കാടിളക്കി ഭൂപേഷ് കക്കാ; ഭൂപേഷ് ബാഗേലിന് 4 മാസത്തിനിടെ രണ്ടാം പോരാട്ടം
Mail This Article
ഛത്തീസ്ഗഡിന്റെ തലസ്ഥാനമായ റായ്പുരിൽനിന്ന് 150ൽ ഏറെ കിലോമീറ്റർ അകലെയാണ് ചോഭർ എന്ന ഗ്രാമം. കുറച്ചുകൂടി സഞ്ചരിച്ചാൽ മധ്യപ്രദേശ് അതിർത്തിയായി. രാജനന്ദ്ഗാവ് മണ്ഡലത്തിലെ സ്ഥാനാർഥിയും കോൺഗ്രസിന്റെ 'ഫയർ ബ്രാൻഡ്' മുഖ്യമന്ത്രിയുമായിരുന്ന ഭൂപേഷ് ബാഗേലിന്റെ പ്രചാരണം ഇവിടെയാണ്. ഛത്തീസ്ഗഡിലെ ഇടുക്കിയാണിത്. പൊള്ളിക്കരിയുന്ന ചൂടാണെന്ന വ്യത്യാസം മാത്രം. സിംഹവാലൻ കുരങ്ങ് മുതൽ പുലി വരെയുള്ള മോഗാവ് വനത്തിലെ ഹെയർപിൻ വളവുകൾ താണ്ടി വേണം ചോഭറിലെത്താൻ.
ബാഗേലെത്താൻ 2 മണിക്കൂർ വൈകിയിട്ടും ആളുകൾ മണ്ണിൽ കുത്തിയിരിക്കുകയാണ്. സ്റ്റേജിൽ 3 നിരയിൽ കസേര. ആദ്യനിരയിൽ പ്രാദേശിക നേതാക്കൾ. ബാക്കി കസേരകളിലും സ്റ്റേജിന്റെ നിലത്തുമായി നിറയെ സാധാരണക്കാർ. ബാഗേലിനായി ഇട്ടിരിക്കുന്ന കസേരയ്ക്കു ചുവട്ടിൽ വരെ ആളിരിപ്പുണ്ട്. 'ഭൂപേഷ് കക്കാ'യെന്നാണു നാട്ടുകാർ സ്നേഹത്തോടെ ബാഗേലിനെ വിളിക്കുന്നത്. മിക്ക ബോർഡുകളിലും പേരിതുതന്നെ. ബാഗേൽ എത്തുന്നതിനു മുൻപു തന്നെ തോക്കുമായി കമാൻഡോകൾ നിലയുറപ്പിച്ചു.
'സെഡ്' കാറ്റഗറി സുരക്ഷയിൽ, 7 വണ്ടികളുടെ അകമ്പടിയോടെ ടൊയോട്ട ലാൻഡ് ക്രൂസറിൽ ബാഗേൽ പാഞ്ഞെത്തി. ‘ഭാരത്‌മാതാ കീ ജയ്’ വിളിച്ചാണു പ്രസംഗത്തിന്റെ തുടക്കം. ഒടുവിൽ ‘ടൈഗർ സിൻദാ ഹെ’ എന്ന സിനിമയെ അനുകരിച്ച് പഞ്ച് ഡയലോഗ്–'കക്കാ...അഭി സിൻദാ ഹെ'!. ആളുകൾ ആവേശത്തിൽ ഇളകിമറിഞ്ഞു.
ഇറങ്ങാറായപ്പോൾ ബാഗേലിന്റെ സുരക്ഷാ ഉദ്യോഗസ്ഥനെ പരിചയപ്പെട്ടു. ഈ സ്ഥലം മാവോയിസ്റ്റ് പ്രശ്നമുള്ളതാണെന്ന് അറിയാമായിരുന്നോ എന്നു ചോദ്യം. ഞങ്ങളുടെ ആശങ്ക കണ്ടിട്ട് അദ്ദേഹം പറഞ്ഞു, 'പേടിക്കേണ്ട, കാര്യമായി കുറഞ്ഞിട്ടുണ്ട്. എങ്കിലും എപ്പോഴാണു പ്രശ്നമുണ്ടാകുന്നത് ആർക്കാണു പറയാനാവുക. അതിനാണ് ഇത്രയും സുരക്ഷ'.
ബാഗേലിനെ സംബന്ധിച്ചു 4 മാസത്തിനിടെ രണ്ടാമത്തെ തിരഞ്ഞെടുപ്പാണിത്. രാജ്നന്ദ്ഗാവിനു സമീപമുള്ള ദുർഗ് ലോക്സഭാ മണ്ഡലത്തിൽപ്പെട്ട പടാനിലെ എംഎൽഎയാണ് അദ്ദേഹം. 4 മാസം മാസം മുൻപു നടന്ന ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തോൽവി നേരിട്ട കോൺഗ്രസിന് ഇത്തവണ അദ്ഭുതം സൃഷ്ടിക്കുക എളുപ്പമല്ല.
11 സീറ്റിൽ നിലവിൽ 9 ഉം ബിജെപിക്കാണ്. ഇതിൽ 6 ലും വോട്ടുവിഹിതം 50 ശതമാനത്തിനു മുകളിൽ, രാജനന്ദ്ഗാവിലടക്കം. ബിജെപി സിറ്റിങ് എംപി സന്തോഷ് പാണ്ഡെയാണ് ബാഗേലിന്റെ എതിരാളി. 1.15 ലക്ഷമായിരുന്നു കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം.
ഛത്തീസ്ഗഡുകാർ തെറ്റ് തിരുത്തും: ബാഗേൽ
Q ഛത്തീസ്ഗഡിൽ കോൺഗ്രസിന്റെ പ്രതീക്ഷ?
aഏഴു സീറ്റുവരെ സീറ്റ് കിട്ടിയേക്കും. കോൺഗ്രസിന് അനുകൂലമായ വികാരമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് എല്ലാവരും വിശ്വസിച്ചിരുന്നത്. അതു സംഭവിക്കാഞ്ഞതിൽ സാധാരണക്കാർക്കു വലിയ നിരാശയുണ്ട്. അവർ തെറ്റു തിരുത്തും.
Q താങ്കൾക്കെതിരെയുള്ള മഹാദേവ് ആപ് വിവാദം ബിജെപി പൊടിതട്ടിയെടുത്തല്ലോ.
aമഹാദേവ് ആപ്പിനെതിരെ 72 എഫ്ഐആറും 450 അറസ്റ്റും നടത്തിയ ഒരേയൊരു സംസ്ഥാനം ഛത്തീസ്ഗഡ് ആണ്. ആപ്പിനെതിരെ നടപടിയെടുത്ത എനിക്കെതിരെ ഇപ്പോഴത്തെ ബിജെപി സർക്കാർ എഫ്ഐആർ ഇട്ടു. അതിനർഥം ബിജെപിയാണ് ഇവർക്കു സംരക്ഷണ നൽകുന്നത് എന്നാണ്. ആപ് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. എന്താ വിലക്കാത്തത്?