തിരുപ്പൂർ: വിജയം നെയ്യാൻ സിപിഐ
Mail This Article
തിരുപ്പൂർ ∙ നെയ്ത്തുതറികളുടെ താളവും പുതുവസ്ത്രങ്ങളുടെ ഗന്ധവുമാണു തിരുപ്പൂരിന്. ട്രേഡ് യൂണിയനുകൾക്കു വളക്കൂറുള്ള മണ്ണിൽ സിപിഐ പലവട്ടം വിജയം നെയ്തെടുത്തിട്ടുണ്ട്. നിയമസഭയിലേക്കായാലും ലോക്സഭയിലേക്കായാലും എല്ലാ വിജയങ്ങളുടെയും നായകൻ ഒരാൾ–കെ.സുബ്ബരായൻ.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ഈ കാരണവർ തന്നെയാണ് ഇത്തവണയും സിപിഐയുടെ പ്രതീക്ഷകളെ നയിക്കുന്നത്. എംജിആർ യൂത്ത് വിങ് ജില്ലാ സെക്രട്ടറി വി.അരുണാചലം അണ്ണാ ഡിഎംകെക്കായും സംസ്ഥാന ജനറൽ സെക്രട്ടറി എ.പി.മുരുകാനന്ദം ബിജെപിക്കായും അങ്കം കുറിക്കുന്നു. നാം തമിഴർ കക്ഷിക്കായി സീതാലക്ഷ്മിയും രംഗത്തുണ്ട്. ഡിഎംകെ മുന്നണിയുടെ കെട്ടുറപ്പിലാണു സിപിഐ വിശ്വാസമർപ്പിക്കുന്നത്. പാർട്ടി മത്സരിക്കുന്ന മറ്റൊരു മണ്ഡലം നാഗപട്ടണമാണ്.
കൊങ്കു മേഖലയിലുൾപ്പെടുന്ന തിരുപ്പൂർ അണ്ണാ ഡിഎംകെയുടെ ശക്തികേന്ദ്രമാണ്. 4 നിയമസഭാമണ്ഡലങ്ങളിൽ അണ്ണാ ഡിഎംകെ എംഎൽഎമാരാണ്. എന്നാൽ ഡിഎംകെയുമായി ചേർന്നു സഖ്യമുണ്ടാക്കിയപ്പോഴെല്ലാം മണ്ഡലം തുണച്ചതിന്റെ ആത്മവിശ്വാസം സിപിഐക്കുണ്ട്. 1984, 96 വർഷങ്ങളിൽ നിയമസഭയിലേക്കും 2019 ൽ ലോക്സഭയിലേക്കും സുബ്ബരായൻ തിരഞ്ഞെടുക്കപ്പെട്ടതു ഡിഎംകെ സഖ്യത്തിലാണ്. 2004 ൽ കോയമ്പത്തൂരിൽനിന്നു ലോക്സഭയിലേക്കു ജയിച്ചപ്പോഴും ഡിഎംകെ സഹായമുണ്ടായിരുന്നു. എഐടിയുസി മുൻ സംസ്ഥാന പ്രസിഡന്റായ സുബ്ബരായനു ട്രേഡ് യൂണിയൻ മേഖലയിൽ പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുണ്ട്.
കഴിഞ്ഞ തവണ കൈവിട്ട കോട്ട തിരിച്ചുപിടിക്കാൻ യുവനേതാവിനെ രംഗത്തിറക്കിയിരിക്കുകയാണ് അണ്ണാ ഡിഎംകെ. മുതിർന്ന നേതാവും പാർട്ടിയിലെ കരുത്തനുമായ മുൻമന്ത്രി കെ.എ.സെങ്കോട്ടയ്യൻ നേരിട്ടാണു പ്രചാരണത്തിനു ചുക്കാൻ പിടിക്കുന്നത്.