ബിജെപി 9 പേരുടെ കൂടി പട്ടിക പ്രഖ്യാപിച്ചു: റീത്തയ്ക്കും കിരൺ ഖേറിനും സീറ്റില്ല
Mail This Article
ന്യൂഡൽഹി∙ സിറ്റിങ് എംപിമാരായ നടി കിരൺ ഖേർ (ചണ്ഡിഗഡ്), വീരേന്ദ്ര സിങ് മസ്ത് (ബലിയ), റീത്ത ബഹുഗുണ ജോഷി (അലഹാബാദ്) എന്നിവർക്കു ബിജെപി സീറ്റില്ല. ഈ സീറ്റുകളടക്കം 9 പേരുടെ പട്ടിക ബിജെപി പ്രഖ്യാപിച്ചു. പത്താം സ്ഥാനാർഥിപ്പട്ടികയാണിത്. മുൻപ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകനും രാജ്യസഭാംഗവുമായ നീരജ് ശേഖർ ഉത്തർപ്രദേശിലെ ബലിയയിൽ നിന്ന് ലോക്സഭയിലേക്കു മത്സരിക്കും. ചന്ദ്രശേഖറിന്റെ മണ്ഡലമായിരുന്നു ബലിയ. നേരത്തേ പ്രഖ്യാപിച്ച സ്ഥാനാർഥി പിന്മാറിയ ബംഗാളിലെ അസൻസോളിൽ മുൻ കേന്ദ്രമന്ത്രിയും നിലവിൽ ലോക്സഭാംഗവുമായ എസ്.എസ്.അലുവാലിയയെ സ്ഥാനാർഥിയാക്കി.
ബർധമാൻ–ദുർഗാപുരിൽ നിന്നുള്ള ലോക്സഭാംഗമായ അലുവാലിയക്ക് നേരത്തേ സീറ്റ് നിഷേധിച്ചിരുന്നു. നടൻ പവൻ സിങ്ങായിരുന്നു ആദ്യം പ്രഖ്യാപിച്ച സ്ഥാനാർഥി. അലുവാലിയക്കു പകരം ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷിനെയാണ് ബർധമാനിൽ സ്ഥാനാർഥിയാക്കിയത്. മഹുവ മൊയ്ത്രയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ എത്തിക്സ് കമ്മിറ്റി ചെയർമാനായിരുന്ന വിനോദ് സോൻകർ കൗഷംബി (യുപി)യിൽ നിന്ന് വീണ്ടും മത്സരിക്കും. ചണ്ഡിഗഡിൽ സഞ്ജയ് ടണ്ഠനെ സ്ഥാനാർഥിയാക്കി. അലഹാബാദിൽ റീത്ത ബഹുഗുണ ജോഷിക്കു പകരം നീരജ് ത്രിപാഠി മത്സരിക്കും. മുൻ ഗവർണർ കേസരി നാഥ് ത്രിപാഠിയുടെ മകനാണ് നീരജ്.
കഴിഞ്ഞ തവണ ബിഎസ്പി ജയിച്ച ഗാസിപുരിൽ കശ്മീർ ലഫ്.ഗവർണർ മനോജ് സിൻഹയുടെ വിശ്വസ്തൻ പരസ് നാഥ് റായി ആണ് സ്ഥാനാർഥി. ഇവിടെ മകൻ അഭിനവ് സിൻഹയ്ക്ക് സീറ്റിനായി മനോജ് സിൻഹ ശ്രമിച്ചിരുന്നെങ്കിലും ലഭിക്കാത്തതിനാൽ പരസിന്റെ പേര് നിർദേശിക്കുകയായിരുന്നു. യുപി ടൂറിസം മന്ത്രി ജയ്‌വീർ സിങ് ഠാക്കൂറാണ് സമാജ്‌വാദി പാർട്ടിയുടെ കോട്ടയായ മെയിൻപുരിയിൽ ബിജെപി സ്ഥാനാർഥി. എസ്പിയുടെ സിറ്റിങ് എംപി ഡിംപിൾ യാദവാണ് ഇവിടെ ഇന്ത്യ മുന്നണി സ്ഥാനാർഥി.