കള്ളവോട്ട് ‘ലൈവ്’; വൻ വിവാദം, ബിജെപി പ്രവർത്തകൻ പിടിയിൽ
Mail This Article
അഹമ്മദാബാദ്∙ ഗുജറാത്തിൽ ബിജെപി പ്രവർത്തകൻ ബൂത്ത് ‘കസ്റ്റഡിയിലെടുത്ത്’ കള്ളവോട്ട് ചെയ്യുകയും ദൃശ്യങ്ങൾ തത്സമയം പുറത്തുവിടുകയും ചെയ്തത് വൻ വിവാദമായി. ദഹോദ് ലോക്സഭാ മണ്ഡലത്തിലാണ് കഴിഞ്ഞദിവസം നടന്ന വോട്ടെടുപ്പിനിടെ വിജയ് ഭാബ്ഹോർ എന്നയാൾ കള്ളവോട്ട് ചെയ്യുന്നതിന്റെ 5 മിനിറ്റ് നീളുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. സംഭവത്തിൽ ഇയാളെയും കൂട്ടാളിയായ മാഗൻ ദാമോർ എന്നയാളെയും പിടികൂടിയതായി പൊലീസ് അറിയിച്ചു. പ്രാദേശിക ബിജെപി നേതാവിന്റെ മകനാണ് വിജയ് എന്ന് കോൺഗ്രസ് ആരോപിച്ചു.
മഹിസാഗർ ജില്ലയിലെ പർത്താംപുരിലെ 220–ാം നമ്പർ ബൂത്തിൽ നിന്നാണ് വൈകിട്ട് 5.49 മുതൽ 5.54 വരെ വിജയ് ‘നേരിട്ടുള്ള സംപ്രേഷണം’ നടത്തിയത്. വോട്ടിങ് യന്ത്രം കയ്യിലെടുത്ത് പ്രദർശിപ്പിക്കുകയും ‘ഇതെല്ലാം എന്റെ അച്ഛന്റെ വകയാണെന്ന്’ അവകാശപ്പെടുകയും ചെയ്തു. 2 പേരുടെ വോട്ടാണ് ഈ സമയം ചെയ്തത്.
പോളിങ് ഉദ്യോഗസ്ഥൻ പുറത്തുപോകാൻ ആവശ്യപ്പെട്ടെങ്കിലും സമയം ചോദിച്ചുവാങ്ങുകയായിരുന്നു. ഇവിടെ ബിജെപിക്കാർ മാത്രമേയുള്ളൂവെന്ന് വിജയ് പറയുന്നുമുണ്ട്. ഇവിടെ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് കോൺഗ്രസ് വക്താവ് ഡോ. മനോജ് ദോഷി ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുടെ പങ്കാളിത്തം ഉണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.