ആംരാ റാം: മണ്ണിന്റെ മണമുള്ള നേതാവ്; രാജസ്ഥാനിലെ വിഎസ്
Mail This Article
നഗരഹൃദയത്തിൽനിന്ന് ഒരു കിലോമീറ്റർ അകലെ കോർട്ട് റോഡിലെ സിപിഎം ജില്ലാ ആസ്ഥാനത്തു ചെങ്കൊടിക്കൊപ്പം കോൺഗ്രസിന്റെ കൈപ്പത്തിചിഹ്നമുള്ള പതാകയും പാറിക്കളിക്കുന്നു. ഇന്ത്യാസഖ്യത്തിനായി സികാർ ലോക്സഭാ മണ്ഡലത്തിൽ പൊരുതുന്നതു സിപിഎമ്മിന്റെ ജനപ്രിയൻ ആംരാ റാം ചൗധരിയാണ്.
19നു ജനവിധിയെഴുതുന്ന മണ്ഡലമോയെന്നു സംശയിക്കും, ഇവിടെ വന്നിറങ്ങുമ്പോൾ. ചുവരെഴുത്തും പോസ്റ്ററും പേരിനുപോലുമില്ല. പക്ഷേ, നാട്ടുകൂട്ടങ്ങളും വീടു കയറിയുള്ള പ്രചാരണവുമായി ബിജെപിയും ഇന്ത്യാസഖ്യവും ഫുൾ സ്വിങ്ങിലാണ്. റനൗളി ഗ്രാമത്തിൽ ആംരാ റാമിന്റെ പ്രചാരണയോഗത്തിൽ നൂറുകണക്കിനാളുകളുണ്ട്. മണിക്കൂറുകൾ വൈകി നേതാവ് എത്തിയപ്പോൾ മുദ്രാവാക്യമുയർന്നു.
മണ്ണിന്റെ മണമുള്ള നേതാവാണ് ആംരാ റാമെന്നു പ്രദേശവാസികൾ പറയുന്നു. കെട്ടിലും മട്ടിലും ശരിക്കും രാജസ്‌ഥാന്റെ വി.എസ്.അച്യുതാനന്ദൻ. നീളൻ കുർത്തയുൾപ്പെടെ പരമ്പരാഗത ജാട്ട് വേഷം. നടന്നെത്താത്ത സമരഭൂമികളില്ല. ഏതു സ്ഥലത്തു ചെന്നാലും ഗ്രാമീണവീടുകളിലെ അടുക്കളയിൽ കയറി പാത്രങ്ങൾ തുറന്നുനോക്കി കഴിക്കാനുള്ളത് എന്തായാലും അവകാശത്തോടെ എടുക്കാൻ സ്വാതന്ത്യ്രമുള്ള ഒരേയൊരു നേതാവ്.
പ്രദേശത്തു നല്ലൊരു നേതാവിനെ കണ്ടെത്താൻ സാധിക്കാത്തതും കോൺഗ്രസ് സീറ്റ് സിപിഎമ്മിനു കൈമാറാൻ കാരണമായി. പ്രദേശവാസിയെങ്കിലും പിസിസി അധ്യക്ഷൻ ഗോവിന്ദ് സിങ് ദോത്താസരെയ്ക്കു ദേശീയരാഷ്ട്രീയത്തിലേക്കു നീങ്ങാൻ താൽപര്യമില്ല. 2019 ൽ കോൺഗ്രസിനുവേണ്ടി മത്സരിച്ച സുഭാഷ് മഹാരിയ കഴിഞ്ഞവർഷം ബിജെപിയിൽ ചേക്കേറി.
മുൻ ഉപപ്രധാനമന്ത്രി ദേവിലാലിനെയും കോൺഗ്രസിന്റെ കരുത്തനായ നേതാവ് ബൽറാം ഝക്കറിനെയും സംഭാവന ചെയ്ത സികാറിന്റെ രാഷ്ട്രീയം കഴിഞ്ഞ 2 പതിറ്റാണ്ടായി താമര പക്ഷത്താണ്. കഴിഞ്ഞ 2 വട്ടവും ഹരിയാന സ്വദേശി സ്വാമി സുമേധാനന്ദ സരസ്വതിയാണു ലോക്സഭയിലെത്തിയത്. ഇക്കുറി ഹാട്രിക് വിജയം തേടുന്നു.
സവാള കർഷകരുടെ ഇടമാണു സികാറും പരിസരപ്രദേശങ്ങളും. ഇക്കുറി കിലോയ്ക്ക് 10 രൂപയുള്ളത് ആശ്വാസമാണെന്നു റാഷിദ്പുരിയിലെ കർഷകൻ രോഹിത് ചൗധരി പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ 2 രൂപയാണു ലഭിച്ചത്.
എൻട്രൻസ് പരിശീലനത്തിനു പേരുകേട്ട കോട്ടയിൽനിന്നു 380 കിലോമീറ്റർ അകലെയുള്ള സികാർ മറ്റൊരു കോച്ചിങ് കേന്ദ്രമാണ്. നീറ്റ്, ഐഐടി, ക്ലാറ്റ്, സിഡിഎസ് എന്നിവയുടെ പരിശീലനകേന്ദ്രങ്ങൾ നിറയെ.
10 വർഷം മണ്ഡലത്തിൽ 10,000 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ നടപ്പാക്കിയെന്നു സുമേധാനന്ദ സരസ്വതി പറയുന്നു. ഇതു നേട്ടമാകുമെന്നു പറയുമ്പോഴും പ്രചാരണയോഗങ്ങളിൽ നരേന്ദ്ര മോദിയെക്കുറിച്ചാണ് അദ്ദേഹം വാചാലനാകുന്നത്. എന്നാൽ, എംപിയെ മണ്ഡലത്തിൽ കാണാനില്ലെന്നും ഫോൺ എടുക്കാറില്ലെന്നുമാണു പ്രതിപക്ഷത്തിന്റെ പരാതി.