വിവിപാറ്റ് മുഴുവൻ എണ്ണേണ്ട: സുപ്രീം കോടതി; ബാലറ്റ് പേപ്പറിലേക്കു മടങ്ങണമെന്ന ആവശ്യവും തള്ളി
Mail This Article
ന്യൂഡൽഹി ∙ വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ (വോട്ടർ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രെയ്ൽ) മുഴുവൻ എണ്ണണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി തള്ളി. പേപ്പർ ബാലറ്റ് തിരികെ കൊണ്ടുവരണമെന്ന ആവശ്യവും ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് നിരാകരിച്ചു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടത്താൻ സാധിക്കുമെന്ന സംശയങ്ങൾ അടിസ്ഥാനരഹിതമാണെന്നും ബാലറ്റ് പേപ്പർ സംവിധാനത്തിലേക്കു മടങ്ങിയാൽ വർഷങ്ങൾ കൊണ്ടു നടപ്പാക്കിയ പരിഷ്കാരങ്ങൾ പഴയ പടിയാകുമെന്നും നിരീക്ഷിച്ചാണ് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിങ് ദിനത്തിലെ വിധി.
ഒരേ നിലപാടു സ്വീകരിച്ച ജഡ്ജിമാർ വെവ്വേറെ വിധി ന്യായങ്ങളാണ് എഴുതിയത്. ഹർജികളിൽ തിരഞ്ഞെടുപ്പു കമ്മിഷനിൽനിന്നു സുപ്രീം കോടതി സാങ്കേതിക വിശദീകരണം തേടിയിരുന്നു. പേപ്പർ ബാലറ്റിലേക്കു മടങ്ങുക, വിവിപാറ്റ് സ്ലിപ്പുകൾ മുഴുവൻ എണ്ണുക, വിവിപാറ്റ് സ്ലിപ്പുകൾ വോട്ടർമാർക്ക് എടുക്കാനും അവ ബാലറ്റ് ബോക്സിൽ നിക്ഷേപിക്കാനും അനുവദിക്കുക എന്നീ 3 ആവശ്യങ്ങളും തള്ളിയ സുപ്രീം കോടതി തിരഞ്ഞെടുപ്പു കമ്മിഷനു ചില നിർദേശങ്ങൾ നൽകുകയും ചെയ്തു.
ഫലപ്രഖ്യാപനത്തിനു ശേഷം 5% വോട്ടിങ് മെഷീനുകളിലെ മൈക്രോ കൺട്രോളർ യൂണിറ്റ് പരിശോധിക്കാൻ തിരഞ്ഞെടുപ്പിൽ 2,3 സ്ഥാനത്തെത്തുന്ന സ്ഥാനാർഥികൾക്ക് അവസരം നൽകണമെന്നാണ് ഒരു നിർദേശം. ഒരു പാർലമെന്റ് മണ്ഡലത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഇത്തരത്തിൽ പരിശോധന നടത്താം. ഫലപ്രഖ്യാപനത്തിനു ശേഷം 7 ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. വോട്ടിങ് മെഷീനിൽ ചിഹ്നം ലോഡ് ചെയ്യൽ പൂർത്തിയായ ശേഷം സിംബൽ ലോഡിങ് യൂണിറ്റ് സീൽ ചെയ്തു സൂക്ഷിക്കണമെന്നും നിർദേശിച്ചു.