ADVERTISEMENT

നാഗർകോവിൽ ∙ കന്യാകുമാരി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി പൊൻ രാധാകൃഷ്ണനുവേണ്ടി തക്കലയിൽ നടത്തിയ റോഡ് ഷോ അവസാനിച്ചപ്പോൾ അമിത് ഷാ പറഞ്ഞു– ‘മഹത്തായ തമിഴിൽ നിങ്ങളോടു സംസാരിക്കാൻ കഴിയാത്തതിൽ ദുഃഖമുണ്ട്. പക്ഷേ, ഞാൻ ഉറപ്പുനൽകുന്നു; 3–4 വർഷത്തിനകം ഞാൻ ഇതേയിടത്തിൽ വന്ന് നിങ്ങളോടു തമിഴിൽ സംസാരിക്കും.’ പറഞ്ഞത് കുറിക്കു കൊണ്ടതിന്റെ പ്രതികരണമായി നിറഞ്ഞ കയ്യടി. തമിഴ് ഭാഷയും തമിഴ് സംസ്കാരം ലോകമെങ്ങും പ്രചരിപ്പിക്കാൻ മോദി സർക്കാർ ഏറെ കാര്യങ്ങൾ ചെയ്തെന്നും അമിത് ഷാ പറഞ്ഞു.

രാവിലെ 9നു റോഡ് ഷോ തുടങ്ങുമെന്ന് അറിയിച്ചിരുന്നതിനാൽ ഏഴു മണിയോടെ തക്കല പഴയ ബസ് സ്റ്റാൻഡ് മുതൽ മേട്ടുക്കട വരെ ഇടവഴികളെല്ലാം പൊലീസ് അടച്ചു. കടന്നുപോയ ഓരോരുത്തർക്കും മെറ്റൽ ഡിറ്റക്ടർ– ബോംബ് സ്ക്വാഡ് പരിശോധന. ഒരു കിലോമീറ്റർ നീളത്തിലെ പൊലീസ് ബാരിക്കേഡിന് ഇരുവശവും വെയിലും ദാഹവും മറന്ന് 5 മണിക്കൂറിലധികം പ്രവർത്തകർ കാത്തുനിന്നു. 

12 മണി. പഴയ ബസ് സ്റ്റാൻഡിനു സമീപത്തെ തുറന്ന വാഹനത്തിലേക്ക് അമിത് ഷാ കയറി. വലതുവശത്ത് പൊൻ രാധാകൃഷ്ണൻ. ഇടത്ത് വിളവൻകോട് നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥി വി.എസ്.നന്ദിനി. മുന്നിലും ഇരുവശത്തും പുഷ്പവൃഷ്ടി. താമരച്ചിഹ്നം ഉയർത്തിക്കാട്ടി അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്തു.

ഭാരത മാതാവിനും ശ്രീരാമനും ജയ് വിളിച്ച് അമിത് ഷായുടെ പ്രസംഗം. ഓരോ വാചകത്തിനും തമിഴ് പരിഭാഷ. ‘‘സനാതന ധർമത്തെയും അയോധ്യ ക്ഷേത്ര പ്രതിഷ്ഠയെയും ഇകഴ്ത്തി സംസാരിച്ച് ഡിഎംകെ നേതാക്കൾ കോടിക്കണക്കിനു തമിഴ് മക്കളുടെ മനസ്സ് വേദനിപ്പിച്ചു. പൊന്നാറിനു (പൊൻ രാധാകൃഷ്ണൻ) വോട്ട് ചെയ്ത് മോദിക്കു തുടർഭരണം നൽകണം.’ പൊന്നാറിന്റെ കൈ പിടിച്ചുയർത്തി ഷാ തുടർന്നു– ‘മോദിയെ തന്നെ മൂന്നാം തവണയും പ്രധാനമന്ത്രിയാക്കില്ലേ?’’ ‘‘ആക്കും...’ നിറഞ്ഞ ജനാവലിയുടെ മറുപടി.

ബിജെപി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും

ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് പ്രകാശനം

ന്യൂഡൽഹി ∙ ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രകടനപത്രിക പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു പുറത്തിറക്കും. പാർട്ടി ആസ്ഥാനത്ത് ഇന്നു രാവിലെ 8.30നാണു ചടങ്ങ്.

യുവജനങ്ങൾ, സ്ത്രീകൾ, കർഷകർ, ദരിദ്ര ജനവിഭാഗങ്ങൾ എന്നിവരെ ലക്ഷ്യമിട്ടുള്ളതാകും ‘വികസിത ഭാരതം’ എന്ന ആശയത്തിലൂന്നിയുള്ള പ്രകടനപത്രികയിലെ പ്രധാന നിർദേശങ്ങളെന്നാണു വിവരം. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സമിതി ജനങ്ങളിൽനിന്നുൾപ്പെടെ അഭിപ്രായം തേടിയ ശേഷമാണ് പ്രകടന പത്രികയ്ക്ക് അന്തിമരൂപം നൽകിയത്.

English Summary:

Amit Shah campaign for BJP candidate Pon Radhakrishnan in Kanyakumari constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com