മുസ്ലിം സംവരണം: ആരോപണം ആവർത്തിച്ച് മോദി
Mail This Article
ബെംഗളൂരു , മുംബൈ ∙ മതാധിഷ്ഠിത സംവരണം നടപ്പിലാക്കാൻ കോൺഗ്രസ് ആസൂത്രണം നടത്തുകയാണെന്നും താനത് അനുവദിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വോട്ട്ബാങ്ക് ലക്ഷ്യമിട്ട് ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനാണു കോൺഗ്രസ് ശ്രമിക്കുന്നതെന്നും കർണാടകയിലെ ബാഗൽക്കോട്ടിൽ അദ്ദേഹം ആരോപിച്ചു. മതാധിഷ്ഠിത സംവരണം ഭരണഘടന അനുവദിക്കുന്നില്ല. കർണാടകയിൽ ഒബിസി സംവരണപട്ടികയിൽ മുസ്‌ലിംകളെ ഉൾപ്പെടുത്തി ഭരണഘടന മാറ്റിമറിക്കാനാണു കോൺഗ്രസ് ശ്രമം. ഇത് അനുവദിക്കില്ല.
മഹാരാഷ്ട്രയിലെ സത്താറയിലും ഒബിസി സംവരണം മുസ്‌ലിംകൾക്കു നൽകുന്നുവെന്ന ആരോപണം പ്രധാനമന്ത്രി ആവർത്തിച്ചു. അംബേദ്കർ തയാറാക്കിയ ഭരണഘടനയിൽ പറഞ്ഞിരിക്കുന്ന ആനുകൂല്യങ്ങൾ ഇപ്പോൾ ദലിതർക്കും ആദിവാസികൾക്കും ലഭിക്കുന്നുണ്ട്. അതു തുടരുമെന്നും മോദി പറഞ്ഞു. കേരളത്തിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സഹായം തേടിയെന്ന ആരോപണം പുണെയിലെ റാലിയിലും മോദി ആവർത്തിച്ചു.