക്കു കാരണമാകുമെന്ന് വെൽസ്പൺ മാനേജർ ഇവരോടു പറഞ്ഞു. ഇത് ഒഴിവാക്കാൻ ഇലക്ടറൽ ബോണ്ട് പദ്ധതിയെക്കുറിച്ചു പരിചയപ്പെടുത്തി.
5 വർഷം കൊണ്ട് ഒന്നരയിരട്ടി ലാഭം ലഭിക്കുമെന്നു തെറ്റിദ്ധരിപ്പിച്ചുവെന്നാണു പരാതി. ഇതോടെ 11 കോടി രൂപയിലേറെ ഇലക്ടറൽ ബോണ്ടാക്കി മാറ്റി. ഇലക്ടറൽ ബോണ്ട് വാങ്ങുന്നതിനു മുൻപു നടന്ന ചർച്ചകളിൽ ബിജെപി നേതാവ് ഹേമന്ത് രജനികാന്ത് പങ്കെടുത്തിട്ടുണ്ടെന്നും കുടുംബം ആരോപിച്ചു. പൊലീസിൽ പരാതി നൽകി.