ലൈംഗിക പീഡന കേസ്: പ്രജ്വൽ ജർമനിയിൽ നിന്ന് എത്തിയാൽ ഉടൻ അറസ്റ്റ്; പിതാവ് എച്ച്.ഡി.രേവണ്ണ എംഎൽഎയെ ഇന്ന് ചോദ്യം ചെയ്യും
Mail This Article
ബെംഗളൂരു∙ ലൈംഗിക പീഡന കേസിൽ പ്രതിയായ ജനതാദൾ (എസ്) എംപിയും സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണ ജർമനിയിൽ നിന്നു മടങ്ങിയാലുടൻ വിമാനത്താവളത്തിൽ നിന്നു തന്നെ അറസ്റ്റ് ചെയ്തേക്കും. എംപിക്കെതിരെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചതോടെയാണിത്. ചോദ്യം ചെയ്യാൻ 24 മണിക്കൂറിനകം ഹാജരാകാനുള്ള നോട്ടിസിനു മറുപടിയായി, അഭിഭാഷകൻ മുഖേന 7 ദിവസം സാവകാശം തേടിയത് തള്ളിയിരുന്നു.
പ്രജ്വൽ 15 ന് മാത്രമേ മടങ്ങാനിടയുള്ളൂ എന്നാണു സൂചന. വീട്ടുജോലിക്കാരിയുടെ പീഡന പരാതിയിൽ അറസ്റ്റ് ഒഴിവാക്കുന്നതിനു മുൻകൂർ ജാമ്യം തേടിയ പ്രജ്വലിന്റെ പിതാവ് എച്ച്.ഡി.രേവണ്ണ എംഎൽഎ ഇന്ന് ചോദ്യം ചെയ്യലിനു ഹാജരായേക്കും. ഒട്ടേറെ സ്ത്രീകളെ പീഡിപ്പിക്കുന്ന വിഡിയോകൾ പുറത്തു വന്നതിനെ തുടർന്ന് ഏപ്രിൽ 26നാണ് പ്രജ്വൽ രാജ്യം വിട്ടത്.
നയതന്ത്ര പാസ്പോർട്ട് ഉള്ളതിനാൽ വീസ ആവശ്യമില്ലെങ്കിലും എംപി എന്ന നിലയിൽ വേണ്ട രാഷ്ട്രീയാനുമതി തേടിയിരുന്നില്ല. ഇക്കാര്യം വിദേശകാര്യ മന്ത്രാലയം അന്വേഷിച്ചു വരികയാണ്. നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. എന്നാൽ, കോടതി നിർദേശിച്ചാലേ റദ്ദാക്കാനാവൂ എന്ന് വിദേശകാര്യ വക്താവ് അറിയിച്ചു.
നൂറുകണക്കിനു സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച പ്രജ്വലിനെ രാജ്യം വിടാൻ സഹായിച്ചതിന് മോദി രാജ്യത്തെ സ്ത്രീകളോടു മാപ്പു പറയണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കുറഞ്ഞത് 400 സ്ത്രീകളെയെങ്കിലും പീഡനത്തിനിരയാക്കിയ എംപിക്കു വേണ്ടി മോദി പ്രചാരണം നടത്തി ചരിത്രം സൃഷ്ടിച്ചെന്നും ശിവമൊഗ്ഗയിൽ തിരഞ്ഞെടുപ്പ് റാലിയിൽ ആരോപിച്ചു.
അതിനിടെ, പ്രജ്വലിനെതിരെയുള്ള വിഡിയോകൾ ചോർത്തിയെന്നു സംശയിക്കപ്പെടുന്ന മുൻ ഡ്രൈവർ കാർത്തിക്കും രാജ്യം വിട്ടതായി സൂചനയുണ്ട്. എസ്ഐടി ഇയാളിൽനിന്ന് തെളിവെടുക്കാനുള്ള നീക്കത്തിലായിരുന്നു. ഇയാൾ മലേഷ്യയിലേക്കു കടന്നതായി ദൾ സംസ്ഥാന പ്രസിഡന്റ് കുമാരസ്വാമി പറഞ്ഞു.