സൈബർ തട്ടിപ്പ്: കേന്ദ്രം കടുപ്പിക്കുന്നു; 11,000 മൊബൈൽ നമ്പറുകൾക്ക് എതിരെ നടപടിക്ക് നിർദേശം
Mail This Article
ന്യൂഡൽഹി ∙ സൈബർ തട്ടിപ്പുമായി ബന്ധം സംശയിക്കുന്ന 11,000 മൊബൈൽ നമ്പറുകൾക്കെതിരെ നടപടിയെടുക്കാൻ കമ്പനികൾക്കു കേന്ദ്ര ടെലികോം വകുപ്പ് നിർദേശം നൽകി. ഈ മൊബൈൽ നമ്പറുകളുടെ കെവൈസി (തിരിച്ചറിയൽ) പരിശോധന വീണ്ടും നടത്താനും അതു പറ്റിയില്ലെങ്കിൽ സിം ബ്ലോക്ക് ചെയ്യാനുമാണു നിർദേശം. സിം ബ്ലോക്കായാൽ ഇവ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകളുടെ ഐഎംഇഐ നമ്പറും വിലക്കും. ചുരുക്കത്തിൽ സിം ഉണ്ടായിരുന്ന ഫോണുകളും ഉപയോഗിക്കാൻ കഴിയാതെ വരും.
സൈബർ തട്ടിപ്പു ശ്രമങ്ങൾ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങൾക്കായി മാർച്ചിൽ ‘ചക്ഷു’ പോർട്ടൽ ആരംഭിച്ചിരുന്നു. ഇതിൽ ഇരുപതിനായിരത്തിലേറെ റിപ്പോർട്ടുകളാണ് എത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് 11,000 നമ്പറുകൾക്കെതിരെ നടപടിയെടുക്കുന്നത്. യഥാർഥ കമ്പനികളുടെ എസ്എംഎസ് ഹെഡർ (ഉദാ: JX-IRCTCi) ഉപയോഗിച്ചു തട്ടിപ്പു നടത്തിയതിന് നാൽപതോളം ബൾക്ക് എസ്എംഎസ് സേവനകമ്പനികളെ വിലക്കുപട്ടികയിൽപെടുത്താനും നിർദേശിച്ചിട്ടുണ്ട്.
കുറിയർ കമ്പനികളുടെ പേരിലുള്ള തട്ടിപ്പാണ് ‘ചക്ഷു’വിൽ ഏറ്റവുമധികം റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് ടെലികോം വകുപ്പ് വൃത്തങ്ങൾ പറഞ്ഞു. ലഹരിമരുന്ന് അടക്കമുള്ള അനധികൃതവസ്തുക്കൾ ഇരയുടെ പേരിൽ കുറിയറായി എത്തിയെന്നു പറഞ്ഞാണു തട്ടിപ്പുകാർ സമീപിക്കുക. പൊലീസ് കേസ് വരുമെന്നു ഭീഷണിപ്പെടുത്തുന്ന സംഘം ഇരയിൽനിന്നു പണം ആവശ്യപ്പെടും.
ചക്ഷുവിൽ റിപ്പോർട്ട് ചെയ്യാൻ
ഫോണിലും വാട്സാപ്പിലും വരുന്ന തട്ടിപ്പു കോളുകളും മെസേജുകളും ‘ചക്ഷു’ പ്ലാറ്റ്ഫോമിലൂടെ കേന്ദ്രത്തെ അറിയിക്കാം. sancharsaathi.gov.in/sfc
സൈബർ തട്ടിപ്പിലൂടെ പണവും മറ്റും നഷ്ടമായാൽ cybercrime.gov.in പോർട്ടലിലോ 1930 എന്ന ടോൾഫ്രീ നമ്പറിലോ പരാതിപ്പെടണം.