ADVERTISEMENT

ന്യൂഡൽഹി ∙ ഒന്നാംഘട്ട വോട്ടെടുപ്പു നടക്കുന്ന 102 മണ്ഡലങ്ങളിലെ കണക്കിൽ പ്രതീക്ഷയർപ്പിച്ച് ഇന്ത്യാസഖ്യം; കഴിഞ്ഞ തവണ നേടിയ നേരിയ ആധിപത്യം മെച്ചപ്പെടുത്താനുറച്ച് എൻഡിഎ. രണ്ടായാലും 7 ഘട്ടമായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പൊതുസൂചന രാജ്യത്തിന്റെ പല ഭാഗത്തായി കിടക്കുന്ന ഈ മണ്ഡലങ്ങളിലെ ഫലത്തിൽ തെളിയും.

2019-ലെ കണക്കുപ്രകാരം, എൻഡിഎയ്ക്ക് 51 സീറ്റും ഇന്ത്യാസഖ്യം പാർട്ടികൾക്ക് 48 സീറ്റുമായിരുന്നു. കഴിഞ്ഞ തവണത്തേതിൽ നിന്നു വ്യത്യസ്തമായി പ്രവചനാതീത അന്തരീക്ഷത്തിലേക്ക് മാറിയ ഒട്ടേറെ മണ്ഡലങ്ങൾ ഇവയിലുണ്ട്. ഫലത്തിൽ, ആർക്കും മേധാവിത്വം ഉറപ്പിക്കാൻ കഴിയാത്ത തീപാറുന്ന ഇഞ്ചോടിച്ചു പോരാട്ടത്തോടെയാണ് 18–ാം ലോക്സഭയിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പു നാളെ നടക്കുക.

ഇന്ത്യാസഖ്യത്തിന്റെ ബലം

ഒന്നാംഘട്ട തിരഞ്ഞെടുപ്പിന്റെ ഗതി തീരുമാനിക്കുന്ന 2 സംസ്ഥാനങ്ങൾ തമിഴ്നാടും രാജസ്ഥാനുമാകും. ആകെ സീറ്റുകളിൽ 39 എണ്ണവും തമിഴ്നാട്ടിലാണെന്നത് ഇന്ത്യാസഖ്യത്തിനു ബലമേകുന്നു. അതിനു തടയിടാനാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്നിൽനിർത്തി ബിജെപി ശ്രമിക്കുന്നത്. വിജയപ്രതീക്ഷയുള്ളതോ നേരത്തേ വിജയിക്കുകയോ ചെയ്തിട്ടുള്ള 6 മണ്ഡലങ്ങളിലാണു ബിജെപി സർവശക്തിയുമെടുത്തു പോരാടുന്നത്.

തമിഴ്നാട്ടിൽ നേടുന്ന ഓരോ സീറ്റും വമ്പൻ ഭൂരിപക്ഷം ലക്ഷ്യമിടുന്ന ബിജെപിക്കു കരുത്താകും; മറ്റിടങ്ങളിൽ കുറഞ്ഞാൽ പരിഹാരവുമാകും. നേരേ തിരിച്ചാണ് രാജസ്ഥാനിലെ സ്ഥിതി. 2019 ൽ ബിജെപി തൂത്തുവാരിയ അവിടെ ആദ്യഘട്ടത്തിൽ 12 ഇടത്തു വോട്ടെടുപ്പ് നടക്കുന്നു. ബിജെപി കൂട്ട് വിട്ടെത്തിയ ആർഎൽടിപി നേതാവ് ഹനുമാൻ ബനിവാൾ 2019 ൽ വിജയിച്ച നഗൗറിലും സിപിഎമ്മിനു വിട്ടുകൊടുത്ത സീക്കറിലും ഇന്ത്യാസഖ്യം പ്രതീക്ഷവയ്ക്കുന്നു.

ഭരണം നഷ്ടമായെങ്കിലും രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പു ഫലം നൽകുന്ന കണക്കുപ്രകാരം, ആദ്യഘട്ടത്തിലെ ജയ്പുർ റൂറൽ, അൽവർ, ജുൻജുനു, ഭരത്പുർ, ഗംഗാനഗർ മണ്ഡലങ്ങളും കോൺഗ്രസിലേക്ക് കൂടുമാറിയ ബിജെപി സിറ്റിങ് എംപി രാഹുൽ കസ്വാൻ മത്സരിക്കുന്ന ചുരുവും കോൺഗ്രസ് പയറ്റിനോക്കുന്നു. 2019 ലെ കണക്ക് അനുകൂലമല്ലെങ്കിലും രാജസ്ഥാനിൽ കിട്ടുന്നത് ഓരോന്നും ഇന്ത്യാസഖ്യത്തിന് ബോണസാകും.

മറ്റു സംസ്ഥാനങ്ങൾ

ബിജെപി പ്രതീക്ഷകളുടെ പ്രഭവകേന്ദ്രമായ യുപിയിലെ 8 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ്. തൂത്തുവാരാൻ മോഹിക്കുന്ന സംസ്ഥാനത്ത് 2019 ലെ കണക്കുകൾ ബിജെപിക്ക് അത്ര പ്രതീക്ഷ നൽകുന്നതല്ല; 3 വീതം ബിജെപിയും ബിഎസ്പിയും 2 എണ്ണം എസ്പിയും പങ്കിട്ടെടുക്കുകയായിരുന്നു. കോൺഗ്രസിന്റെ കൂടി പിന്തുണ ഉണ്ടെങ്കിലും ബിഎസ്പി വോട്ടുകൾക്കു സംഭവിക്കാവുന്ന ചാഞ്ചാട്ടം നിർണായകമാകും. 

ആദ്യഘട്ടത്തിൽ തിരഞ്ഞെടുപ്പു പൂർത്തിയാകുന്ന ഉത്തരാഖണ്ഡിൽ ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. 2019 ൽ 5 സീറ്റും തൂത്തുവാരിയ ഇവിടെ കോൺഗ്രസും അദ്ഭുതം പ്രതീക്ഷിക്കുന്നില്ല. അഗ്നിപഥ് പദ്ധതിയോടുള്ള എതിർപ്പും കർഷകരോഷവും ഉണ്ടെങ്കിലും ഏക വ്യക്തി നിയമവും സിൽക്യാരയിലെ രക്ഷാപ്രവർത്തനവും തുണയാകുമെന്നു ബിജെപി കരുതുന്നു. 

മഹാരാഷ്ട്രയിലും 5 ഇടത്താണ് മത്സരം. ബിജെപി കോട്ടയെന്നു കരുതുന്ന കിഴക്കൻ വിദർഭ മേഖലയിലെ സീറ്റുകളിൽ ഇന്ത്യാസഖ്യത്തിനു ജീവൻ വച്ചിട്ടുണ്ട്. അവിടെയും ചില സീറ്റുകളിലെങ്കിലും ഇഞ്ചോടിഞ്ച് മത്സരമുണ്ട്. ബിജെപിയുടെ കോട്ടയെന്നുറപ്പിച്ച മധ്യപ്രദേശിൽ, നിലനിർത്താൻ കഴിയുമെന്നു കോൺഗ്രസ് കണക്കുകൂട്ടുന്ന ചിന്ത്‌വാഡയിലെ വോട്ടെടുപ്പ് ആദ്യ ഘട്ടത്തിലാണ്. ഇവയ്ക്ക് പുറമേ, ബിഹാറിലെ 4 മണ്ഡലങ്ങളിലും ബംഗാളിലെ മൂന്നിടത്തും ആൻഡമാൻ ആൻഡ് നിക്കോബാർ, ഛത്തീസ്ഗഡിലെ ബസ്തർ, ജമ്മു കശ്മീരിലെ ഉധംപുർ എന്നിവിടങ്ങളിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ സീറ്റുകളിലുമാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ്.

മണിപ്പുർ ദേശീയ ശ്രദ്ധാകേന്ദ്രം

കലാപത്തിന്റെ പശ്ചാത്തലത്തിൽ മണിപ്പുരിലെ 2 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പുകളിലും ശക്തമായ മൽസരമാണ്. മെയ്തെയ് ഭൂരിപക്ഷ മണ്ഡലമായ ഇന്നർ മണിപ്പുരിൽ ബിജെപി സ്ഥാനാർഥിയും മന്ത്രിയുമായ ബസന്തകുമാറിന് കോൺഗ്രസ് സ്ഥാനാർഥിയും ജെഎൻയു പ്രഫസറുമായ ബിമൽ അക്കോയിജാം വെല്ലുവിളി ഉയർത്തുന്നു.

കലാപത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഫലപ്രദമായ നടപടി സ്വീകരിച്ചിട്ടില്ലെന്ന് കരുതുന്ന സ്വതന്ത്ര വോട്ടുകളാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഔട്ടർ മണിപ്പുർ തിരഞ്ഞെടുപ്പിന്റെ ഒരു ഘട്ടമാണ് 19 ന് നടക്കുന്നത്. കോൺഗ്രസിനെതിരെ എൻഡിഎയുടെ ഭാഗമായ എൻപിഎഫ് ആണ് ഇവിടെ മത്സരിക്കുന്നത്. കുക്കി ഗോത്രങ്ങൾ ആർക്കു വോട്ടു ചെയ്യുമെന്നതു നിർണായകം.

അസം അഭിമാനപ്പോരാട്ടം

അസമിലെ നൽബാരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുസമ്മേളനത്തിനെത്തിയ ബിജെപി പ്രവർത്തകർ. ചിത്രം: പിടിഐ
അസമിലെ നൽബാരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുസമ്മേളനത്തിനെത്തിയ ബിജെപി പ്രവർത്തകർ. ചിത്രം: പിടിഐ

ബിജെപിയുടെ അഭിമാനപ്പോരാട്ടമാണ് ജോർഹട്ടിൽ നടക്കുന്നത്. 2 തവണ ഇവിടെ ജയിച്ച തപൻ ഗൊഗോയ്ക്ക് അനായാസജയം ഉറപ്പായിരുന്ന മണ്ഡലത്തിൽ കാലിയബോർ എംപിയും ലോക്സഭയിലെ കോൺഗ്രസിന്റെ ഉപനേതാവുമായ ഗൗരവ് ഗൊഗോയ് എത്തിയതോടെ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ഗൗരവിന്റെ തോൽവി ഉറപ്പാക്കാൻ മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ പലവട്ടം ജോർഹട്ടിൽ റാലി നടത്തി. 7 മന്ത്രിമാർ ക്യാംപ് ചെയ്താണ് ബിജെപി പ്രചാരണം.

ബിഹാർ ഭാഗ്യ പരീക്ഷണം

ഗയയിൽ കഴിഞ്ഞ 2 ലോക്സഭാ തിരഞ്ഞെടുപ്പുകളിലും തോറ്റ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായി ഭാഗ്യ പരീക്ഷണത്തിനിറങ്ങുകയാണ് മുൻ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവുമായ ജിതൻ റാം മാഞ്ചി. ബിഹാർ മുൻ മന്ത്രി കുമാർ സർവജിത്താണ് ആർജെഡി സ്ഥാനാർഥി.

ജമുയിയിൽ എൽജെപി (റാംവിലാസ്) നേതാവ് ചിരാഗ് പാസ്വാന്റെ സിറ്റിങ് സീറ്റായ ജമുയിയിൽ ചിരാഗിന്റെ സഹോദരീ ഭർത്താവ് അരുൺ ഭാരതിയാണ് പാർട്ടി സ്ഥാനാർഥി. ആർജെഡി എംഎൽഎയും ബാഹുബലി നേതാവുമായ മുകേഷ് യാദവിന്റെ ഭാര്യ അർച്ചന രവിദാസ് ആർജെഡി സ്ഥാനാർഥി.

ആർജെഡിയിൽ വിമതസാന്നിധ്യം കൊണ്ട് ശ്രദ്ധ നേടുന്നു നവാഡ. ആർജെഡി സ്ഥാനാർഥിയായി ശ്രാവൺ കുമാർ ഖുശ്വാഹ മൽസരിക്കുമ്പോൾ വിമതനായി വിനോദ് യാദവുമുണ്ട്.

‘പത്തു’പിടിച്ചോ ഐലസ!

2019 ൽ പതിനായിരത്തിൽ താഴെ വോട്ടിന് ഫലം കണ്ട 6 മണ്ഡലങ്ങൾ. മണ്ഡലം, വിജയി, പാർട്ടി, ഭൂരിപക്ഷം ക്രമത്തിൽ:

∙ ലക്ഷദ്വീപ് (പി.പി. മുഹമ്മദ് ഫൈസൽ, എൻസിപി)– 823

∙ ആൻഡമാൻ ആൻഡ് നിക്കോബാർ (കുൽദീപ് റായ് ശർമ, കോൺഗ്രസ്)– 1407

∙ ചിദംബരം (തോൾ തിരുമാവളവൻ, വിസികെ) – 3219

∙ മുസാഫർനഗർ (സഞ്ജീവ് കുമാർ ബല്യാൻ, ബിജെപി)– 6526

∙ മിസോറം (സി. ലാൽറോസങ്ക, ‍എംഎൻഎഫ്)– 8140

∙ വെല്ലൂർ (കത്രി ആനന്ദ്, ഡിഎംകെ)– 8141

ഒന്നാം ഘട്ടം: പ്രമുഖരും മണ്ഡലവും

എൻഡിഎ: നിതിൻ ഗഡ്കരി (നാഗ്പുർ), കിരൺ റിജിജു (അരുണാചൽ വെസ്റ്റ്), സർബാനന്ദ സോനോവാൾ (ദിബ്രുഗഡ്), ജിതേന്ദർ സിങ് (ഉധംപുർ), കെ. അണ്ണാമലൈ (കോയമ്പത്തൂർ), എൽ. മുരുകൻ (നീലഗിരി), പൊൻ രാധാകൃഷ്ണൻ (കന്യാകുമാരി), ജിതിൻ പ്രസാദ (പിലിബിത്ത്), ത്രിവേന്ദ്ര റാവത്ത് (ഹരിദ്വാർ), ബിപ്ലവ് ദേവ് കുമാർ (വെസ്റ്റ് ത്രിപുര), ഭൂപേന്ദർ യാദവ് (അൽവർ), അർജുൻ റാം മേഘ്‌വാൾ (ബിക്കാനീർ). 

ഇന്ത്യാസഖ്യം: നകുൽനാഥ് (ചിന്ത്‌വാഡ), ഗൗരവ് ഗൊഗോയ് (ജോർഹട്ട്), കാർത്തി ചിദംബരം (ശിവഗംഗ), കനിമൊഴി (തൂത്തുകുടി), രാഹുൽ കസ്വാൻ (ചുരു), ദയാനിധി മാരൻ (ചെന്നൈ സെൻട്രൽ), മറ്റുള്ളവർ: ചന്ദ്രശേഖർ ആസാദ് (നഗീന).

English Summary:

First phase of loksabha elections 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com