ആന്ധ്രക്കാരൻ ഗോപിചന്ദ് ബഹിരാകാശത്തേക്ക്
Mail This Article
ബെംഗളൂരു ∙ ബഹിരാകാശ യാത്രയ്ക്ക് തയാറെടുക്കുന്ന മലയാളി യാത്രികൻ സന്തോഷ് ജോർജ് കുളങ്ങരയ്ക്കു മുൻപേ, ആന്ധ്രപ്രദേശ് വിജയവാഡ സ്വദേശി ഗോപിചന്ദ് തോട്ടക്കുറ(30) ഇന്ത്യയുടെ ആദ്യ ബഹിരാകാശ ടൂറിസ്റ്റ് ആയേക്കും. ആമസോൺ ഉടമ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്റെ ബഹിരാകാശ ദൗത്യമായ ന്യു ഷെപ്പേഡ്–25 ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഗോപിചന്ദ് ഈ മാസം യാത്ര നടത്തുമെന്നാണ് വിവരം.
6 പേരാണ് ദൗത്യത്തിന്റെ ഭാഗമാകുന്നത്. 1984 ൽ ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യൻ സഞ്ചാരി റിട്ട. വിങ് കമാൻഡർ രാകേഷ് ശർമയ്ക്കു ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ പൗരനാാകും ഗോപിചന്ദ്. പൈലറ്റും യുഎസ് അറ്റ്ലാന്റയിലെ സുഖചികിത്സാ സംരംഭമായ പ്രിസർവ് ലൈഫ് കോറിന്റെ സ്ഥാപകനുമാണ്. യുഎസ് ഫ്ലോറിഡയിലെ എംബ്രി–റിഡിൽ സർവകലാശാലയിൽ നിന്ന് എയ്റോനോട്ടിക്കൽ സയൻസിൽ ബിരുദമെടുത്ത അദ്ദേഹം ഇന്ത്യയിൽ എയർ ആംബുലൻസ് സർവീസും നടത്തിയിരുന്നു.