വോട്ടിങ് യന്ത്രത്തെക്കുറിച്ചുള്ള എല്ലാ ആശങ്കകളും ഒഴിവാക്കണം: തിര.കമ്മിഷനോട് സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി∙ വോട്ടിങ് യന്ത്രത്തെക്കുറിച്ചുള്ള എല്ലാ ആശങ്കകളും ഒഴിവാക്കണമെന്നും ആഗ്രഹിക്കുന്നതു നടക്കുന്നില്ലെന്ന തോന്നൽ വോട്ടർമാരിൽ സൃഷ്ടിക്കരുതെന്നും തിരഞ്ഞെടുപ്പു കമ്മിഷനോടു സുപ്രീം കോടതി നിർദേശിച്ചു. വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ (വോട്ടർ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ) പൂർണമായി പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ വിധി പറയാൻ മാറ്റിക്കൊണ്ടാണ് ബെഞ്ചിലംഗമായിരുന്ന ജസ്റ്റിസ് ദീപാങ്കർ ദത്തയുടെ നിരീക്ഷണം.
ഇവിഎമ്മിന്റെ പ്രവർത്തനവും സുരക്ഷയും സംബന്ധിച്ചു തിരഞ്ഞെടുപ്പു കമ്മിഷൻ ഉദ്യോഗസ്ഥരിൽ നിന്നു വിവരങ്ങൾ തേടിയ കോടതി, തിരഞ്ഞെടുപ്പിനു പവിത്രത വേണമെന്നും വ്യക്തമാക്കി.
അതേസമയം, എല്ലാറ്റിനെയും വിമർശിക്കുകയും സംശയിക്കുകയും ചെയ്യരുതെന്ന് ഹർജിക്കാരോടു കോടതി പറഞ്ഞു. കമ്മിഷൻ നല്ലതു ചെയ്തിട്ടുണ്ടെങ്കിൽ അഭിനന്ദിക്കണമെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.
വോട്ടെടുപ്പിനായി 17 ലക്ഷത്തോളം വിവിപാറ്റ് മെഷീനുകളുണ്ടെന്നു കമ്മിഷൻ സുപ്രീം കോടതിയെ അറിയിച്ചു. അവയെ കംപ്യൂട്ടറുമായി ബന്ധിപ്പിച്ചിട്ടില്ല. വിവിപാറ്റിൽ സോഫ്‍റ്റ്‍വെയർ ഇല്ല. പ്രിന്ററിന്റെ സ്വഭാവമുള്ളൊരു മെഷീൻ മാത്രമാണത്. ഓരോ മണ്ഡലത്തിലേക്കും പോകുന്ന മെഷീൻ ഏതെന്ന കാര്യമോ ഓരോ പാർട്ടിക്കും ലഭിക്കുന്ന ബട്ടൺ ഏതായിരിക്കുമെന്നോ നിർമാതാവിന് അറിയില്ലെന്നും കമ്മിഷൻ വിശദീകരിച്ചു.
∙ പൊരുത്തക്കേടില്ലെന്ന് കമ്മിഷൻ
ബാലറ്റുകളിലേക്കുള്ള തിരിച്ചുപോകുന്നത് അധഃപതനമായിരിക്കുമെന്ന് കമ്മിഷൻ അഭിഭാഷകൻ മനീന്ദർ സിങ് വ്യക്തമാക്കി. ഇവിഎമ്മുകൾ ക്രമക്കേടുകൾക്ക് അതീതമാണ്. ബാലറ്റ് എണ്ണിത്തിട്ടപ്പെടുത്തുമ്പോൾ പിഴവു സംഭവിക്കാം. അതിനാൽ മനുഷ്യപങ്കാളിത്തം കുറച്ചുള്ളതാണ് ഇവിഎം. വിവിപാറ്റ് സ്ലിപ്പുകൾ എണ്ണിത്തിട്ടപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ല. ബാങ്ക് എടിഎമ്മുകളിൽ നിന്നു ലഭിക്കുന്നതിനു സമാനമായ ചെറിയ സ്ലിപ്പാണത്.
സുപ്രീം കോടതി നിർദേശപ്രകാരം ഏതെങ്കിലും 5 മെഷിനുകളിലേതാണ് നിലവിൽ എണ്ണുന്നത്. അതിനു മാത്രം 5 മണിക്കൂർ എടുക്കും. വിവിപാറ്റ് സ്ലിപ്പുകളും ഇവിഎം വോട്ടുകളും തമ്മിൽ ഇതുവരെ പൊരുത്തക്കേട് ഉണ്ടായിട്ടില്ല.
∙ വിവിപാറ്റ് എണ്ണണമെന്ന് ഹർജിക്കാർ
വോട്ടു ചെയ്യുന്ന ഉടൻ വിവിപാറ്റിലേക്ക് മുറിഞ്ഞുവീഴുന്ന സ്ലിപ് ഓരോ വോട്ടർക്കും കാണാനാകുംവിധം (നിലവിൽ 7 സെക്കൻഡ് നേരം മാത്രം) ലൈറ്റ് ക്രമീകരിക്കണമെന്ന ആവശ്യം ഹർജിക്കാരുടെ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ഉന്നയിച്ചു. വിവിപാറ്റ് സ്ലിപ് പുറത്തെടുത്ത് ബാലറ്റ് ബോക്സിലേക്ക് ഇടാൻ വോട്ടറെ അനുവദിക്കണമെന്ന് മറ്റൊരു ഹർജിക്കാരനു വേണ്ടി നിസാം പാഷ ആവശ്യപ്പെട്ടു.
വിവിപാറ്റുകൾ കണക്കെടുപ്പിനുള്ളതാണെന്നും കണക്ക് ഒത്തുനോക്കാൻ സമയമെടുക്കുമെങ്കിലും വിവിപാറ്റ് പൂർണമായി എണ്ണണമെന്ന് സഞ്ജയ് ഹെഗ്ഡെ ആവശ്യപ്പെട്ടു.