പ്രതിപക്ഷ അറസ്റ്റ് വ്യക്തമാക്കുന്നത് ബിജെപിയുടെ ഭയം; പോരാട്ടം മോദിയും ജനങ്ങളും തമ്മിൽ: ഖർഗെ
Mail This Article
ഭൂരിപക്ഷം ലഭിക്കുമെന്ന് ബിജെപിക്ക് ആത്മവിശ്വാസമില്ല. ഉണ്ടായിരുന്നെങ്കിൽ അവർ പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യില്ലായിരുന്നു. ഹിമാചലിലും ബിഹാറിലുമുള്ള സർക്കാരുകളെ അസ്ഥിരപ്പെടുത്തില്ലായിരുന്നു– കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിലെ പോരാട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തെ സാധാരണ ജനങ്ങളും തമ്മിലാണെന്നും ബെംഗളൂരുവിൽ മനോരമയ്ക്കും ‘ദ് വീക്ക്’ വാരികയ്ക്കും നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
അഭിമുഖത്തിൽ നിന്ന്:
Q ഇത്തവണ 370 സീറ്റ് നേടുമെന്നും എൻഡിഎ 400 കടക്കുമെന്നുമാണ് ബിജെപിയുടെ അവകാശവാദം.
A അവർക്ക് എന്തു വേണമെങ്കിലും പറയാം. അവകാശവാദങ്ങൾക്ക് നികുതി അടയ്ക്കേണ്ടതില്ലല്ലോ. ആർഎസ്എസ് നടത്തിയ സർവേ പ്രകാരം ബിജെപി 200 സീറ്റ് പോലും നേടില്ലെന്നാണ് എനിക്കു ലഭിച്ച വിവരം. 2004 ൽ ബിജെപി ‘ഇന്ത്യ തിളങ്ങുന്നു’വെന്ന് അവകാശപ്പെട്ട് ഉയർത്തിയ മുദ്രാവാക്യത്തിന്റെ ഗതിയായിരിക്കും ഇത്തവണയും ഉണ്ടാവുക.
Q മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കുറഞ്ഞ സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്; ഏതാണ്ട് മുന്നൂറോളം. പ്രതീക്ഷ എത്രത്തോളമുണ്ട്?
A ബിഹാർ, യുപി അടക്കമുള്ള സംസ്ഥാനങ്ങളിൽ ഞങ്ങൾ ശക്തമായ പോരാട്ടം കാഴ്ചവച്ച് ഭൂരിഭാഗം സീറ്റുകൾ നേടും. ഇന്ത്യാസഖ്യം അധികാരത്തിലെത്തും.
Q രാജ്യത്തെ വികസനത്തിലേക്കു നയിച്ചുവെന്ന അവകാശവാദമാണ് മോദി സർക്കാരിനുള്ളത്.
A കഴിഞ്ഞ 10 വർഷത്തെ മോദി ഭരണം വലിയ ദുരന്തമായിരുന്നു. 2014 നു മുൻപ് 26 കോടി ജനങ്ങളെ യുപിഎ സർക്കാർ ദാരിദ്ര്യത്തിൽ നിന്നു കരകയറ്റി. ഈ സർക്കാരിന്റെ കാലത്ത് ദാരിദ്ര്യം വർധിച്ചു. 80 കോടി ജനങ്ങൾ സൗജന്യ റേഷൻ മാത്രം ആശ്രയിച്ചു കഴിയുകയാണ്. രാജ്യത്തെ തൊഴിൽരഹിതരിൽ 83% പേർ 34 വയസ്സിൽ താഴെയുള്ളവരാണ്.
Q ഇന്ത്യാസഖ്യം അഴിമതിക്കാരുടെ കൂട്ടമാണെന്ന് ബിജെപിയും മോദിയും ആരോപിക്കുന്നു.
A ഇലക്ടറൽ ബോണ്ടിലൂടെ 8000 കോടിയിലേറെ രൂപ നേടിയ ബിജെപിയാണ് യഥാർഥ അഴിമതിപ്പാർട്ടി. അഴിമതിയുടെ പേരിലാണ് കർണാടകയിൽ ജനം ബിജെപിയെ ഭരണത്തിൽ നിന്നു പുറത്താക്കിയത്. അഴിമതിക്കേസുകളിലുൾപ്പെട്ട 25 നേതാക്കൾ ബിജെപിയിൽ ചേർന്നതായി അടുത്തിടെ റിപ്പോർട്ടുണ്ടായിരുന്നു. അതിനു പിന്നാലെ അവർക്കെതിരായ കേസുകൾ മാഞ്ഞുപോയി. അഴിമതിയിലുൾപ്പെട്ടവരെ മോദിയുടെയും അമിത് ഷായുടെയും ‘വാഷിങ് മെഷീൻ’ കഴുകി വൃത്തിയാക്കുന്നു. അവർക്കെതിരെ ശബ്ദിക്കുന്നവരെ ജയിലിലടയ്ക്കുന്നു.
Q നരേന്ദ്ര മോദിയിൽ കേന്ദ്രീകരിച്ചാണു ബിജെപിയുടെ പ്രചാരണം. മോദിയെ വെല്ലാൻ ആര് എന്ന് ബിജെപി ചോദിക്കുന്നു.
A 2004 ലും ആരാണു നേതാവെന്ന് ബിജെപി ചോദിച്ചു. വളർച്ചയുടെ സുവർണ കാലഘട്ടം സമ്മാനിച്ച ഡോ. മൻമോഹൻ സിങ്ങിനെ പ്രധാനമന്ത്രിയാക്കിയാണ് ഞങ്ങൾ അന്ന് ഉത്തരം നൽകിയത്.
Q കോൺഗ്രസിന്റെ ഗാരന്റികളും മോദിയുടെ ഗാരന്റിയും തമ്മിലുള്ള പോരാട്ടമായിരിക്കുമോ ?
A ഗാരന്റി എന്ന വാക്കു പോലും കോൺഗ്രസിൽ നിന്നു മോദി മോഷ്ടിച്ചതാണ്. മുൻപ് നൽകിയ ഏതെങ്കിലും ഗാരന്റികൾ നടപ്പായിട്ടുണ്ടോ? എല്ലാവർഷവും 2 കോടിയാളുകൾക്കു ജോലി നൽകുമെന്നു പറഞ്ഞു, കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കൽ, 100 സ്മാർട്ട് സിറ്റികൾ..അങ്ങനെ എന്തെല്ലാം. മോദിയുടെ ഗാരന്റി എന്നാൽ നുണകളാണ്.
മക്കൾക്ക് അധികാരം ഉറപ്പാക്കുന്നത് ബിജെപി
Q ഇന്ത്യാസഖ്യത്തിൽ കുടുംബാധിപത്യമാണെന്ന് മോദി ആരോപിക്കുന്നു.
A ഗാന്ധി കുടുംബത്തിൽ നിന്നൊരാൾ എന്നാണ് അവസാനമായി പ്രധാനമന്ത്രിയായത്? ഒരു കേന്ദ്ര മന്ത്രിയായത്? നിലവിലെ മുതിർന്ന കേന്ദ്ര മന്ത്രിമാരെയും ബിജെപിയുമായി അടുത്തുനിൽക്കുന്നവരെയു നോക്കൂ. സ്വന്തം മക്കൾക്ക് അധികാരം ലഭിക്കുന്നുവെന്ന് അവരെല്ലാം ഉറപ്പാക്കുന്നു. അവരിൽ ചിലർ രാഷ്ട്രീയത്തിലില്ലെങ്കിലും അധികാരം കയ്യാളുന്നു.
Q ഇന്ത്യാസഖ്യം എത്രത്തോളം ശക്തമാണ്. ബംഗാളിൽ മമത ബാനർജി ഒറ്റയ്ക്കാണു മത്സരിക്കുന്നത്.
A ദേശീയതലത്തിൽ സഖ്യത്തിന്റെ ഭാഗമായ ഏതാനും കക്ഷികൾക്കു സ്വന്തം സംസ്ഥാനങ്ങളിൽ സീറ്റ് പങ്കിടാൻ താൽപര്യമില്ലെന്ന് നേരത്തേ അറിയാമായിരുന്നു. സഖ്യത്തെ ഒന്നിച്ചുനിർത്താനാണ് കോൺഗ്രസ് ശ്രമിച്ചിട്ടുള്ളത്. അതിനായി സ്വന്തം താൽപര്യങ്ങൾ പലപ്പോഴും മാറ്റിവച്ചു. മമത ബാനർജിയുമായി രാഹുൽ സംസാരിച്ചിരുന്നു. പക്ഷേ, ഞങ്ങളുടെ 2 സിറ്റിങ് സീറ്റ് മാത്രമാണ് മമത വിട്ടുനൽകാൻ തയാറായത്.
Q രാഹുൽ ഗാന്ധി നടത്തിയ 2 യാത്രകൾ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമോ?
A തീർച്ചയായും. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു നേതാവും ഇത്ര ദൂരം പദയാത്ര നടത്തുകയോ ഇത്രയുമധികം ജനങ്ങളുമായി ആശയവിനിമയം നടത്തുകയോ ചെയ്തിട്ടില്ല. കലാപത്തിൽ നീറുന്ന മണിപ്പുരിലെ ക്യാംപുകൾ രാഹുൽ സന്ദർശിച്ചു. മണിപ്പുരിലെ ജനങ്ങളുടെ വോട്ട് നേടിയ മോദി അവിടേക്ക് ഒന്നു തിരിഞ്ഞുനോക്കിയിട്ടുണ്ടോ?
Q ബിജെപിയുമായി നേർക്കുനേർ പോരാട്ടം നടക്കുന്ന ഉത്തരേന്ത്യയിൽ കോൺഗ്രസിന്റെ പ്രകടനം മോശമാണ്.
A അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളാണ് ഉദ്ദേശിക്കുന്നതെങ്കിൽ മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കണം – രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസും ബിജെപിയും തമ്മിലുള്ള വോട്ട് വ്യത്യാസം വളരെ കുറവാണ്. മധ്യപ്രദേശിൽ കോൺഗ്രസിനേക്കാൾ 8 ലക്ഷം വോട്ട് മാത്രമാണു ബിജെപിക്കു ലഭിച്ചത്. ഞങ്ങൾ ലക്ഷ്യമിട്ട ഫലം ഈ സംസ്ഥാനങ്ങളിൽ ഞങ്ങൾക്കു ലഭിച്ചില്ല. പക്ഷേ, അവിടെയെല്ലാം ഞങ്ങൾക്ക് കരുത്തുണ്ട്.
Q കോൺഗ്രസ് 2019 ൽ നേടിയ ഭൂരിഭാഗം സീറ്റുകളും ദക്ഷിണേന്ത്യയിൽ നിന്നായിരുന്നു. ഇക്കുറിയും ശ്രദ്ധ ദക്ഷിണേന്ത്യയിലേക്കാണോ?
A ഓരോ സീറ്റും സംസ്ഥാനവും പ്രധാനമാണ്. കന്യാകുമാരി മുതൽ കശ്മീർ വരെ സാന്നിധ്യമുള്ള ഏക പാർട്ടി കോൺഗ്രസാണ്.