ഷേക്ക് ഹാൻഡ് തർക്കം: സ്കൂട്ടറിൽ കാർ ഇടിപ്പിച്ച സംഭവത്തിൽ ഒരു മരണം കൂടി
Mail This Article
കോയമ്പത്തൂർ ∙ ഷേക്ക് ഹാൻഡ് നൽകിയതിനെത്തുടർന്നുണ്ടായ തർക്കത്തിന്റെ ഭാഗമായി ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചവരെ കാറിടിപ്പിച്ച സംഭവത്തിൽ രണ്ടാമത്തെയാളും മരിച്ചു. പെരിയനായക്കംപാളയം ശിവാനന്ദപുരം വസന്തകുമാർ (25) ആണു ബുധനാഴ്ച കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അപകടത്തിൽ സുഹൃത്ത് ജ്യോതിപുരം സ്വദേശി അരുൾ പാണ്ഡ്യൻ (26) സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു.
കഴിഞ്ഞ 25നു രാത്രി പെരിയനായക്കംപാളയത്തു നിന്ന് ഒരേ സ്കൂട്ടറിലാണ് കോത്തഗിരി വ്യൂ പോയിന്റിലേക്ക് അരുൾ പാണ്ഡ്യൻ, അരുൺ കുമാർ, വസന്തകുമാർ എന്നിവർ കാഴ്ചകാണാനെത്തിയത്. ഇതേസമയം തുടിയല്ലൂരിൽ ഫർണിച്ചർ ഷോറൂം നടത്തിയിരുന്ന ഉത്തരാഖണ്ഡ് സ്വദേശി ഇന്ദ്രസിങ് (48) 5 ജീവനക്കാരുമായി സ്ഥലത്തെത്തിയിരുന്നു.
ഷേക്ക് ഹാൻഡ് നൽകുന്നതിനിടെ ഇന്ദ്രസിങ് അപകടത്തിൽപ്പെട്ട 3 പേരുടെയും കൈകൾ ഞെരിച്ചതാണു പ്രശ്നങ്ങൾക്കു കാരണം. ഇരുപക്ഷത്തുള്ളവരും തമ്മിൽതല്ലിയെങ്കിലും മറ്റുള്ളവർ ഇടപെട്ടു തടഞ്ഞു. പിന്നീട് പുലർച്ചെ 3ന് മൂവരും കോത്തഗിരി മേട്ടുപ്പാളയം വനപാതയിലൂടെ വരികയായിരുന്നു.
രണ്ടാമത്തെ ഹെയർപിൻ വളവിനു സമീപത്തെ സ്പീഡ് ബ്രേക്കറിൽ എത്തിയപ്പോൾ ഇന്ദ്രസിങ് കാർ സ്കൂട്ടറിൽ മനഃപൂർവം ഇടിക്കുകയായിരുന്നു. താഴെവീണ യുവാക്കളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കുകയും ചെയ്തു. അരുൾ പാണ്ഡ്യൻ സംഭവ സ്ഥലത്തുതന്നെ കൊല്ലപ്പെട്ടു.
ഇതുവഴി എത്തിയ മറ്റു യാത്രികർ അറിയിച്ചതനുസരിച്ച് മേട്ടുപ്പാളയം പൊലീസ് സ്ഥലത്ത് എത്തുമ്പോഴേക്കും ഇന്ദ്രസിങ്ങും സംഘവും കാറുമായി കടന്നിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേറ്റ വസന്തകുമാറിനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തുടിയല്ലൂരിൽ തിരിച്ചെത്തിയ പ്രതി ഇന്ദ്രസിങ് വാഹനവുമായി കർണാടകയിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ ധർമപുരിയിൽ വച്ച് പൊലീസിന്റെ പിടിയിലായിരുന്നു. ഇവർ റിമാൻഡിലാണ്.
മരിച്ച അരുൾ പാണ്ഡ്യൻ മരപ്പണിക്കാരനായിരുന്നു. മറ്റു രണ്ടു പേരും ഐടി കമ്പനിയിലെ ജീവനക്കാരാണ്. ഇരുചക്ര വാഹനത്തിൽ അസമയത്ത് 3 പേർ സഞ്ചരിക്കുന്നത് പൊലീസോ, വനപാതയിലൂടെ അപകടകരമായ രീതിയിൽ സഞ്ചരിച്ചത് മേട്ടുപ്പാളയം ഫോറസ്റ്റ് ഉദ്യോഗസ്ഥരോ കണ്ടെത്താത്തത് പ്രതിഷേധത്തിനിടയാക്കി. 4 പൊലീസ് സ്റ്റേഷൻ പരിധി പിന്നിട്ടാണ് ഇവർ കോത്തഗിരിയിൽ എത്തിയത്. ഇരട്ടക്കൊലപാതക കേസിൽ പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാനായി പൊലീസ് കോടതിയിൽ അപേക്ഷ നൽകി.