ഇ.ഡി പിടിച്ച പണം നിർധനർക്ക് നൽകുമെന്ന് മോദി; ചട്ടലംഘനമെന്ന് പ്രതിപക്ഷം
Mail This Article
ന്യൂഡൽഹി ∙ അഴിമതിക്കേസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പിടിച്ചെടുക്കുന്ന പണം നിർധനർക്കു നൽകുമെന്നും അതിനുള്ള നിയമസാധ്യത പരിശോധിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിനെതിരെ പ്രതിപക്ഷം രംഗത്ത്. വോട്ടർമാർക്കു പണം വാഗ്ദാനം ചെയ്യുന്നത് തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമാണെന്നു പ്രതിപക്ഷ കക്ഷികൾ ആരോപിച്ചു.
ഇ.ഡി പിടിച്ചെടുക്കുന്ന പണം നിലവിൽ കൈകാര്യം ചെയ്യുന്നത് ഇങ്ങനെ:
കള്ളപ്പണം വെളുപ്പിക്കൽ നിരോധനനിയമ (പിഎംഎൽഎ) പ്രകാരം റെയ്ഡ് നടത്താൻ ഇ.ഡിക്ക് അധികാരമുണ്ട്. റെയ്ഡിൽ പിടിച്ചെടുക്കുന്ന പണം ഏതാനും സാക്ഷികളുടെ സാന്നിധ്യത്തിൽ രേഖപ്പെടുത്തും. പിന്നാലെ ഇത് കേന്ദ്രസർക്കാരിന്റെ ട്രഷറിയിലേക്ക് അടയ്ക്കും. റെയ്ഡ് നടന്ന സ്ഥലമുൾപ്പെട്ട മേഖലയിലെ ഇ.ഡി ആസ്ഥാനം ഇതിനായി എസ്ബിഐയിൽ നിക്ഷേപ അക്കൗണ്ട് തുറക്കും. ഇതിലൂടെയാണ് പണം ട്രഷറിയിലേക്കു കൈമാറുന്നത്. കേസ് തെളിഞ്ഞാൽ പണം ട്രഷറിയിൽ തുടരും. തള്ളിപ്പോയാൽ, കുറ്റാരോപിതനു പലിശസഹിതം തിരികെ നൽകും.
വീട് പോലുള്ള സ്ഥാവര വസ്തുക്കളാണു പിടിച്ചെടുക്കുന്നതെങ്കിൽ താമസക്കാരെ ഒഴിപ്പിച്ച് ഇ.ഡി സ്പെഷൽ ഡയറക്ടർ ചുമതലയേറ്റെടുക്കും. ഇതിനെ ചോദ്യംചെയ്ത് പിഎംഎൽഎ അപ്‍ലറ്റ് ട്രൈബ്യൂണൽ, ഹൈക്കോടതി എന്നിവയെ കുറ്റാരോപിതനു സമീപിക്കാം. കേസ് തെളിഞ്ഞാൽ കേന്ദ്ര സർക്കാരിനു വീട് ഉൾപ്പെടെയുള്ള വസ്തുക്കൾ ലേലത്തിൽ വിൽക്കാം.