മോദി x രാഹുൽ നേർക്കുനേർ
Mail This Article
ന്യൂഡൽഹി ∙ മതത്തിന്റെ പേരിൽ സംവരണം നടപ്പാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂനപക്ഷങ്ങൾക്ക് അനുകൂലമായി കോൺഗ്രസ് സ്വീകരിച്ച നിലപാടുകളെ വീണ്ടും ആക്രമിച്ച പ്രധാനമന്ത്രി, സംവരണ തത്വങ്ങൾ പാർട്ടി അട്ടിമറിക്കുകയാണെന്നും ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ വിദ്വേഷ പ്രസംഗങ്ങളിൽ പ്രതിഷേധമുയർന്നിട്ടും ആരോപണങ്ങൾ കടുപ്പിക്കുകയാണു മോദി.
ഇതേസമയം, ജാതി സെൻസസിനെ ഒരു ശക്തിക്കും തടയാനാവില്ലെന്നും ദേശഭക്തരെന്നു സ്വയം വിളിക്കുന്നവർക്കു ജാതിക്കണക്കിനെ ഭയമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസ് അധികാരത്തിലേറിയാൽ മുസ്‌ലിംകൾക്കു സ്വത്തു വീതിച്ചു നൽകുമെന്ന ആരോപണമുന്നയിച്ച പ്രധാനമന്ത്രിയെ ഉന്നമിട്ട രാഹുൽ, ജാതി സെൻസസിൽനിന്നു പാർട്ടി പിന്നോട്ടില്ലെന്നു തീർത്തുപറഞ്ഞു.
ഇന്നലെ ഛത്തീസ്ഗഡിലെ അബിംകാപുർ, മധ്യപ്രദേശിലെ സാഗർ എന്നിവിടങ്ങളിൽ നടന്ന തിരഞ്ഞെടുപ്പു പ്രചാരണ റാലികളിൽ മോദി പറഞ്ഞത്:
‘‘കോൺഗ്രസ് മതത്തിന്റെ അടിസ്ഥാനത്തിൽ 15 % സംവരണം നൽകി. പട്ടികജാതി– വർഗ വിഭാഗങ്ങളുടെയും മറ്റു പിന്നാക്ക വിഭാഗക്കാരുടെയും സംവരണം മറ്റുള്ളവരുടേതിനെക്കാൾ കുറച്ചു. ദലിത്, ആദിവാസി വിഭാഗങ്ങളുടെ സംവരണം കുറയ്ക്കേണ്ടി വന്നാൽ കുറയ്ക്കുമെന്നു പറഞ്ഞു. കുറച്ചു വർഷങ്ങൾക്കു മുൻപ് കർണാടകയിൽ കോൺഗ്രസ് മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകി. അവിടെ ഭരണഘടനാ വിരുദ്ധമായും അംബേദ്കറുടെ നിർദേശങ്ങൾക്കെതിരായും നൽകിയ ഈ സംവരണം ബിജെപി സർക്കാർ വന്നപ്പോൾ ഇല്ലാതാക്കി.
ദലിതർക്കും ആദിവാസികൾക്കും അവരുടെ അവകാശം തിരിച്ചു നൽകി. പക്ഷേ, കർണാടകയിൽ കോൺഗ്രസ് വീണ്ടും വന്നപ്പോൾ മുസ്‌ലിം സമുദായത്തിൽ എത്ര വിഭാഗങ്ങളുണ്ടോ അവർക്കെല്ലാം ഒബിസി സംവരണം നൽകി. ഇതു രാജ്യത്തെ മറ്റ് ഒബിസി വിഭാഗങ്ങളെ പ്രതികൂലമായി ബാധിച്ചു. അതിലൂടെ രാജ്യത്തിന്റെ മതനിരപേക്ഷതയെ അപകടത്തിലാക്കി. കർണാടകയിൽ നടപ്പാക്കിയ മാതൃക കോൺഗ്രസ് രാജ്യം മുഴുവൻ നടപ്പാക്കാൻ ആഗ്രഹിക്കുന്നു. ഭരണഘടനാ വിരുദ്ധമായി എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളുടെ അവകാശങ്ങൾ തങ്ങളുടെ വോട്ടുബാങ്കിനു മറിച്ചു നൽകാൻ ശ്രമിക്കുന്നു.’’
ദലിത്, ഒബിസി, ഗോത്ര സംഘടനകളുടെ നേതൃത്വത്തിൽ ഡൽഹിയിൽ സംഘടിപ്പിച്ച സാമാജിക് ന്യായ് സമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞത്:
‘‘കോൺഗ്രസ് പ്രകടനപത്രികയിലെ വിപ്ലവകരമായ വാഗ്ദാനങ്ങൾ കണ്ട് മോദി ഭയന്നിരിക്കുകയാണ്. ഞങ്ങളുടെ സർക്കാർ അധികാരത്തിലേറിയാലുടൻ ജാതി സെൻസസ് നടത്തും. ജാതിയിൽ എനിക്കു താൽപര്യമില്ല. എന്നാൽ, രാജ്യത്തെ ജനസംഖ്യയിലെ 90% പേർക്കും ന്യായമുറപ്പാക്കുക എന്നത് എന്റെ ജീവിതലക്ഷ്യമാണ്. ജാതിക്കണക്കുകൾ കണ്ടെത്താനുള്ള എക്സ് റേ പരിശോധനയാണ് സെൻസസ്.
മോദിയുടെ ഭരണത്തിനു കീഴിൽ സൃഷ്ടിക്കപ്പെട്ട സാമ്പത്തിക അസമത്വത്തിനെതിരെയാണ് ഞങ്ങൾ സംസാരിക്കുന്നത്. ഏതാനും ബിസിനസുകാർക്ക് 16 ലക്ഷം കോടി രൂപ മോദി കൈമാറി. ജനങ്ങളുടെ വേദനയകറ്റാൻ ഉപയോഗിക്കേണ്ടിയിരുന്ന പണം അദാനിയെ പോലുള്ളവർക്കു വേണ്ടി ചെലവഴിച്ചു. ഈ കുറ്റത്തിനു രാജ്യം മോദിയോടു ക്ഷമിക്കില്ല. ഈ സ്ഥിതിയിൽ മാറ്റം വരും. ഓരോ ഇന്ത്യക്കാരന്റെയും പുരോഗതിക്കുള്ള സർക്കാരിനെ ഇനി കോൺഗ്രസ് നയിക്കും’’.
ജനങ്ങൾക്കു വേണ്ടി പോരാടുന്നവർ ഗൗരവക്കാരല്ലേ: രാഹുൽ ഗാന്ധി
ന്യൂഡൽഹി ∙ വിഷയങ്ങളെ താൻ ഗൗരവമായി കൈകാര്യം ചെയ്യുന്നില്ലെന്നു ചില മാധ്യമങ്ങൾ ആക്ഷേപിക്കുന്നതിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘തൊഴിലുറപ്പ് പദ്ധതി, ഭൂമിയേറ്റെടുക്കൽ നിയമം തുടങ്ങിയവയ്ക്കായി പോരാടുന്നവർ മാധ്യമങ്ങൾക്കു ഗൗരവക്കാരല്ല. അമിതാഭ് ബച്ചൻ, ഐശ്വര്യ റായ്, വിരാട് കോലി എന്നിവരെക്കുറിച്ചു സംസാരിക്കുന്നവരാണ് അവരെ സംബന്ധിച്ച് ഗൗരവക്കാർ’– യുപിഎ കാലത്തു തൊഴിലുറപ്പ് അടക്കമുള്ള വിവിധ പദ്ധതികൾ നടപ്പാക്കാൻ മുൻകയ്യെടുത്തത് പരാമർശിച്ച് രാഹുൽ പറഞ്ഞു.
പാരമ്പര്യ സ്വത്തിൽ നികുതി; കോൺഗ്രസിനെതിരെ മോദി
ന്യൂഡൽഹി ∙ പാരമ്പര്യ സ്വത്തിനുമേൽ നികുതി ചുമത്തുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് സാം പിത്രോദ നടത്തിയ പരാമർശത്തിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏറ്റവും ഉയർന്ന നികുതി ഏർപ്പെടുത്തി സ്വന്തം പണപ്പെട്ടി നിറയ്ക്കലാണു കോൺഗ്രസിന്റെ ലക്ഷ്യമെന്ന് ഛത്തിസ്ഗഡിലെ അംബികാപുരയിലെ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
കഷ്ടപ്പെട്ടു സമ്പാദിച്ച സ്വത്ത് മക്കൾക്കു കൈമാറാൻ ജനങ്ങളെ കോൺഗ്രസ് അനുവദിക്കുന്നില്ല. ഇടത്തരക്കാർക്കു മേൽ കൂടുതൽ നികുതി ഏർപ്പെടുത്തണമെന്നു രാജകുമാരന്റെയും രാജകുടുംബത്തിന്റെയും ഉപദേശകൻ കുറച്ചുകാലം മുൻപു പറഞ്ഞിരുന്നു– സാം പിത്രോദയെ സൂചിപ്പിച്ചു മോദി പറഞ്ഞു. കോൺഗ്രസ് പറയുന്നു, നിങ്ങൾ കഠിനാധ്വാനത്തിലൂടെ സ്വരുക്കൂട്ടുന്ന സ്വത്ത് നിങ്ങളുടെ മക്കൾക്കു ലഭിക്കില്ല. കോൺഗ്രസിനു ഒരു മന്ത്രമേയുള്ളൂ, ജീവിച്ചിരിക്കുമ്പോഴും മരിച്ച ശേഷവും ആളുകളെ കൊള്ളയടിക്കുക – മോദി പരിഹസിച്ചു.