ADVERTISEMENT

യുവജനങ്ങൾക്കും സ്ത്രീകൾക്കും മുതിർന്ന പൗരർക്കും കർഷകർക്കുമായി ബിജെപിയും കോൺഗ്രസും പ്രകടനപത്രികയിൽ നൽകുന്ന പ്രധാന വാഗ്ദാനങ്ങൾ:

യുവജനങ്ങൾ: സ്റ്റാർട്ടപ്പും ചോദ്യപ്പേപ്പറും

ബിജെപി: സ്റ്റാർട്ടപ് വായ്പയും മറ്റുമായി കൂടുതൽ പിന്തുണ. ഉൽപാദന, ടൂറിസം മേഖലകളിൽ  തൊഴിലവസരം. മുദ്ര വായ്പ 20 ലക്ഷം രൂപയാക്കി വർധിപ്പിച്ച് സംരംഭകത്വം പ്രോത്സാഹിപ്പിക്കും. ചോദ്യപ്പേപ്പർ ചോർച്ച തടയാനുള്ള നിയമം കർശനമാക്കും.

കോൺഗ്രസ്: സ്റ്റാർട്ടപ് നിധിയിൽനിന്ന് 50 ശതമാനമെങ്കിലും എല്ലാ ജില്ലകളിലും തുല്യമായി വിതരണം ചെയ്യും. അപ്രന്റിസ്ഷിപ് അവകാശ നിയമം നടപ്പാക്കുന്നതിനൊപ്പം അപ്രന്റിസുകൾക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ. കേന്ദ്ര സർവീസിലെ 30 ലക്ഷത്തോളം ഒഴിവുകൾ നികത്തും. 2024 മാർച്ച് 15 വരെയുള്ള വിദ്യാഭ്യാസ വായ്പ പലിശസഹിതം എഴുതിത്തള്ളും. 21 വയസ്സിൽ താഴെയുള്ള കായികതാരങ്ങൾക്ക് പ്രതിമാസം 10,000 രൂപ സ്കോളർഷിപ്. സർക്കാർ പരീക്ഷകൾക്ക് ഫീസ് ഈടാക്കില്ല. ചോദ്യപ്പേപ്പർ ചോർച്ച സംബന്ധിച്ച കേസുകൾ തീർപ്പാക്കാൻ അതിവേഗ കോടതിയും ഇരകൾക്കു നഷ്ടപരിഹാരവും.

സ്ത്രീകൾ: സ്വാശ്രയത്തിന് മഹാലക്ഷ്മി

ബിജെപി: സേവന മേഖലകളിൽ വനിതാ സ്വാശ്രയസംഘങ്ങൾക്കു പിന്തുണ. കായികരംഗത്തു വനിതകൾക്കു പ്രോത്സാഹനം. കൂടുതൽ പൊതു ശുചിമുറികൾ. സ്തനാർബുദം, ഗർഭാശയമുഖ അർബുദം, വിളർച്ച തുടങ്ങിയവ തടയാൻ നടപടി. പാർലമെന്റിലും നിയമസഭകളിലും വനിതാ പ്രാതിനിധ്യം വർധിപ്പിക്കാൻ നിയമം ആസൂത്രിതമായി നടപ്പാക്കും.

കോൺഗ്രസ്: നിർധനകുടുംബങ്ങൾക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ വ്യവസ്ഥകളില്ലാതെ ലഭ്യമാക്കാൻ മഹാലക്ഷ്മി പദ്ധതി. വനിതാ സംവരണ നിയമം അടുത്ത വർഷം മുതൽ നിയമസഭകളിൽ നടപ്പാക്കും. കേന്ദ്ര സർക്കാർ ജോലികളിൽ 50% വനിതാ സംവരണം. ലിംഗനീതി ഉറപ്പാക്കാൻ നിയമങ്ങൾ പരിഷ്കരിക്കും. തുല്യജോലിക്കു തുല്യവേതനം. അങ്കണവാടി, ആശാ വർക്കർമാർക്കും ഉച്ചഭക്ഷണം തയാറാക്കുന്നവർക്കും വേതനത്തിനുള്ള കേന്ദ്ര വിഹിതം ഇരട്ടിയാക്കും. വിവാഹം, പിന്തുടർച്ച, സ്വത്തവകാശം, ദത്തെടുക്കൽ തുടങ്ങിയവയിൽ സ്ത്രീ–പുരുഷ തുല്യത ഉറപ്പാക്കാൻ നിയമഭേദഗതി. കൂടുതൽ വായ്പകൾ.

മുതിർന്ന പൗരർ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡറുകൾ‍: ഗരിമഗൃഹവും ബ്രെയിൽ സ്ക്രിപ്റ്റും

ബിജെപി: ആയുഷ്മാൻ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കും. സാമൂഹികസുരക്ഷാ ആനുകൂല്യങ്ങൾ വീട്ടിലെത്തിക്കും. യുപിഐ ഓൺലൈൻ പേയ്മെന്റ് സംവിധാനങ്ങളിൽ പരിശീലനം. ഗതാഗതത്തിനുള്ളത് ഉൾപ്പെടെയുള്ള പൊതുസംവിധാനങ്ങൾ ഉപയോഗസൗഹൃദമാക്കും. തീർഥയാത്രാ സൗകര്യങ്ങൾ സംസ്ഥാനങ്ങളുമായി ചേർന്ന് ഉറപ്പാക്കും. ഭിന്നശേഷിക്കാർക്കു കുറഞ്ഞ വിലയ്ക്ക് ഉപകരണങ്ങൾ. ട്രാൻസ്െജൻഡറുകളെ സഹായിക്കാനുള്ള ‘ഗരിമ ഗൃഹ’ങ്ങളുടെ ശൃംഖല വ്യാപിപ്പിക്കും.

കോൺഗ്രസ്: മുതിർന്ന പൗരർക്കും വിധവകൾക്കും ഭിന്നശേഷിക്കാർക്കുമുള്ള പെൻഷൻ പ്രതിമാസം 1000 രൂപയാക്കി വർധിപ്പിക്കും. ജീവിതസുരക്ഷ ഉറപ്പാക്കാൻ നിയമസഹായം. മുതിർന്ന പൗരരുടെ യാത്രാസൗജന്യങ്ങൾ പുനഃസ്ഥാപിക്കും. ഭിന്നശേഷിക്കാരും ലൈംഗിക ന്യൂനപക്ഷങ്ങളും വിവേചനം നേരിടുന്നതു തടയാൻ ഭരണഘടനാ ഭേദഗതി. ബ്രെയിൽ സ്ക്രിപ്റ്റിനും ആംഗ്യഭാഷയ്ക്കും ഭാഷാപദവി. പ്രാദേശിക സർക്കാർ സമിതികളിൽ ഭിന്നശേഷിക്കാർക്കു പ്രാതിനിധ്യം. എൽജിബിടിക്യുഐഎ+ വിഭാഗക്കാർക്ക് സിവിൽ ബന്ധം അംഗീകരിക്കുന്നതിനു നിയമനിർമാണം.

കർഷകർ: പോഷക ഹബ്, ഇ–കൊമേഴ്സ്

ബിജെപി: പിഎം കിസാൻ, വിള ഇൻഷുറൻസ് പദ്ധതികൾ ശക്തിപ്പെടുത്തും. മിനിമം താങ്ങുവില (എംഎസ്പി) വർധിപ്പിക്കും. പയറിനങ്ങളുടെയും ഭക്ഷ്യഎണ്ണ വിളകളുടെയും ഉൽപാദനം വർധിപ്പിക്കാനും പച്ചക്കറി ഉൽപാദനവും സംഭരണവും മെച്ചപ്പെടുത്താനും പിന്തുണ. ചെറുധാന്യങ്ങളുടെ കൃഷി പ്രോത്സാഹിപ്പിച്ച് ഇന്ത്യയെ പോഷക ഹബ് ആക്കും. ജൈവകൃഷിക്കും പൊതുവിൽ കൃഷിമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾക്കും ദേശീയ മിഷൻ.

കോൺഗ്രസ്: എംഎസ്പിക്കു നിയമപരിരക്ഷ. കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എംഎസ്പി നേരിട്ടു ലഭ്യമാക്കും. കാർ‍ഷിക വായ്പാ അവലോകനത്തിനു സ്ഥിരം സംവിധാനം. വിള ഇൻഷുറൻസ് സംവിധാനം മെച്ചപ്പെടുത്തും. നേരിട്ട് ഉൽപന്നങ്ങൾ വിൽക്കുന്നതിന് കർഷകർക്കായി ഇ–കൊമേഴ്സ് ഉൾപ്പെടെ സൗകര്യങ്ങൾ. ഗ്രാമങ്ങളിലും ചെറു പട്ടണങ്ങളിലും ചില്ലറവിൽപനയ്ക്കു വിപണി. കുഴൽക്കിണറുകൾക്കായി സോളർ പാനൽ ലഭ്യമാക്കാൻ പദ്ധതി, എല്ലാ ജില്ലയിലും ഒരു കാർഷിക കോളജ് അല്ലെങ്കിൽ വെറ്ററിനറി കോളജ്.

English Summary:

BJP and Congress with promises in loksabha elections 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com