പുരി പിടിക്കാനെത്തി മുംബൈ പൊലീസ്!; മുൻ മുംബൈ പൊലീസ് കമ്മിഷണർ ബിജെഡി സ്ഥാനാർഥി
Mail This Article
ബിജെപിക്ക് അയോധ്യ പോലെയാണോ ബിജെഡിക്ക് പുരി ?ചോദിച്ചത് പുരിയിലെ ബിജെഡി സ്ഥാനാർഥി അരൂപ് പട്‌നായിക്കിനോടു തന്നെ. മുംബൈ അധോലോകത്തെ വിറപ്പിച്ചിരുന്ന പഴയ ഐപിഎസുകാരൻ ഒന്നു സടകുടഞ്ഞെന്നു തോന്നി. താനിപ്പോൾ സ്ഥാനാർഥിയാണല്ലോ എന്ന ഓർമയിൽ പിന്നെയടങ്ങി. ‘ഏയ് അല്ല. ബിജെപി അയോധ്യയെയും രാംമന്ദിറിനെയും രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുണ്ടാകും. പക്ഷേ, ഒഡീഷയ്ക്ക് പുരിയും ജഗന്നാഥ ക്ഷേത്രവും എത്രയോ കാലങ്ങളായുള്ള ഹൃദയവികാരമാണ്’.
അയോധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്ക് 5 ദിവസം മുൻപാണ് പുരി ജഗന്നാഥ ക്ഷേത്രത്തിൽ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് ‘ശ്രീമന്ദിർ പരിക്രമ’ എന്ന 800 കോടി രൂപയുടെ ഹെറിറ്റേജ് കോറിഡോർ പദ്ധതി ഉദ്ഘാടനം ചെയ്തത്. ലക്ഷ്യം ബിജെപിയുടെ തേരോട്ടം ചെറുക്കുക തന്നെ.
ക്ഷേത്രനഗരമായ പുരി നിലനിർത്താൻ ബിജെഡി കളത്തിൽ ഇറക്കിയതാണ് മുൻ മുംബൈ പൊലീസ് കമ്മിഷണർ അരൂപ് പട്‌നായിക്കിനെ. 1993 ലെ മുംബൈ കലാപം, ഹർഷദ് മേത്ത ഓഹരി കുംഭകോണം എന്നിവ അന്വേഷിച്ച സംഘങ്ങളുടെ തലപ്പത്തുണ്ടായിരുന്നു അരൂപ്. ‘ആൻ-മെൻ അറ്റ് വർക്’ (2004) എന്ന സിനിമയിലെ ഹരി ഓം പട്നായിക് എന്ന അക്ഷയ്കുമാർ കഥാപാത്രം അരൂപിന്റെ തനിപ്പകർപ്പാണ്. അനുരാഗ് കശ്യപിന്റെ ‘ബ്ലാക്ക് ഫ്രൈഡേ’യിലും അരൂപിൽനിന്നു പ്രചോദനമുൾക്കൊണ്ട കഥാപാത്രമുണ്ട്.
കഴിഞ്ഞതവണ ഭുവനേശ്വറിൽനിന്നു പാർലമെന്റിലേക്കു മത്സരിച്ച അദ്ദേഹം കുറഞ്ഞ വോട്ടുകൾക്കാണു തോറ്റത്. നാലു തവണ പുരിയിൽ ജയിച്ച പിനാകി മിശ്രയെ മാറ്റി അരൂപിനെ ഇവിടേക്കു കൊണ്ടുവന്നത് നവീൻ പട്‌നായിക്കിന് അദ്ദേഹത്തിലുള്ള വിശ്വാസത്തിന്റെ തെളിവാണ്. എതിരാളിയും ചില്ലറക്കാരനല്ല. ബിജെപി തീപ്പൊരി വക്താവ് സംബിത് പത്ര. ഭുവനേശ്വറിലെ ബാപ്പുജി നഗറിലുള്ള മോ പരിവാർ ഓഫിസിൽ വച്ചാണ് അരൂപ് പട്‌നായിക്കിനെ കണ്ടത്.
Q കഴിഞ്ഞ തോൽവിയിൽനിന്ന് എന്തു പഠിച്ചു?
Aജനങ്ങളോട് കുറച്ചുകൂടി നന്നായി ഇടപഴകാൻ പഠിച്ചു. പൊലീസ് കുപ്പായത്തിലാകുമ്പോൾ ആജ്ഞാശക്തിയും അതിവേഗ ആക്ഷനും വേണ്ടിവരും. പക്ഷേ ഇപ്പോൾ വേണ്ടത് അവരെ കേൾക്കാനും മനസ്സിലാക്കാനുമുള്ള ക്ഷമയാണ്.
‘പെഹ്‌ലെ ആക്ഷൻ, ബാദ് മേം സെക്ഷൻ’ (ആദ്യം ആക്ഷൻ, പിന്നെ മതി നിയമം) എന്ന് പണ്ടു നിരന്തരം പ്രഖ്യാപിച്ചിരുന്ന പൊലീസുകാരന്റെ ഭാവമാറ്റം വാക്കുകളിൽ വ്യക്തം. മേയ് 25നാണ് പുരിയിൽ വോട്ടെടുപ്പ്.