ADVERTISEMENT

ന്യൂഡൽഹി ∙ കർണാടകയിൽ എൻഡിഎ സ്ഥാനാർഥി പ്രജ്വൽ രേവണ്ണയ്ക്കതിരെ ഉയർന്ന ലൈംഗികാപവാദത്തിനു പിന്നാലെ ബംഗാൾ ഗവർണർക്കെതിരെയും പീഡന പരാതി ഉയർന്നതോടെ ബിജെപി പ്രതിരോധത്തിൽ. നേതാക്കൾ പ്രതികരിക്കാതെയും അവഗണിച്ചും തലയൂരാൻ ശ്രമിക്കുന്നുണ്ടെങ്കിലും പ്രതിപക്ഷം ഇതു വിഷയമാക്കി.

ഗുസ്തി താരങ്ങളെ പീഡിപ്പിച്ചെന്ന പരാതിയിൽ ആരോപണവിധേയനായ സിറ്റിങ് എംപി ബ്രിജ്ഭൂഷൺ ശരൺസിങ്ങിനു സീറ്റ് നൽകിയില്ലെങ്കിലും പകരം മകനെ മത്സരിപ്പിക്കാനുള്ള തീരുമാനവും വിവാദമായി. പ്രജ്വലിനെതിരെ അനേകം പരാതികളുയർന്ന കാര്യം പ്രാദേശിക ബിജെപി നേതൃത്വം മുൻപുതന്നെ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നിട്ടും പ്രജ്വലിനു വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിനെത്തുകയും വേദി പങ്കിടുകയും ചെയ്തു.

ബംഗാളിൽ സന്ദേശ്ഖാലിയിലെ സ്ത്രീപീഡന വിഷയമുയർത്തിയാണു ബിജെപി പ്രചാരണം നടത്തുന്നത്. ഇതിനിടയിലാണ് ബംഗാൾ ഗവർണർ സി.വി.ആനന്ദബോസിനെതിരെ രാജ്ഭവനിലെ താൽക്കാലിക ജീവനക്കാരി പരാതി നൽകിയത്. ഇതു രാഷ്ട്രീയ തന്ത്രമാണെന്നും അഴിമതിക്കെതിരെ പ്രതികരിച്ചതിനുള്ള പ്രതികാരമാണെന്നുമാണ് ഗവർണറുടെ മറുപടി. 

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തന്നെ ഈ വിഷയം ഇന്നലെ പ്രചാരണയോഗങ്ങളിലുയർത്തി. ഗവർണർക്കെതിരെ ആരോപണമുയർന്ന അന്നു തന്നെ പ്രധാനമന്ത്രി രാജ്ഭവനിൽ അതിഥിയായി എത്തിയിരുന്നുവെന്നും മോദി മിണ്ടുന്നില്ലെന്നും മമത കുറ്റപ്പെടുത്തി.

∙ "പ്രജ്വൽ രേവണ്ണ, അദ്ദേഹത്തിന്റെ പിതാവ്, ബ്രിജ്ഭൂഷൺ ശരൺസിങ് എന്നിവർക്കു പിന്നാലെ ബംഗാൾ ഗവർണർക്കെതിരെയും ആരോപണമുയർന്നതോടെ ‘നാരീശക്തി’യെക്കുറിച്ചു ബിജെപി മിണ്ടുന്നില്ല." - സാകേത് ഗോഖലെ തൃണമൂൽ കോൺഗ്രസ് എംപി

English Summary:

Sexual harassment complaint filed against Bengal Governor CV Ananda Bose

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com