‘സംവിധാനത്തെ മുഴുവൻ സംശയനിഴലിൽ നിർത്തരുത്’: വിവിപാറ്റ് സ്ലിപ് ഹർജിയിൽ സുപ്രീംകോടതി
Mail This Article
ന്യൂഡൽഹി ∙ ഒരു സംവിധാനത്തെ മുഴുവൻ സംശയത്തിന്റെ നിഴലിൽ നിർത്താനാകില്ലെന്നും ജനാധിപത്യമെന്നതു എല്ലാവരെയും ഐക്യത്തിലും വിശ്വാസത്തിലും നിലനിർത്താനുള്ളതാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവൻ എണ്ണണം, പേപ്പർ ബാലറ്റ് തിരികെ കൊണ്ടുവരണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ഹർജികൾ തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ നിരീക്ഷണം.
വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും സംസ്കാരം നിലനിർത്താൻ ജനാധിപത്യത്തിന്റെ ശബ്ദം കരുത്തുറ്റതായി മാറണമെന്നും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണു കോടതി ഹർജികളിൽ തീരുമാനമെടുത്തതെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. ഒരു സംവിധാനത്തെയോ സ്ഥാപനത്തെയോ അന്ധമായി അവിശ്വസിക്കുന്നത് അനാവശ്യമായ തെറ്റിദ്ധാരണ പരക്കാൻ ഇടയാക്കുമെന്നു ജസ്റ്റിസ് ദിപാങ്കർ ദത്തയും നിരീക്ഷിച്ചു.
വിവിപാറ്റ് സ്ലിപ്പുകൾ എണ്ണിത്തിട്ടപ്പെടുത്തുന്നതിനു പകരം മെഷീനുകൾ ഉപയോഗിക്കാമെന്ന നിർദേശവും വിവിപാറ്റിലെ പാർട്ടി ചിഹ്നങ്ങൾക്കൊപ്പം ബാർകോഡ് ഉപയോഗിക്കണമെന്ന നിർദേശവും തിരഞ്ഞെടുപ്പു കമ്മിഷൻ പരിഗണിക്കണമെന്നു കോടതി നിർദേശിച്ചിട്ടുണ്ട്.
5% ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ മൈക്രോ കൺട്രോളർ യൂണിറ്റ് പരിശോധിക്കാൻ രണ്ടാമതും മൂന്നാമതുമെത്തുന്ന സ്ഥാനാർഥികൾക്ക് അവസരം നൽകുന്നതു സംബന്ധിച്ച നടപടിക്രമം കോടതി നിർദേശിച്ചത് ഇങ്ങനെ: അപേക്ഷ ലഭിച്ചു കഴിഞ്ഞാൽ വോട്ടിങ് മെഷീൻ നിർമാണ കമ്പനിയിലെ എൻജിനീയർമാർ പരിശോധന നടത്തണം. ഏതു പോളിങ് ബൂത്തിലെ ഏതു സീരിയൽ നമ്പർ വോട്ടിങ് യന്ത്രത്തിൽ പരിശോധന നടത്തണമെന്നതു സ്ഥാനാർഥിക്കു തീരുമാനിക്കാം.
പരിശോധനാ സമയത്തു സ്ഥാനാർഥിയും പ്രതിനിധിയും സ്ഥലത്തുണ്ടാകണം. പരിശോധനയ്ക്കു ശേഷം ജില്ലാ തിരഞ്ഞെടുപ്പു ഓഫിസർ ഇതിന്റെ കൃത്യത ഉറപ്പാക്കണം. പരിശോധനയുടെ ചെലവ് സ്ഥാനാർഥികൾ വഹിക്കണം. എന്നാൽ വോട്ടിങ് യന്ത്രത്തിൽ ക്രമക്കേടു കണ്ടെത്തിയാൽ ഈ തുക കമ്മിഷൻ തിരികെ നൽകണമെന്നും കോടതി പറഞ്ഞു.
വിവിപാറ്റ് വിഷയത്തിൽ സുപ്രീം കോടതി പറഞ്ഞത്
ന്യൂഡൽഹി∙ ഇവിഎമ്മുകളിൽ കൃത്രിമം നടത്താനും മാറ്റം വരുത്താനും സാധിക്കുമെന്ന ഹർജിക്കാരുടെ വാദം അടിസ്ഥാനമില്ലാത്തതാണെന്നു കോടതി വ്യക്തമാക്കി. ഒരവകാശം ലംഘിക്കപ്പെടുമെന്ന സംശയത്തിന്റെ മാത്രം അടിസ്ഥാനത്തിലാണു ഹർജിയെങ്കിൽ റിട്ട് ഹർജി പരിഗണിക്കേണ്ടതില്ലെന്നു ജസ്റ്റിസ് ദിപാങ്കർ ദത്ത പറഞ്ഞു.
വോട്ടിങ് യന്ത്രത്തിന്റെയും പോളിങ് നടപടികളുടെയും രഹസ്യാത്മകത ഉറപ്പാക്കാനുള്ള മുൻകരുതലുകൾ തിരഞ്ഞെടുപ്പു കമ്മിഷൻ സ്വീകരിച്ചിട്ടുണ്ടെന്നും വിധിന്യായത്തിൽ പറയുന്നു. 4 കോടിയോളം വിവിപാറ്റ് സ്ലിപ്പുകൾ പല ഘട്ടങ്ങളിലായി എണ്ണി. ഒരിക്കൽപോലും പൊരുത്തക്കേട് കണ്ടെത്താൻ സാധിച്ചില്ല. ഒരിക്കൽ മോക് പോൾ നടന്ന ഘട്ടത്തിൽ മാത്രമാണ് ഇത്തരമൊരു പിഴവു കണ്ടത്. വോട്ടെണ്ണൽ പ്രക്രിയ യന്ത്രം കൂടുതൽ എളുപ്പത്തിലാക്കിയെന്നും വിലയിരുത്തി.