ADVERTISEMENT

ന്യൂഡൽഹി ∙ സംവരണവുമായി ബന്ധപ്പെട്ടു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വ്യാജ വിഡിയോ പ്രചരിപ്പിച്ചതിന്റെ പേരിൽ തെലങ്കാന മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ രേവന്ത് റെഡ്ഡിക്ക് ഡൽഹി പൊലീസ് സമൻസ് നൽകി. മേയ് ഒന്നിനു ഹാജരാകാനാണു നിർദേശം. തെലങ്കാന കോൺഗ്രസിന്റെ ഔദ്യോഗിക ‘എക്സ്’ പേജിൽ വിഡിയോ പ്രസിദ്ധീകരിച്ചതിന്റെ പേരിലാണ് പിസിസി പ്രസിഡന്റ് എന്ന നിലയിൽ രേവന്തിന് സമൻസ് നൽകിയത്. രേവന്തിനു പുറമേ തെലങ്കാന കോൺഗ്രസ് വക്താവ് അസ്മ തസ്‍ലീം അടക്കം 4 പേർക്കുകൂടി നോട്ടിസ് നൽകിയിട്ടുണ്ട്. 

വിഡിയോ പ്രചരിപ്പിച്ചതിന്റെ പേരിൽ അസം കോൺഗ്രസ് വാർ റൂം കോ ഓർഡിനേറ്റർ റീതം സിങ്ങിനെ ഇന്നലെ സംസ്ഥാന പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് ഇക്കാര്യം അറിയിച്ചത്. 2 മൊബൈൽ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തു. 

ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോ ഓർഡിനേഷൻ സെന്ററിന്റെ (ഐ4സി) പരാതിയിലാണ് ‍ഡൽഹി പൊലീസ് കേസെടുത്തത്. സമുദായങ്ങൾ തമ്മിൽ ശത്രുത വളർത്താൻ വിഡിയോ ഇടയാക്കുമെന്നാണു പരാതിയിലുള്ളത്. ബിജെപിയും പരാതി നൽകിയിട്ടുണ്ട്. വിഡിയോയുടെ വിവരങ്ങൾക്കായി ഡൽഹി പൊലീസ് ‘എക്സി’ന് കത്തയച്ചു. 

ബിജെപി സർക്കാരുണ്ടാക്കുമ്പോൾ, എസ്‍സി, എസ്ടി, ഒബിസി വിഭാഗങ്ങൾക്കുള്ള ‘ഭരണഘടനാവിരുദ്ധമായ സംവരണം’ അവസാനിപ്പിക്കുമെന്ന് അമിത് ഷാ പ്രസംഗിക്കുന്ന തരത്തിലാണു വ്യാജ വിഡിയോ. തെലങ്കാനയിലെ മുസ്‍ലിം സംവരണം എടുത്തുകളയുമെന്ന അദ്ദേഹത്തിന്റെ യഥാർഥ പ്രസംഗമാണ് എഡിറ്റ് ചെയ്ത് ഇത്തരത്തിൽ പ്രചരിപ്പിച്ചത്. ‘ഭരണഘടനാവിരുദ്ധമായ’ മുസ്‍ലിം സംവരണം അവസാനിപ്പിച്ച്, അത് എസ്‍സി, എസ്‍ടി, ഒബിസി വിഭാഗങ്ങൾക്കു നൽകുമെന്നായിരുന്നു അമിത് ഷായുടെ യഥാർഥ പ്രസംഗം. 

English Summary:

Delhi Police Summons to Telangana Chief Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com