മഹാരാഷ്ട്ര: ഇന്ത്യാമുന്നണിക്ക് എതിരെ സിപിഎം സ്ഥാനാർഥി
Mail This Article
മുംബൈ ∙ മഹാരാഷ്ട്രയിൽ കോൺഗ്രസ്–എൻസിപി (ശരദ് പവാർ)–ശിവസേന (ഉദ്ധവ് താക്കറെ) സഖ്യത്തിന്റെ ഭാഗമായ സിപിഎം നാസിക്കിലെ ദിൻഡോരിയിൽ മുന്നണി സ്ഥാനാർഥിക്കെതിരെ മത്സരിക്കുന്നു. എൻസിപി ശരദ് പവാർ വിഭാഗത്തിലെ ഭാസ്കർ ഭഗാരെയ്ക്കെതിരെ സിപിഎം മത്സരിച്ചാൽ പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കുന്നത് ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ ഭാരതി പവാറിന് അനുകൂല സാഹചര്യമൊരുക്കും. സീറ്റ് വിട്ടുതരണമെന്ന് ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ പവാർ വിഭാഗം സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെയാണ് സ്വന്തം സ്ഥാനാർഥിയെ നിർത്താൻ തീരുമാനിച്ചതെന്ന് സിപിഎം മഹാരാഷ്ട്ര സെക്രട്ടറി ഉദയ് നാർകർ പറയുന്നു.
എന്നാൽ, സിപിഎം മത്സരത്തിൽ നിന്നു പിൻമാറുമെന്നാണു കരുതുന്നതെന്ന് എൻസിപി അറിയിച്ചു.കഴിഞ്ഞതവണ ഭാരതി പവാർ 5.67 ലക്ഷം വോട്ട് നേടിയാണ് ഇവിടെ വിജയിച്ചത്. 1.09 ലക്ഷം വോട്ടുകൾ നേടി സിപിഎം സ്ഥാനാർഥി ജെപി ഗാവിത് മൂന്നാമതെത്തി. 7 തവണ എംഎൽഎയായിരുന്ന ഗാവിത് കർഷകനേതാവു കൂടിയാണ്.