മാറ്റമില്ലാതെ ദേശീയ ട്രെൻഡ്; രണ്ടാം ഘട്ടത്തിലും പോളിങ്ങിൽ ഇടിവ്
Mail This Article
ന്യൂഡൽഹി ∙ കേരളത്തിലെന്നപോലെ മറ്റു സംസ്ഥാനങ്ങളിലും പോളിങ്ങിൽ ഇടിവ്. ദേശീയ തലത്തിൽ ആദ്യഘട്ട വോട്ടെടുപ്പിൽ 4.4% ആയിരുന്നു ഇടിവെങ്കിൽ ഇന്നലെ രണ്ടാം ഘട്ടത്തിൽ ഏകദേശം 6% ഇടിവുണ്ടെന്നാണ് ആദ്യ കണക്കുകൾ സൂചിപ്പിക്കുന്നത്. ആദ്യഘട്ട പോളിങ്ങിലെ ഇടിവിനെത്തുടർന്നുള്ള പരിഭ്രാന്തിയിലാണ് ബിജെപി വിദ്വേഷപ്രസംഗങ്ങളിലേക്കു തിരിഞ്ഞതെന്നു വിലയിരുത്തലുണ്ടായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു കടുത്ത പ്രസംഗങ്ങൾ നടത്തിയ രാജസ്ഥാനിൽ എന്നിട്ടും ഇന്നലെ പോളിങ് 2019നെ അപേക്ഷിച്ച് 4% കുറഞ്ഞു. ആദ്യഘട്ടത്തിൽ 6.26% ആയിരുന്നു ഇടിവ്. മധ്യപ്രദേശിൽ 9.4%, ബംഗാളിൽ 8.82%, യുപിയിൽ 7.33%, ബിഹാറിൽ 5.19%, അസമിൽ 4.14% മഹാരാഷ്ട്രയിൽ 3.18% എന്നിങ്ങനെയാണ് ഇടിവ്. ഇവയിൽ ബംഗാൾ ഒഴികെയെല്ലാം 2019ൽ ബിജെപി മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനങ്ങളാണ്. കർണാടക, ഛത്തീസ്ഗഡ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലാണ് 2019ലെ അപേക്ഷിച്ച് ഇക്കുറി പോളിങ്ങിൽ കാര്യമായ കുറവില്ലാത്തത്.