ADVERTISEMENT

ബെംഗളൂരു∙ കർണാടകയിൽ 14 ലോക്സഭാ മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ് നടക്കാനിരിക്കെ, പ്രജ്വൽ രേവണ്ണ എംപിക്കെതിരായ ലൈംഗിക പീഡനക്കേസ് ബിജെപി–ജനതാദൾ സഖ്യത്തെ ഉലയ്ക്കുന്നു. പ്രജ്വലിനെതിരെ ബിജെപി നേതൃത്വം പരസ്യനിലപാടെടുക്കുകയും ദളിനുള്ളിലും ഭിന്നത ഉടലെടുക്കുകയും ചെയ്തതോടെ സാഹചര്യം സങ്കീർണമായി. 14 സീറ്റിലും ബിജെപി സ്ഥാനാർഥികളാണ് മത്സരരംഗത്ത്. 

വിഷയം പ്രചാരണരംഗത്ത് ചർ‌ച്ചയാകാതിരിക്കാൻ ബിജെപി നേതാക്കൾ പരമാവധി ശ്രമിച്ചെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവരെ കോൺഗ്രസ് കടന്നാക്രമിച്ചതോടെ ചിത്രം മാറി. പ്രജ്വൽ തിരഞ്ഞെടുപ്പിൽ ജയിച്ചാലും അയോഗ്യനാക്കാൻ ആവശ്യപ്പെടുമെന്നും അതിന്റെ നിയമസാധുത പരിശോധിക്കുമെന്നും ബിജെപിയുടെ നിയമസഭാകക്ഷി നേതാവ് ആർ.അശോകയ്ക്കു പറയേണ്ടിവന്നു. പ്രജ്വലിന്റെ പിതാവും ദൾ എംഎൽഎയുമായ രേവണ്ണയുടെ അറസ്റ്റിനെ സ്വാഗതം ചെയ്ത അശോക, ദളുമായി സഖ്യം തുടരുന്നതിനെക്കുറിച്ച് തിരഞ്ഞെടുപ്പിനുശേഷം അന്തിമതീരുമാനമെടുക്കുമെന്നും പ്രഖ്യാപിച്ചു.

ജൂൺ 3ന് നിയമനിർമാണ കൗൺസിലിലെ 6 സീറ്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിലും സഖ്യം തുടരാനായിരുന്നു മുൻധാരണ. ഇനി ഇതുണ്ടാകുമോയെന്ന് വ്യക്തമല്ല. സഖ്യം തകർന്നാൽ ദളിന്റെ നിലനിൽപ് പരുങ്ങലിലാകും. വിവാദത്തിനു പിന്നാലെ ചേർന്ന ദൾ നിർവാഹകസമിതി യോഗത്തിൽ മുതിർന്ന നേതാവ് ജി.ടി.ദേവെഗൗഡ ഉൾപ്പെടെയുള്ള എംഎൽഎമാർ കടുത്ത നിലപാടാണ് സ്വീകരിച്ചത്. തുടർന്നാണ് പ്രജ്വലിനെ പുറത്താക്കാൻ മുത്തച്ഛനും ദേശീയ അധ്യക്ഷനുമായ എച്ച്.ഡി.ദേവെഗൗഡ നിർബന്ധിതനായത്.

വിവാദം ഗൗഡ കുടുംബത്തിന് വൊക്കലിഗ സമുദായത്തിനുമേലുള്ള സ്വാധീനത്തെ ബാധിക്കുമെന്ന ആശങ്കയും ദളിന്റെ 19 എംഎൽഎമാരിൽ ഭൂരിപക്ഷത്തിനുമുണ്ട്. ഇവരെല്ലാം വൊക്കലിഗ സ്വാധീനകേന്ദ്രമായ പഴയ മൈസൂരു മേഖലയിൽ നിന്നുള്ളവരാണ്. ചിലരെങ്കിലും പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാറിന്റെ സ്വാധീനത്തിൽ കോൺഗ്രസിലേക്കു ചേക്കേറാൻ ഇടയുണ്ട്. 12 ദൾ എംഎൽഎമാർ കോൺഗ്രസിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചെന്ന വ്യവസായമന്ത്രി എം.ബി. പാട്ടീലിന്റെ പ്രസ്താവന ശിവകുമാർ തള്ളിയെങ്കിലും സാധ്യത നിലനിൽക്കുന്നതായാണ് ദൾ നേതാക്കൾ തന്നെ നൽകുന്ന സൂചന. 

English Summary:

BJP worried over Prajwal Revanna sexual harassment case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com