വിദ്യാറാണി അച്ഛനെ കണ്ടിട്ടുള്ളത് ഒരുതവണ; നമ്മുടെ ചിഹ്നം ആ ‘കൊമ്പൻ മീശ’
Mail This Article
തമിഴ്നാടിന്റെ അതിർത്തിജില്ലയായ കൃഷ്ണഗിരിയിൽ കൂറ്റൻ ബോർഡിൽ കയറു പോലെ പിരിച്ചുവച്ച കൊമ്പൻ മീശയാണ് ആദ്യം കണ്ണിലുടക്കിയത്. അതെ, ചന്ദനക്കൊള്ളക്കാരൻ വീരപ്പന്റെ ചിത്രം. തമിഴിലെഴുതിയ അഭ്യർഥന ഇപ്രകാരം. ‘നാം തമിഴർ കക്ഷി വേപ്പാളർ വിദ്യാറാണി വീരപ്പനെ വിജയിപ്പിക്കുക. നമ്മുടെ ചിഹ്നം മൈക്ക്’. വീരപ്പന്റെ മൂത്തമകൾ വിദ്യാറാണി (33) തിരഞ്ഞെടുപ്പിൽ കന്നിയങ്കം കുറിക്കുകയാണ്.
സമീപത്തെ നാം തമിഴർ കക്ഷി ഓഫിസിൽ കയറിച്ചെന്നപ്പോൾ പിടിച്ചതിനേക്കാൾ വലുത് മാളത്തിൽ: വീരപ്പനൊപ്പം എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരൻ, ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിൽ കൊല്ലപ്പെട്ട എൽടിടിഇ പ്രവർത്തകർ എന്നിവരുടെ വലിയ ചിത്രങ്ങൾ. ചെറുപ്പക്കാർ പറഞ്ഞു.‘വേപ്പാളർ കുന്ദറപ്പള്ളി ഏരിയയിലിറുക്ക്. അങ്കെ പോയാൽ പാക്കമുടിയും’.
കുന്ദറപ്പള്ളിയും ബലനപ്പള്ളിയും പിന്നിട്ടു നട്ടുച്ചയ്ക്ക് മാടെപ്പള്ളിയിലെത്തിയപ്പോൾ ആൾക്കൂട്ടം. വിദ്യാറാണി വോട്ടു ചോദിക്കുകയാണ്. മാധ്യമങ്ങൾക്ക് അഭിമുഖം നൽകുന്നുമുണ്ട്. തമിഴിൽ വേണ്ടവർക്ക് അങ്ങനെ, ഇംഗ്ലിഷെങ്കിൽ നല്ല ഒഴുക്കുള്ള ഇംഗ്ലിഷിൽ. മുതിർന്നവർ തലയിൽ കൈവച്ചനുഗ്രഹിക്കുന്നു. കൊച്ചു കുഞ്ഞുങ്ങളെ അമ്മമാരുടെ കയ്യിൽ നിന്നു വാങ്ങി ഉമ്മ നൽകുമ്പോൾ അനൗൺസ്മെന്റ് മുഴങ്ങി.‘നമ്മുടെ അരുമ വേപ്പാളർ, വനം കാവലർ വീരപ്പൻ അയ്യായുടെ മൂത്തമകൾ വിദ്യാറാണി വീരപ്പൻ ........’
പ്രത്യേക ദൗത്യസേനയുടെ വെടിയേറ്റ് വീരപ്പൻ 2004ൽ കൊല്ലപ്പെടുമ്പോൾ വിദ്യാറാണിക്ക് പ്രായം 14. ഒറ്റത്തവണയാണ് വിദ്യ ‘അപ്പായെ’ കണ്ടത്. മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയത്ത് അര മണിക്കൂർ നീണ്ട അന്നത്തെ കാഴ്ചയാണു പിന്നീടുള്ള ജീവിതത്തിലെ പ്രചോദനമെന്ന് വിദ്യ. അച്ഛനോടുള്ള ഇഷ്ടം കൊണ്ടാണു വലതു കൈത്തണ്ടയിൽ ‘വീര’യെന്നു പച്ചകുത്തിയിരിക്കുന്നത്.
ഡോക്ടറായി നാട്ടുകാരെ സേവിക്കണമെന്നാണ് അന്ന് വീരപ്പൻ പറഞ്ഞത്. അത് പാലിക്കാനായില്ലെങ്കിലും നിയമ ബിരുദധാരിയായ അവർ കൃഷ്ണഗിരിയിൽ നഴ്സറി സ്കൂൾ നടത്തുകയാണ്. വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി 2006ൽ പെണ്ണഗരം മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് 9871 വോട്ടു നേടിയിരുന്നു.
വിദ്യാറാണി മനോരമയോട്
Qഎന്തു കൊണ്ട് രാഷ്ട്രീയത്തിലിറങ്ങി?
Aഎന്റെ വളർച്ചയിൽ എന്റെ നാട്ടുകാർ ഏറെ സഹായിച്ചിട്ടുണ്ട്. അവർക്ക് എന്തെങ്കിലും തിരിച്ചു നൽകണമെന്ന ആഗ്രഹമാണു രാഷ്ട്രീയത്തിലിറങ്ങാൻ കാരണം.
Qആദ്യം ചേർന്നതു ബിജെപിയിലായിരുന്നല്ലോ? എന്തു കൊണ്ടാണ് ബിജെപി വിട്ട് നാം തമിഴർ കക്ഷിയിൽ ചേർന്നത്?
Aബിജെപി ദേശീയ കക്ഷിയാണല്ലോ. അവർ എല്ലാ സംസ്ഥാനങ്ങളെയും ഒരേ രീതിയിലാണ് പരിഗണിക്കുക. എന്നാൽ, പല സംസ്ഥാനങ്ങൾക്കും അവരുടേതായ പ്രശ്നങ്ങളുണ്ടാകും. തമിഴ്നാട്ടിലെ ജനങ്ങളെ സേവിക്കുകയാണ് എന്റെ ലക്ഷ്യം. അതിന് ഉചിതമായ പാർട്ടിയാണ് നാം തമിഴർ കക്ഷി.
Qജനങ്ങളുടെ പ്രതികരണം എങ്ങനെ?
Aപലരും അവരുടെ രക്ഷകയായാണ് എന്നെ കാണുന്നത്. അപ്പായെ ദൈവമായി കാണുന്ന ഗ്രാമീണർ എന്നിൽ അപ്പായെ കാണുന്നു.
Qപുറത്ത് ചന്ദനക്കൊള്ളക്കാരനും കൊലപാതകിയുമായാണ് വീരപ്പൻ അറിയപ്പെടുന്നത്?
Aസാഹചര്യങ്ങളാണ് അദ്ദേഹത്തെ അങ്ങനെയൊക്കെയാക്കിയത്. അദ്ദേഹത്തിന്റെ പേരിൽ ഒറ്റ എഫ്ഐആർ മാത്രമുണ്ടായിരുന്ന കാലത്ത് എല്ലാം നിർത്തി സാധാരണ ജീവിതം നയിക്കാൻ ആഗ്രഹിച്ചിരുന്നത് എനിക്കറിയാം. എന്നാൽ, പലരും അതു സമ്മതിച്ചില്ല. പാവപ്പെട്ടവരെ സഹായിക്കണമെന്ന നല്ല മനസ്സ് അപ്പായ്ക്കുണ്ടായിരുന്നു. അതാണു ഞാൻ മാതൃകയാക്കുന്നത്.