സ്റ്റൈൽ മന്നൻ ഉദയൻ രാജെ,സൗമ്യശീലൻ ഷാഹു രാജാ
Mail This Article
മഹാരാഷ്ട്രയിലെ സത്താറയിലെ ബിജെപി സ്ഥാനാർഥി ഉദയൻരാജെ ഭോസലെയുടെ മാനറിസങ്ങൾ രജനീകാന്ത് കഥാപാത്രങ്ങളെ ഓർമിപ്പിക്കും. തിരഞ്ഞെടുപ്പിനായി പ്രത്യേകം ഡിസൈൻ ചെയ്ത കുർത്തയാണ് വേഷം. ഇടയ്ക്കിടെ കോളർ രണ്ടു കൈകളുംകൊണ്ടു ‘രജനി സ്റ്റൈലിൽ’ ഉയർത്തും. സ്വന്തമായുള്ള 7 വാഹനങ്ങളുടെയും നിറം കറുപ്പ്. ജയിംസ് ബോണ്ടിനെ അനുസ്മരിപ്പിച്ചാണ് അവയുടെ നമ്പർ 007. ഈ കാറുകളുടെ അകമ്പടിയോടെ ചീറിപ്പായുകയാണു സ്ഥാനാർഥി.
-
Also Read
സോണിയയുടെ റായ്ബറേലിയിൽ രാഹുൽ
17–ാം നൂറ്റാണ്ടിലെ മറാഠാ ചക്രവർത്തി ഛത്രപതി ശിവാജിയുടെ 13–ാം പിൻഗാമിയാണ് ഉദയൻരാജെ ഭോസലെ. ജീവിതമെന്നാൽ ആഘോഷമാണ് അദ്ദേഹത്തിന്. ഒപ്പം, സാമൂഹിക സേവനവുമുണ്ട്. തോളിൽ കയ്യിട്ടുനടക്കുന്ന ‘രാജാവ്’. ഏതു പാർട്ടിയിൽ പോയാലും ശിവാജി മഹാരാജിനു ജയ് വിളിച്ചു ജനം ഒപ്പമുണ്ടാകുമെന്ന വിശ്വാസമാണ് ഇൗ ഇളമുറക്കാരന്റെ ബലം.
2009, 14, 19 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ സത്താറയിൽ നിന്നുള്ള എൻസിപി എംപിയായിരുന്നു ഉദയൻരാജെ. 2019 ൽ വിജയിച്ച ശേഷം രാജിവച്ച് ബിജെപിയിൽ ചേർന്നു. ഉപതിരഞ്ഞെടുപ്പിൽ എൻസിപിയുടെ ശ്രീനിവാസ് പാട്ടീലിനോട് കനത്ത തോൽവി ഏറ്റുവാങ്ങിയതോടെ രാജാവിന്റെ കാറ്റുപോയി. അതിന്റെ ക്ഷീണം ഇത്തവണ തീർക്കണം.
എൻസിപി ശരദ് പവാർ വിഭാഗത്തിലെ ശശികാന്ത് ഷിൻഡെയാണ് എതിരാളി. മാന്യനായി അറിയപ്പെട്ടിരുന്ന നേതാവെങ്കിലും അഴിമതിക്കേസിൽ കഴിഞ്ഞയാഴ്ച മഹാരാഷ്ട്ര പൊലീസ് പ്രതിചേർത്തു. തോൽവി ഭയന്നുള്ള ബിജെപിയുടെ വേട്ടയാണിതെന്നും പ്രതികാര രാഷ്ട്രീയം ജനം തള്ളുമെന്നും ശശികാന്ത് പറഞ്ഞു.
ഷാഹു, കോലാപുർ രാജാ
സത്താറയിൽ നിന്ന് 120 കിലോമീറ്റർ അകലെയാണ് കോലാപുർ. പേരുകേട്ട കോലാപ്പുരി ചെരുപ്പുകളുടെ നാട്. ഇവിടെ ശിവാജിയുടെ 12–ാമത്തെ പിൻഗാമി ഷാഹു മഹാരാജാണ് കോൺഗ്രസ് സ്ഥാനാർഥി. മഹാരാഷ്ട്രയിലുടനീളം ആദരവോടെ ജനം കാണുന്ന മുഖം. മിതഭാഷി, സാമൂഹിക പ്രവർത്തനങ്ങളിൽ സജീവം. ഉദയൻരാജെയിൽ നിന്നു തീർത്തും വ്യത്യസ്തൻ (ഇരുവരും വ്യത്യസ്ത വംശപരമ്പരയിലുള്ളവർ.)
സജീവരാഷ്ട്രീയത്തിൽ ഇല്ലെങ്കിലും കോൺഗ്രസ് പാർട്ടി ടിക്കറ്റ് വാഗ്ദാനം ചെയ്തപ്പോൾ സ്വീകരിച്ചു.‘രാജഭരണം അവസാനിപ്പിച്ച് ജനാധിപത്യം സ്വീകരിച്ച രാജ്യം വീണ്ടും ഏകാധിപത്യത്തിലേക്കു നീങ്ങുകയാണ്. ജനാധിപത്യം അപകടത്തിലായിരിക്കെ, അതു സംരക്ഷിക്കാനുളള പോരാട്ടത്തിനാണ് ഞാൻ ഇറങ്ങിയിരിക്കുന്നത്. രാജപാരമ്പര്യത്തിൽ നിന്നൊരാൾ അതിനു മുന്നിട്ടിറങ്ങുന്നതു വലിയ സന്ദേശമാണ്’– ഷാഹു മഹാരാജ് പറഞ്ഞു.
നൂറിലധികം മുറികളുള്ള കോലാപുർ കൊട്ടാരത്തിലെ മുകൾനിലയിലാണ് ഷാഹു മഹാരാജും കുടുംബവും താമസിക്കുന്നത്. രാവിലെ മുതൽ പ്രവർത്തകരുടെ ഒഴുക്കാണ്. പാർട്ടിവ്യത്യാസമില്ലാതെ ജനം ആദരിക്കുന്ന ആളാണന്നതിനാൽ കോൺഗ്രസ് വിജയം ഉറപ്പിച്ച മണ്ഡലമാണു കോലാപുർ. ശിവസേനാ ഷിൻഡെ വിഭാഗത്തിലെ സിറ്റിങ് എംപി സഞ്ജയ് മാണ്ഡലിക്കാണ് എതിരാളി. പ്രകാശ് അംബേദ്കർ, അസദുദ്ദീൻ ഉവൈസി എന്നിവരുടെ പാർട്ടികളടക്കം ഷാഹു മഹാരാജിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു.
∙ഷാഹു മഹാരാജ്: 65,000 ചതുരശ്രയടി വരുന്ന കോലാപുർ കൊട്ടാരമടക്കം ആകെ 343 കോടി രൂപയുടെ സ്വത്ത്. 496 ഏക്കർ ഭൂമി. ഐടിസി, നെരോലാക്, എൽ ആൻഡ് ടി കമ്പനികളിലായി 95 കോടി രൂപയുടെ നിക്ഷേപം. 1936, 1962 മോഡലുകളിലുള്ള വിന്റേജ് മെഴ്സിഡീസ് ബെൻസ് കാറുകൾ. മറ്റ് 2 മെഴ്സിഡീസ് കാറുകളടക്കം 7 വാഹനങ്ങൾ.
∙ഉദയൻരാജെ: എൻജിനീയറിങ് ബിരുദധാരി. 26 കോടി രൂപയുടെ ആഭരണങ്ങളടക്കം ആകെ 226 കോടി രൂപയുടെ സ്വത്ത്. സത്താറയിൽ ജൽ മന്ദിർ എന്ന കൊട്ടാരം. 2 മെഴ്സിഡീസ് ബെൻസ് കാറുകൾ, ഒരു ഒൗഡി അടക്കം 7 വാഹനങ്ങൾ.