രാഹുൽ ഗാന്ധി റായ്ബറേലിയിൽ?; ഇന്ന് പത്രിക സമർപ്പിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ
Mail This Article
ന്യൂഡൽഹി ∙ നെഹ്റു കുടുംബത്തിന്റെ പരമ്പരാഗത സീറ്റുകളായ അമേഠിയിലും റായ്ബറേലിയിലും നാമനിർദേശപത്രിക നൽകാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെ, രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം ഉറപ്പിച്ചിരിക്കുകയാണ് യുപിയിലെ കോൺഗ്രസ് പ്രവർത്തകർ. ഉച്ചയ്ക്കു പന്ത്രണ്ടോടെ റായ്ബറേലിയിൽ രാഹുൽ പത്രിക നൽകുമെന്നാണു സ്ഥലത്തെ കോൺഗ്രസ് നേതാക്കൾ സൂചിപ്പിക്കുന്നത്. 2004 മുതൽ തുടർച്ചയായി 3 തവണ ജയിച്ച അമേഠിയിൽ തന്നെ രാഹുൽ തുടരണമെന്ന വാദവും കോൺഗ്രസിലുണ്ട്. രണ്ടിടത്തും രാഹുലിന്റെ കൂറ്റൻ ബോർഡുകൾ ഉയർത്തി.
ഇന്നലെ രാത്രി വൈകിയും കോൺഗ്രസിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായില്ല. റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്നു പാർട്ടിയുടെ തിരഞ്ഞെടുപ്പു സ്ക്രീനിങ് സമിതി നിർദേശിച്ചെങ്കിലും പ്രിയങ്ക തയാറല്ലെന്നാണു നേതാക്കൾ സൂചിപ്പിക്കുന്നത്. അമേഠിയിൽ, സോണിയയുടെയും രാഹുലിന്റെയും വിശ്വസ്തനായ കെ.എൽ.ശർമയെ മത്സരിപ്പിക്കാമെന്ന ആലോചനയും പാർട്ടി നടത്തി. റായ്ബറേലിയിലും അമേഠിയിലും ഇരുവരുടെയും പ്രതിനിധിയായി ചുമതലകൾ ഏകോപിപ്പിച്ചിരുന്നത് ശർമയാണ്. അമേഠിയിൽ കേന്ദ്രമന്ത്രിയും സിറ്റിങ് എംപിയുമായ സ്മൃതി ഇറാനിയും റായ്ബറേലിയിൽ യുപി മന്ത്രി ദിനേശ് പ്രതാപ് സിങ്ങുമാണ് ബിജെപി സ്ഥാനാർഥികൾ. മേയ് 20ന് ആണു രണ്ടിടത്തും വോട്ടെടുപ്പ്.